|
വില്ലി ഗാര്‍ഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി |
|
തളിപ്പറമ്പ്: വ്യാഴാഴ്ച ബാംഗളൂരില്‍ അന്തരിച്ച ദീനസേവന സഭയുടെ മുന്‍ മദര്‍ ജനറല്‍ വില്ലി ഗാര്‍ഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബാംഗളൂരില്‍ നിന്നും ദീനസേവന സഭാ ആസ്ഥാനത്ത് എത്തിച്ച് ആശ്രമ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ജനങ്ങളുടെ വന്‍ പ്രവാഹമാണ് അനുഭവപ്പെട്ടത്.
ഇന്നു ഉച്ചയോടെ ദീനസേവന സഭാ ആശ്രമ ചാപ്പലിനു സമീപം തയാറാക്കിയ പ്രത്യേക കല്ലറയില്‍ മദറിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10-ന് കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ച സംസ്കാര ശുശ്രൂഷകളില്‍ കോഴിക്കോട് ബിഷപ് ഡോ. ജോസഫ് കളത്തില്‍പറമ്പില്‍, ഭദ്രാവതി രൂപതാ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, ഫാ. എല്‍.എം സുക്കോള്‍ എസ്്ജെ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറോളം വൈദികരും ആയിരത്തോളം കന്യാസ്ത്രീകളും സംസ്കാര ചടങ്ങിനെത്തിയിരുന്നു. ഇന്നു രാവിലെ മുതല്‍ ജനങ്ങളുടെ വന്‍ പ്രവാഹമാണ് പട്ടുവത്തെ ദീനസേവന സഭ ആസ്ഥാനത്തേക്കുണ്ടായത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനടക്കം നിരവധി പ്രമുഖരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ബര്‍ത്തലോമിയയും ബാംഗളൂരില്‍ നിന്നു ഭൗതിക ശരീരത്തോടൊപ്പം എത്തിയിരുന്നു. മദറിന്റെ ആഗ്രഹ പ്രകാരം പട്ടുവം ദീനസേവന സഭയിലെ അനാഥ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ അടക്കം ചെയ്യുന്ന മാവിന്‍ ചുവട്ടിലാണ് പ്രത്യേക കല്ലറ തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14-ന് മദര്‍ പട്ടുവത്ത് എത്തിയപ്പോള്‍ പ്രകടിപ്പിച്ച ആഗ്രഹ പ്രകാരമാണ് കല്ലറ തയാറാക്കിയത്. |