മലയാളത്തിന്റെ പൊന്‍ അമ്മ

Imageഎം.വി. വിനീത

മാതൃത്വത്തിന്റെ പുഞ്ചിരിക്കുന്ന മുഖവുമായി മലയാളത്തിന്റെ അഭ്രപാളികള്‍ കീഴടക്കിയ കവിയൂര്‍ പൊന്നമ്മ അഭിനയത്തില്‍ അര നൂറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു.


 

1962ല്‍ 17-ാ‍ം വയസ്സില്‍ മലയാള സിനിമയിലെത്തിയ അവര്‍ പിന്നീട്‌ അമ്മ വേഷങ്ങളുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.സത്യന്റെയും മധുവിന്റെയും അമ്മയായി 21-ാ‍ം വയസ്സില്‍ അമ്മ വേഷങ്ങളില്‍ അരങ്ങേറ്റം കുറിച്ച കവിയൂര്‍ പൊന്നമ്മ പിന്നിട്ട അമ്പത്‌ വര്‍ഷങ്ങളില്‍ രചിച്ചത്‌ അമ്മ വേഷങ്ങളുടെ മഹാകാവ്യം തന്നെയായിരുന്നു.
മുണ്ടും നേര്യതുമുടുത്ത്‌ അവര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകര്‍ക്കറിയാം സ്നേഹത്തില്‍ ചാലിച്ച്‌ അവര്‍ ഉരുവിടാന്‍ പോകുന്ന വാക്കുകള്‍. അത്രയേറെ ഈ മനസ്സ്‌ മലയാളി പ്രേക്ഷകരുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.

 

പല ഭാവങ്ങളിലുള്ള അമ്മമാരായി സുകുമാരിയും, കെ.പി.എ.സി ലളിതയും ക്യാമറയ്ക്ക്‌ മുന്‍പിലെത്താറുണ്ടെങ്കിലും കവിയൂര്‍ പൊന്നമ്മയിലെ അമ്മ നമുക്ക്‌ മുമ്പിലെത്തുന്നത്‌; കൈക്കുമ്പിളില്‍ നിറയെ സ്നേഹവുമായാണ്‌. അവരില്‍ നിന്നും വെറുപ്പിന്റെയോ, വിദ്വേഷത്തിന്റെയോ,മാത്സര്യത്തിന്റെയോ ഭാവങ്ങള്‍ നാം പ്രതീക്ഷിക്കേണ്ടതില്ല. അത്രയേറെ വാത്സല്യവും സ്നേഹവും അവരില്‍ അന്തര്‍ലീനമായിരിക്കുന്നു.സ്നേഹം മാത്രം വാരിക്കോരി നല്‍കിയ അമ്മയുടെ അഭിനയജീവിത്തതിന്റെ അരനൂറ്റാണ്ട്‌ ആരാധകരൊത്തു ചേര്‍ന്ന്‌ ആഘോഷിച്ചിരുന്നു. പക്ഷേ സ്നേഹം മാത്രം പകുത്തു നല്‍കിയ അമ്മയെ പലരും മറന്നു. വിരലിലെണ്ണാവുന്ന ഏതാനും ചിലരൊഴികെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരാരും എറണാകുളത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്തില്ല. എന്തുകൊണ്ട്‌ തന്റെ സിനിമയെന്ന കുടുംബത്തിലെ അംഗങ്ങള്‍ വിട്ടുനിന്നു എന്നവര്‍ക്കറിയില്ല.

 

എങ്കിലും ഒന്നുറപ്പ്‌: മലയാളത്തിന്‌ ആയിരം അമ്മ വേഷങ്ങള്‍ നല്‍കിയ ഈ അമ്മയെ മക്കള്‍ സൗകര്യപൂര്‍വ്വം മറന്നു. നല്ല സിനിമയെ മറന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ നല്ല അമ്മയേയും മറന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മലയാള ചലച്ചിത്ര ലോകത്തിന്‌ നഷ്ടമായ മാന്യതയുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്താം. എങ്കിലും പൊറുക്കാനും, സ്നേഹിക്കാനുമുള്ളതാണ്‌ അമ്മ മനസ്സെന്ന്‌ മലയാളികളെ പഠിപ്പിച്ച കവിയൂര്‍ പൊന്നമ്മയ്ക്ക്‌ ആരോടും ദേഷ്യമില്ല. എന്തേ ആരും വരാതിരുന്നത്‌ എന്നും അവര്‍ ചോദിക്കുന്നില്ല. തിരക്കുകള്‍ക്ക്‌ അവധിനല്‍കി അവര്‍ ആലുവ പറവൂര്‍ റോഡിലെ പുറപ്പള്ളിക്കാവ്‌ ക്ഷേത്രത്തിന്‌ സമീപം പെരിയാറിന്റെ തീരത്ത്‌ ശ്രീപീഠം എന്ന സ്വപ്നഗൃഹത്തിലുണ്ട്‌. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മേഘങ്ങളെ സാക്ഷിയാക്കി സിനിമയിലേയ്ക്കുള്ള അപ്രതീക്ഷിത കടന്നുവരവിനെക്കുറിച്ചും 22-ാ‍ം വയസ്സില്‍ തലനരച്ച അമ്മയായതിനെക്കുറിച്ചും, മലയാള ചലച്ചിത്ര ലോകത്തെ ഇന്നത്തെ പ്രവണതകളെക്കുറിച്ചുമെല്ലാം അവര്‍ പറയുന്നു.


ഇത്രയുംകാലം മലയാളിയുടെ സ്നേഹമയിയായ അമ്മ എന്ന പേര്‌ ആര്‍ക്കും വിട്ടുകൊടുക്കാതെ സൂക്ഷിക്കാനായത്‌ എങ്ങനെയാണ്‌ ?
അതെനിക്കറിയില്ല. അമ്പതുവര്‍ഷം എന്നത്‌ എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല. അമ്മ എന്ന റോളില്‍ എനിക്ക്‌ അഭിനയിക്കേണ്ടി വന്നിരുന്നില്ല. മാതൃത്വം എന്നിലുള്ള ഭാവം തന്നെയാണ്‌. കുട്ടിക്കാലത്ത്‌ തന്നെ അസാധാരണമായ പക്വതയുള്ള കുട്ടിയായിരുന്നു ഞാന്‍. മറ്റ്‌ കുട്ടികള്‍ ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു അക്കാലത്ത്‌ ഞാന്‍ ചിന്തിച്ചിരുന്നത്‌. മിതമായി സംസാരിക്കുന്ന ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അതിനു മാത്രം ഉത്തരം പറയുന്ന മിതഭാഷിണി. ചലച്ചിത്രലോകത്തേയ്ക്ക്‌ കടന്നുവരാന്‍ ആഗ്രഹിച്ച ഒരാളായിരുന്നില്ല ഞാന്‍. നാടകവേദിയിലൂടെയാണ്‌ തുടക്കം. തോപ്പില്‍ ഭാസിയുടെ മൂലധനമാണ്‌ ആദ്യത്തെ നാടകം. ഒ. മാധവന്റെ കാളിദാസകലാകേന്ദ്രവുമായി സഹകരിച്ചിരുന്ന കാലഘട്ടത്തിലാണ്‌ അപ്രതീക്ഷിതമായി സിനിമയിലേയ്ക്ക്‌ അവസരം കിട്ടുന്നത്‌.

 

കാളിദാസ കലാകേന്ദ്രത്തില്‍ നൃത്തസംവിധായകനായിരുന്ന തങ്കപ്പന്‍ അതേ സമയം മെറിലാന്റിന്റെ ശ്രീരാമപട്ടാഭിഷേകം എന്ന സിനിമക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹമാണ്‌ മെറിലാന്റ്‌ സുബ്രഹ്മണ്യത്തോട്‌ എന്നെക്കുറിച്ച്‌ പറയുന്നത്‌. ആ സിനിമയില്‍ അപ്രധാനമായ ഒരു വേഷമാണ്‌ ലഭിച്ചത്‌. അപ്പോഴും സിനിമയില്‍ തുടരണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നില്ല. 1965 ല്‍ പുറത്തിറങ്ങിയ കുടുംബിനിയില്‍ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വളരെ പക്വതയോടെ അഭിനയിച്ചു എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. പക്വത എന്നിലുള്ളത്‌ തന്നെയാണ്‌. പിന്നെയും സിനിമകള്‍ ചെയ്തു. 1966ല്‍ 22-ാ‍ം വയസ്സില്‍ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്റെയും മധുവിന്റെയും അമ്മയായിട്ടാണ്‌ എന്റെ തലനരച്ച അമ്മവേഷങ്ങളുടെ തുടക്കം. പിന്നെയും ഒരുപാടൊരുപാട്‌ അമ്മവേഷങ്ങള്‍. എങ്ങനെ അതില്‍ തുടരാനായി എന്നറിയില്ല.


പാട്ടുകാരിയായി വന്ന്‌ നടിയായി. പിന്നെ മലയാളത്തിന്റെ മുഖശ്രീയുള്ള അമ്മയായി. ഈ നിയോഗത്തിന്‌ ആരോടാണ്‌ കടപ്പാട്‌ ?
സംഗീതത്തോടായിരുന്നു ബാല്യം മുതലേ എന്റെ അഭിനിവേശം. അഞ്ചാമത്തെ വയസ്സില്‍ സംഗീതം പഠിച്ചു തുടങ്ങി. എല്‍.പി.ആര്‍. വര്‍മ്മയാണ്‌ സംഗീതത്തിലെ ഗുരു. പതിനൊന്നാമത്തെ വയസ്സില്‍ അരങ്ങേറ്റം. അക്കാലത്ത്‌ ഞാനഭിനയിച്ചിരുന്ന നാടകങ്ങളിലെല്ലാം പാടിയിരുന്നത്‌ ഞാന്‍ തന്നെയായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ സിനിമയിലെത്തുന്നത്‌. ജീവിതം എനിക്ക്‌ നല്‍കിയ അംഗീകാരങ്ങള്‍ക്കെല്ലാം കടപ്പാട്‌ അദ്ദേഹത്തോട്‌ തന്നെയാണ്‌.


അമ്മ വേഷങ്ങളില്‍ ഒതുങ്ങിപ്പോയി എന്നു തോന്നിയിട്ടുണ്ടോ ?
അമ്മ വേഷങ്ങളില്‍ ഒതുങ്ങിപ്പോയി എന്ന്‌ ആദ്യ കാലങ്ങളില്‍ തോന്നിയിരുന്നു. കോമഡി റോളുകള്‍ എനിക്ക്‌ ചേരില്ലെന്നറിയാം. അതല്ലാതെ മേറ്റ്ന്തെങ്കിലും വേഷങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. സംവിധായകന്‍ ശശികുമാറിനോട്‌ വ്യത്യസ്തതയുള്ള വേഷങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അദ്ദേഹം നിരസിക്കുകയായിരുന്നു. എന്റെ മുഖം അതിന്‌ കൊള്ളില്ല, ആ മോഹം മനസ്സില്‍ നിന്നും മാറ്റി വെയ്ക്കാനാണ്‌ ശശികുമാര്‍ ആവശ്യപ്പെട്ടത്‌. പിന്നെ കാഴ്ച്ചക്കാരും എന്നെ കാണാനാഗ്രഹിക്കുന്നത്‌ ഇത്തരം വേഷങ്ങളില്‍ത്തന്നെയാണ്‌. എന്നില്‍ നിന്നും മുഖം കറുത്തൊരു വാക്കു പോലും കേള്‍ക്കുന്നതിഷ്ടമില്ലാത്തവരാണ്‌ എന്റെ ആരാധകര്‍.

 

സുകൃതം സിനിമയില്‍ പതിവില്‍ നിന്നും വ്യത്യസ്തമായ സംസാരം ഉണ്ടായപ്പോള്‍ പലരും വിളിച്ചു പറഞ്ഞു-അമ്മയുടെ വായില്‍ നിന്നും ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ അവരാരും ഇഷ്ടപ്പെടുന്നില്ലെന്ന്‌. പലരും എന്നെ സ്വന്തം അമ്മയായിട്ടാണ്‌ കാണുന്നത്‌. എന്റെ ശബ്ദം കേള്‍ക്കാന്‍ മാത്രമായി വിളിക്കുന്നവരുണ്ട്‌. ജനം എന്നെ ഒരുപാട്‌ ഇഷ്ടപ്പെടുന്നുണ്ട്‌. അത്‌ നഷ്ടപ്പെടുത്താനാവാത്തതിനാല്‍ വ്യത്യസ്തയുള്ള കഥാപാത്രങ്ങളോടുള്ള മോഹം അവസാനിപ്പിച്ചു.


പൊന്നമ്മ എങ്ങനെയാണ്‌ കവിയൂര്‍ പൊന്നമ്മയായത്‌?
സംഗീതമായിരുന്നു എന്റെ ആദ്യ തട്ടകം. 11-ാ‍ം വയസ്സിലെ അരങ്ങേറ്റത്തിനു ശേഷം കച്ചരികള്‍ നടത്താറുണ്ടായിരുന്നു. അക്കാലത്തെ പ്രഗത്ഭ സംഗീതജ്ഞയായിരുന്നു കവിയൂര്‍ രേവമ്മ. ഒരിക്കല്‍ ഞാന്‍ നടത്തിയ കച്ചേരി ഉദ്ഘാടനം ചെയ്തയാളായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന്‌ ആദ്യം പറഞ്ഞത്‌. കവിയൂര്‍ രേവമ്മയെപ്പോലെ നമ്മുടെ കവിയൂര്‍ പൊന്നമ്മയും പ്രശസ്തയാവട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. അതിനു ശേഷമാണ്‌ കവിയൂര്‍ പൊന്നമ്മയാകുന്നത്‌. സിനിമയിലെത്തിയപ്പോള്‍ പലരും പറഞ്ഞു പേര്‌ മാറ്റുന്നത്‌ നല്ലതാണെന്ന്‌. പക്ഷേ അച്ഛനും അമ്മയും നല്‍കിയ പേര്‌ മാറ്റേണ്ടെന്നു വെച്ചു.


അമ്മ വേഷങ്ങള്‍ക്ക്‌, മുന്‍പുണ്ടായിരുന്ന പ്രാധാന്യം ഇന്നുണ്ടോ ?
ആദ്യകാല അമ്മമാര്‍ക്കെല്ലാം പ്രാധാന്യം ഉണ്ടായിരുന്നു. ഇന്ന്‌ ആ അവസ്ഥയ്ക്ക്‌ വളരെയേറെ മാറ്റം വന്നിട്ടുണ്ട്‌. അന്നൊക്കെ അക്കാലത്തെ പ്രധാനപ്പെട്ട നോവലുകളും, ചെറുകഥകളുമാണ്‌ സിനിമയാക്കിയിരുന്നത്‌. ഇന്ന്‌ പലരും എഴുതുന്നത്‌ ആര്‍ട്ടിസ്റ്റിന്‍ മനസ്സില്‍ കണ്ടുകൊണ്ടാണ്‌. അങ്ങനെ എടുക്കുന്ന സിനിമകളില്‍ അമ്മമാര്‍ക്ക്‌ പ്രാധാന്യം ഉണ്ടാകാറില്ല.


ഇന്നത്തെ മലയാള സിനിമയെക്കുറിച്ച്‌?
ഒരുപാട്‌ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഗുണകരമല്ലാത്ത കുറെ മാറ്റങ്ങള്‍. സിനിമ കാണുന്നവരും അതിന്‌ ഉത്തരവാദികളാണ്‌. സിനിമയെടുക്കുന്നവരെ മാത്രം കുറ്റം പറയാനാവില്ല. പ്രേക്ഷകരുടെ ഇഷ്ടത്തിന്‌ അനുസരിച്ചുള്ള സിനിമകളാണ്‌ അവരെടുക്കുന്നത്‌. വ്യത്യസ്തതയുള്ള സിനിമകള്‍ വേണം എന്ന്‌ ആര്‍ക്കും ആഗ്രഹമില്ല. ഇന്നത്തെ സിനിമകള്‍ പലതും ഒരാള്‍ക്ക്‌ വേണ്ടിമാത്രം സൃഷ്ടിക്കുന്നവയാണ്‌. അങ്ങനെ ഒരാള്‍ക്കു വേണ്ടി മാത്രം സിനിമയെടുക്കുമ്പോള്‍ പാളിച്ചകള്‍ സ്വാഭാവികമാണ്‌.


ചലച്ചിത്ര ലോകത്തെ സംഘടനകളെക്കുറിച്ച്‌ ?
സംഘടനയുണ്ടായാലും ഇല്ലെങ്കിലും എനിക്ക്‌ ഒരുപോലെയാണ്‌. സംഘടന ഉണ്ടാകും മുമ്പ്‌ അഭിനയം തുടങ്ങിയ ആളാണ്‌ ഞാന്‍. എല്ലാവരെയും കാണുമ്പോഴുള്ള സന്തോഷം മാത്രമാണ്‌ അമ്മയുടെ മീറ്റിംഗിനു പോകുമ്പോഴുള്ളത്‌. അതിനുവേണ്ടിയാണ്‌ യോഗങ്ങളില്‍ പങ്കെടുക്കുന്നതും.


തിലകന്‍ വിഷയത്തെക്കുറിച്ച്‌?
തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്ക്‌ വ്യക്തമായി അറിയില്ല. എന്തായാലും ഒരു നാറ്റക്കേസായി അത്‌. ഇരുപക്ഷത്തും ന്യായമുണ്ട്‌. ചാനലുകളിലൂടെ ചര്‍ച്ച ചെയ്ത്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടിയിരുന്നില്ല. പരസ്പരം പറഞ്ഞുതീര്‍ക്കാമായിരുന്നു. പറഞ്ഞുറപ്പിച്ച സിനിമകളില്‍ നിന്നും ഒഴിവാക്കുന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്‌. പക്ഷേ ഞാനാരോടും കാരണം ചോദിക്കാന്‍ പോയിട്ടില്ല. എനിക്ക്‌ പകരം കെ.പി.എ.സി ലളിതയെയാണ്‌ വിളിക്കുന്നതെങ്കില്‍ ലളിത വിളിച്ച്‌ ചോദിക്കും-എന്താ ചേച്ചി കാരണമെന്ന്‌. വേറെ ആരും അന്വേഷിക്കാറില്ല. ഞാനിതിനോടൊന്നും പ്രതികരിക്കാന്‍ പോകാറില്ല. എന്നെ ആവശ്യമുള്ളവര്‍ വിളിക്കും.


ചലച്ചിത്ര രംഗത്തെ ആണ്‍പെണ്‍ വ്യത്യാസത്തെക്കുറിച്ച്‌?
വേതനത്തിന്റെ കാര്യത്തില്‍ പ്രകടമായ വ്യത്യസമാണുള്ളത്‌. എത്ര ചോദിച്ചാലും ഞങ്ങള്‍ക്ക്‌ വേതനം കൂട്ടിത്തരില്ല. സീനിയോറിറ്റി ഉണ്ടായിട്ടും കൂട്ടിത്തരുന്ന സമ്പ്രദായമില്ല. ലോ ബജറ്റ്‌ പടമാണെന്നും പറഞ്ഞാണ്‌ എല്ലാവരും വരുന്നത്‌. ഏത്‌ വലിയ സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന ചിത്രമാണെങ്കിലും നമ്മുടെ അടുത്ത്‌ വരുന്നത്‌ ചെറിയ പടമാണെന്ന്‌ പറഞ്ഞായിരിക്കും. അങ്ങനെ വരുന്നവരോട്‌ എന്തു പറയാനാണ്‌.


അഭിനയ ജീവിതത്തിന്റെ അരനൂറ്റാണ്ട്‌ ആഘോഷിച്ചപ്പോള്‍ മിക്ക ചലച്ചിത്ര പ്രവര്‍ത്തകരും വന്നില്ലല്ലോ?
ശരിയാണ്‌. വരുമെന്നുകരുതിയ ഭൂരിഭാഗം ആളുകളും വന്നില്ല. എന്താണ്‌ കാരണമെന്നറിയില്ല. മധു, മോഹന്‍ലാല്‍, മനോജ്‌ കെ ജയന്‍, കെ.പി.എ.സി. ലളിത, ദിലീപ്‌ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ വന്നത്‌. മന:പൂര്‍വ്വം ഒഴിവാക്കിയത്‌ പോലെയാണ്‌ തോന്നിയത്‌. എന്തേവരാഞ്ഞത്‌ എന്ന്‌ ആരെയും വിളിച്ച്‌ ചോദിച്ചില്ല. വരാനിഷ്ടമുളളവര്‍ വരുമല്ലോ. ആരും വന്നില്ലെങ്കിലും പ്രോഗ്രാം ഭംഗിയായി നടന്നു. പ്രോഗ്രാം നടത്തുന്നവര്‍ ഫോളോ അപ്പ്‌ ചെയ്തില്ലെന്നാണ്‌ പലരും കാരണമായി പറഞ്ഞത്‌, എന്റെ ഒരു പ്രോഗ്രാമിന്‌ ഞാന്‍ തന്നെയല്ലേ എല്ലാവരെയും വിളിക്കേണ്ടത്‌. വിളിക്കുകയും ചെയ്തു. എന്നിട്ടും വന്നില്ല.


അമ്മയില്‍ നിന്നും പ്രോഗ്രാം നടത്തുന്നതിനോടുള്ള പ്രതികരണം എന്തായിരുന്നു?
പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചയുടന്‍ ഇന്നച്ചനെ വിളിച്ച്‌ പറഞ്ഞിരുന്നു. ഒരെതിര്‍പ്പും പറഞ്ഞില്ല. ഷോ നടത്തുന്നതിനോടുള്ള ചേംബറിന്റെ എതിര്‍പ്പിനെക്കുറിച്ച്‌ മാത്രം സൂചിപ്പിച്ചു. 'അമ്മയുടെ നായരായി' വന്ന്‌ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. പക്ഷേ അദ്ദേഹവും വന്നില്ല. അമ്മയില്‍ നിന്ന്‌ പ്രോഗ്രാമിനെക്കുറിച്ചറിയിച്ച്‌ എല്ലാവര്‍ക്കും കത്ത്‌ അയച്ചിട്ടുണ്ടെന്നാണ്‌ എന്നോട്‌ പറഞ്ഞിരുന്നത്‌. പക്ഷേ അമ്മയെ പ്രതിനിധീകരിച്ച്‌ ഇടവേള ബാബു മാത്രമാണ്‌ വന്നത്‌. എന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ ആഘോഷമായിരുന്നു അത്‌. അതില്‍ പങ്കെടുക്കാന്‍ വരുമെന്ന്‌ കരുതിയവരാരും വന്നില്ല. ഇനി ആഘോഷിക്കാന്‍ എനിക്കൊന്നുമില്ല. മനസ്സിനകത്ത്‌ ഒരു വിഷമം തോന്നി. സുരാജ്‌ വെഞ്ഞാറമൂട്‌ കോമഡി ഷോ അവതരിപ്പിക്കാന്‍ വരാമെന്നേറ്റിരുന്നെങ്കിലും വന്നില്ല. ചേംബറിന്റെ വിലക്കിനെക്കുറിച്ച്‌ സാബു ചെറിയാനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത്‌. ചേച്ചിയെ ആര്‌ വിലക്കാനാ എന്നായിരുന്നു. എന്നിട്ടും ആരും വന്നില്ല. പ്രോഗ്രാം നടക്കുന്ന ദിവസം രാവിലെ 11 മണിക്ക്‌ വിളിച്ചപ്പോള്‍ ഒരു സംവിധായകന്‍ പറഞ്ഞത്‌ പ്രോഗ്രാമില്‍ പങ്കെടുക്കാനായി എറണാകുളത്തേക്കുള്ള യാത്രയിലാണെന്നായിരുന്നു. ആ സംവിധായകനും വന്നില്ല. ശാരദ വരാമെന്ന്‌ ഉറപ്പ്‌ പറഞ്ഞിരുന്നതാണ്‌. അവര്‍ക്കും എത്താനായില്ല. ആരും വന്നില്ലെങ്കിലും സാരമില്ല,. എന്നെ സ്നേഹിക്കുന്ന ഒരുപാടാളുകളുടെ പ്രാര്‍ത്ഥനയുണ്ട്‌. അത്‌ മതി.


നടക്കാതെ പോയ എന്തെങ്കിലും മോഹങ്ങള്‍?
കാര്യമായ മോഹങ്ങളൊന്നുമില്ല. പിന്നെ ഗിരീഷ്‌ പുത്തഞ്ചേരി എന്നെ കേന്ദ്ര കഥാപാത്രമാക്കി നിശ്ചയിച്ച ഒരു സിനിമയെക്കുറിച്ച്‌ ഇടക്കിടെ പറയാറുണ്ട്‌. കേരളത്തില്‍ നിന്നും ബംഗാളിലെ ശാന്തിനികേതനില്‍ പോയി താമസിച്ചിരുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്ന ആ സിനിമ. ആ സ്ത്രീയുടെ റോളായിരുന്നു എനിക്കതില്‍. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു ഗിരീഷ്‌ അവസാന നാളുകളില്‍. സര്‍ക്കാര്‍ തലത്തിലുള്ള അനുമതിക്കായുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ്‌ ഗിരീഷിന്റെ മരണം. നടക്കാതെ പോയ മോഹമായി അതിന്നും ശേഷിക്കുന്നു.


ഭാവി പ്രവര്‍ത്തനങ്ങള്‍?
ഇപ്പോള്‍ തിരക്കുകള്‍ ഒന്ന്‌ കുറഞ്ഞിട്ടുണ്ട്‌. ഒരു ട്രസ്റ്റ്‌ രൂപീകരിച്ചിട്ടുണ്ട്‌, സേഫ്‌ ലൈഫ്‌ ട്രസ്റ്റ്‌ എന്ന പേരില്‍. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോള്‍ എന്തെങ്കിലും വേണമല്ലൊ. ചെയ്യാനായി ഒരുപാട്‌ കാര്യങ്ങള്‍ മനസ്സിലുണ്ട്‌. വ്യക്തിയെന്ന നിലയില്‍ ചെയ്യുന്നതിന്‌ ഒട്ടേറെ പരിമിതികളുണ്ട്‌. അതിനാലാണ്‌ ട്രസ്റ്റ്‌ രൂപീകരിച്ചത്‌. പാവപ്പെട്ട കുട്ടികള്‍ക്ക്‌ കണ്ണ്‌ ഓപ്പറേഷന്‍, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക്‌ വിവാഹ സഹായം, രണ്ട്‌ ആംബുലന്‍സുകള്‍. ഒരു സംഗീത വിദ്യാലയം തുടങ്ങണമെന്നും വിചാരിക്കുന്നുണ്ട്‌. അന്നത്തെപ്പോലെ സംഗീതം ഇന്നും എന്റെ ജീവനാണ്‌.


65-ാ‍ം വയസ്സിലും നിറയൗവ്വനത്തില്‍ തന്നെയാണ്‌ മലയാളത്തിന്റെ സ്വന്തം അമ്മ. പ്രായം സമ്മാനിക്കുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ക്കിടയിലും വിശ്രമം അവര്‍ ആഗ്രഹിക്കുന്നില്ല. സിനിമയായാലും, സീരിയലായാലും വേഷം നല്ലതാണെങ്കില്‍ അഭിനയിക്കാനവര്‍ തയ്യാറാണ്‌. ടെലിവിഷനെന്നോ, വലിയ സ്ക്രീനെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നാണ്‌ അമ്മയുടെ പക്ഷം. ഇന്നും വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ അവര്‍ സമയം കണ്ടെത്താറുണ്ട്‌. കഴിവതും നല്ലത്‌ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്ന ഈ അമ്മ ലോകത്തെ സര്‍വ്വ ചരാചരങ്ങളിലും കാണുന്നത്‌ ഗുരുവായൂരപ്പനെയാണ്‌. ആ ചൈതന്യം തന്നെയാവണം ആയിരം കവിഞ്ഞ അമ്മ വേഷങ്ങളിലൂടെ അവര്‍ മക്കളിലേയ്ക്ക്‌ ചൊരിയുന്നതും. സ്നേഹത്തിന്റെ പാലമൃതൂട്ടാന്‍ ഇനിയുമൊരായിരം അമ്മമാര്‍ കവിയൂര്‍ പൊന്നമ്മയിലൂടെ ജന്‍മമെടുക്കട്ടെ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls