സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി അന്തരിച്ചു

Imageകോഴിക്കോട്‌: മര്‍കസ്‌ പ്രസിഡന്റും വഖ്ഫ്‌ ബോര്‍ഡ്‌ മുന്‍ ചെയര്‍മാനുമായ സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി (78) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നാല്‌ മണിയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്‌.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട്‌ ആറിന്‌ കുറ്റിച്ചിറ ജിഫ്‌രി മഖാമില്‍ മയ്യിത്ത്‌ ഖബറടക്കി. ജിഫ്‌രീ ഹൗസില്‍ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
സയ്യിദ്‌ ഫള്‍ലുബ്നു മുഹമ്മദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി എന്നാണ്‌ പൂര്‍ണ പേര്‌. 1928 ആഗസ്റ്റ്‌ അഞ്ചിന്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട്‌ മദ്‌റസത്തുല്‍ ജിഫ്‌രിയ്യ, ഗണപത്‌ ഹൈസ്കൂള്‍, മദ്‌റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത്‌ എത്തിയ അദ്ദേഹം വഖ്ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്‌.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ സീനിയര്‍ വൈ. പ്രസിഡന്റ്‌, എസ്‌ വൈ എസ്‌ സുപ്രീം കൗണ്‍സില്‍ അംഗം, മഊനത്തുല്‍ ഇസ്ലാം സഭ, തര്‍ബിയതുല്‍ ഇസ്ലാം സഭ എന്നിവയുടെ വൈസ്‌ പ്രസിഡന്റായും കുറ്റിച്ചിറ മിശ്കാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട്‌ ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട്‌ ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ്‌ കമ്മിറ്റി മെമ്പറായും തൗഫീഖ്‌ പബ്ലിക്കേഷന്‍സിന്റെ വൈസ്‌ പ്രസിഡന്റായും സുന്നത്ത്‌ മാസികയുടെ മാനേജിംഗ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചു.ഖദീജമുല്ല ബീവിയാണ്‌ ഭാര്യ. സയ്യിദ്‌ ഹാശിം ശിഹാബ്‌, സയ്യിദ്‌ ജഅ്ഫര്‍ ശിഹാബ്‌, ശരീഫ ഹഫ്സ, സയ്യിദ്‌ സ്വാലിഹ്‌ ശിഹാബ്‌, സയ്യിദ്‌ അനസ്‌ ശിഹാബ്‌, സയ്യിദ്‌ സിറാജ്‌ ശിഹാബ്‌, സയ്യിദ്‌ നൗഫല്‍ ശിഹാബ്‌, സയ്യിദ്‌ സഹല്‍ ശിഹാബ്‌ എന്നിവര്‍ മക്കളാണ്‌.


മൂന്ന്‌ നൂറ്റാണ്ട്‌ മുമ്പ്‌ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ്‌ വംശത്തിലെ പ്രധാന കണ്ണിയാണ്‌ സയ്യിദ്‌ ഫസല്‍ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രിഹൗസിന്‌ സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണായക സ്വാധീനമുണ്ട്‌. 1978ല്‍ മര്‍കസ്‌ സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട്‌ വൈസ്‌ പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമായി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.


ജിഫ്‌രി ഹൗസില്‍ നടന്ന മയ്യിത്ത്‌ നിസ്കാരത്തിനു ശേഷം മിസ്കാല്‍ പള്ളിയില്‍ മൂന്ന്‌ തവണയും തുടര്‍ന്ന്‌ ജിഫ്‌രീ മഖാം പള്ളിയില്‍ 12 തവണയും മയ്യിത്ത്‌ നിസ്കാരം നടന്നു. സയ്യിദലി ബാഫഖി തങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട്‌ അബ്ദുര്‍ റഹ്മാന്‍ സഖാഫി, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേന്ദ്രമന്ത്രി ഇ അഹമ്മദ്‌, മുസ്ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ്‌ എം പി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ്‌ വൈലത്തൂര്‍ യൂസുഫ്‌ കോയതങ്ങള്‍ ബുഖാരി, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, കലക്ടര്‍ ഡോ. പി ബി സലീം, എം എല്‍ എമാരായ കെ വി അബ്ദുല്‍ ഖാദിര്‍, അഡ്വ. എം ഉമ്മര്‍, എ പ്രദീപ്‌ കുമാര്‍, പി വി ചന്ദ്രന്‍, പി വി ഗംഗാധരന്‍, ഡോ. എം കെ മുനീര്‍, ഡി സി സി പ്രസിഡന്റ്‌ കെ സി അബു, അഡ്വ. എം വീരാന്‍കുട്ടി, എം ടി പത്മ, കെ രാമചന്ദ്രന്‍, റഷീദലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ഹമീദലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്‌ , ടി കെ പരീക്കുട്ടി ഹാജി, വി പി അലവിക്കുട്ടി ഹാജി, എന്‍ അലി അബ്ദുല്ല, മുന്‍ എം എല്‍ എമാരായ സി മോയിന്‍കുട്ടി, സി പി കുഞ്ഞു തുടങ്ങിയവര്‍ പരേതന്റെ വസതിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls