ഇനി ഹര്‍ത്താല്‍ വേണോ?

ഹര്‍ത്താലിന്റെ തലേദിവസം ഹര്‍ത്താല്‍ ആഘോഷിക്കാന്‍ ചിക്കനും മത്സ്യവും വാങ്ങിവെച്ചു. മാത്രമല്ല പുതിയ സിനിമയുടെ സി.ഡിയും വാങ്ങി സന്ധ്യയ്ക്ക്‌ തിരിച്ചുവരുമ്പോള്‍ വീടിന്റെ അടുത്തുള്ള സ്ഥലത്ത്‌ വീടുപണിയാന്‍ വേണ്ടി വാങ്ങിക്കൂട്ടിയ മെറ്റലിന്റെ അടുത്ത്‌ കുനിഞ്ഞ്‌ ആരോ നില്‍ക്കുന്നതുകണ്ടു.

ചെറിയ വെട്ടത്ത്‌ എന്താ കാര്യമെന്ന്‌ അന്വേഷിച്ചപ്പോള്‍ പതുങ്ങിനിന്ന അവന്‍ ഉള്ളുതുറന്ന്‌ പറഞ്ഞു. നാളത്തെ ആവശ്യത്തിലേക്കാണ്‌. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ നേര്‍ക്ക്‌ ഉപയോഗിക്കാനാണെന്ന്‌ മനസ്സിലായി.
ഹര്‍ത്താല്‍ ദിവസം സാധാരണ ജനങ്ങള്‍ കല്യാണം കഴിക്കരുത്‌. രോഗികള്‍ രോഗത്തിന്‌ അവധി കൊടുക്കണം, മരിക്കുവാന്‍ പോകുന്നവര്‍ അന്ന്‌ മരിക്കരുത്‌. കാരണം മരണവീട്ടിലേക്ക്‌ പോകുന്ന വാഹനങ്ങള്‍ തടയും, കല്ലെറിയും അതാണ്‌ നേതാവ്‌ പറഞ്ഞുതന്നത്‌. അവര്‍ ആഹ്വാനം ചെയ്യും, അനുയായികള്‍ അത്‌ നടപ്പിലാക്കും. ജനങ്ങള്‍ ഭയന്ന്‌ എവിടെയും പോകാതെ വീട്ടിലിരിക്കണം. അങ്ങനെ ഹര്‍ത്താല്‍ വിജയിക്കുകയും ചെയ്യും. പാര്‍ട്ടി നേതാക്കള്‍ക്ക്‌ എവിടെയും പോകാം, കല്യാണത്തിന്‌ പങ്കെടുക്കാം, പൊലീസ്‌ സംരക്ഷണത്തോടെ എല്ലാകാര്യവും ചെയ്യാം.


ഈ ഹര്‍ത്താല്‍ ദിവസം കഷ്ടകാലത്തിന്‌ ഭയങ്കര മഴയും വൈദ്യുതിയും കൂടെ പങ്കെടുത്തു. എവിടെയോ മരം മുറിഞ്ഞ്‌ വൈദ്യുതി തടസ്സപ്പെട്ടതിനാണത്‌. ഇത്തവണ പുതിയ സമരാഹ്വാനവും വന്നു, തീവണ്ടിയാത്ര തടയുക എന്നതുതന്നെ. അതും വിജയിച്ചു. ഇനി ബോട്ട്‌ സര്‍വീസ്‌, കപ്പല്‍ യാത്ര, വിമാനസര്‍വീസ്‌ എന്നിവ തടഞ്ഞ്‌ ഹര്‍ത്താലിന്‌ നൂറുശതമാനം മാര്‍ക്ക്‌ വാങ്ങണം. രോഗം മൂര്‍ച്ഛിച്ച്‌ ആതുരാലയത്തില്‍ പോകാന്‍ പറ്റാതെ മരിക്കുക, പ്രസവവേദനയാല്‍ വഴിയില്‍ പ്രസവിക്കുന്ന ഗതികേടുണ്ടാവുക, പരീക്ഷ എഴുതാന്‍ പറ്റാതെവരിക, ഇന്റര്‍വ്യൂവിന്‌ എത്തിപെടാതെ വരിക, വിദേശത്ത്‌ ജോലിക്കുപോകാന്‍ വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ വരിക, ഇതൊക്കെ ഈ ഹര്‍ത്താല്‍ ദിവസം സംഭവിക്കാറുണ്ട്‌.

 

മാത്രമല്ല രാജ്യത്ത്‌ പല ദിക്കിലും വാഹനങ്ങളും ഷോപ്പുകളും കേടുവരുത്തുകയും ദേഹോപദ്രവം വരെ ഉണ്ടാക്കുകയും ചെയ്യാറുണ്ട്‌.
അന്ന്‌ വൈദ്യുതിത്തകരാറ്‌ ശരിയാക്കാന്‍ ഹര്‍ത്താല്‍ മൂലം ജോലിക്കാരുണ്ടായിരുന്നില്ല. രണ്ടുദിവസം ജനങ്ങള്‍ ബുദ്ധിമുട്ട്‌ സഹിച്ചു. ഫ്രിഡ്ജില്‍ വെച്ചിരുന്ന എല്ലാം ചീത്തയായി. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടിയോടൊപ്പം പ്രകൃതിയും കൂട്ടുനിന്നു.ഹര്‍ത്താല്‍ കൊണ്ട്‌ പല ഗുണങ്ങളുമുണ്ട്‌. നടന്നുപോകേണ്ടുന്നയിടങ്ങളില്‍ ഗതാഗതക്കുരുക്കില്ലാതെ, അപകടങ്ങളുണ്ടാകുമെന്ന്‌ പേടിക്കാതെ പോകാം. വാഹനങ്ങള്‍ ഓടിക്കാത്തതിനാല്‍ കാര്‍ബണ്‍ കലര്‍ന്ന വിഷപ്പുക ഉണ്ടാകില്ല, വ്യവസായങ്ങള്‍ക്ക്‌ അവധിയായതിനാല്‍ അവിടുന്ന്‌ ഉത്ഭവിക്കുന്ന മലിനീകരണത്തില്‍നിന്ന്‌ ഒരുദിവസമെങ്കിലും മുക്തിനേടാം.

 

ഹോട്ടലില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും വരുന്ന മലിനജലംഅന്ന്‌ ഉണ്ടായിരിക്കുകയില്ല. കുടുംബാംഗങ്ങളും സ്നേഹിതന്‍മാരും ഒത്തുകൂടുന്ന ഒരു സുദിനമായിരിക്കുമത്‌. കറന്റ്‌ ഉണ്ടെങ്കില്‍ ടി.വി പരിപാടിയും സിനിമയും കാണാം. സന്തോഷിക്കാം. ബീച്ച്‌, പുഴ എന്നിവ അടുത്തുള്ളവര്‍ക്ക്‌ കാറ്റുകൊള്ളുകയും ഇളംവെയില്‍ കായുകയും ചെയ്ത്‌ സന്തോഷിക്കാം. നീന്തല്‍ അറിയാമെങ്കില്‍ കടലില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യാം.
ഇത്തരത്തില്‍ ചില ഗുണങ്ങളുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ദോഷവശങ്ങളാണ്‌ കൂടുതലും. ഞാന്‍ ആലോചിക്കുകയാണ്‌, ഹര്‍ത്താലിന്റെ ആവശ്യമുണ്ടോ? ഹര്‍ത്താല്‍ കൊണ്ട്‌ എന്തുനേടി, ഹര്‍ത്താല്‍ ഇനി വേണോ.
ഡോ. ടി.കെ. പ്രഭാകരന്‍
മഞ്ചേരി

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls