കാള പെറ്റെന്ന്‌ കേട്ടാല്‍ കയറെടുക്കരുത്‌

പ്രതിപക്ഷ എം.എല്‍.എ.ശിവദാസന്‍ നായരുടെ ഒരു പരാമര്‍ശത്തെചൊല്ലി ഭരണപക്ഷത്തെ വനിതാ എം.എല്‍.എ.മാര്‍ രണ്ട്‌ മണിക്കൂര്‍ നിയമസഭ സ്തംഭിപ്പിച്ചത്‌ തികച്ചും അനുചിതമായി. വെറും അനാവശ്യ ബഹളമായിരുന്നത്‌.

"സംരക്ഷിക്കാനെത്തുന്നവരുടെ മുന്നിലും വഴങ്ങിക്കൊടുക്കുന്ന പെണ്‍കുട്ടിയുടെ കഥ വായിച്ച്‌ കേട്ടിട്ടുണ്ട്‌" എന്ന പരാമര്‍ശമാണ്‌ ബഹളത്തിനിടയാക്കിയത്‌. ഇതില്‍ ബഹളമുണ്ടാക്കാനുള്ള എന്ത്‌ കുഴപ്പമാണുള്ളത്‌. ഒന്നാമത്‌ ഇതൊരു കഥയാണ്‌. പ്രശസ്ത ഉര്‍ദ്ദുസാഹിത്യകാരനായ സാദത്ത്‌ ഹസ്സന്‍ മെന്റോയുടെ ലോക പ്രശസ്ത കഥയായ 'ദ റിട്ടേണ്‍' ലെ ഒരു വാചകമാണ്‌ മേല്‍പ്പറഞ്ഞ പരാമര്‍ശം. അത്‌ ഉദ്ധരിച്ചതില്‍ എന്താണിത്രെ പ്രശ്നം. കേരള നിയമസഭയില്‍ നിത്യേനയെന്നോണം കവിതകളും കഥകളും ഉദ്ധരിക്കുന്നത്‌ നമ്മുടെ എം.എല്‍.എമാരുടെ ഒരു സ്ഥിരം പതിവാണ്‌. അത്‌ നല്ലതാണ്‌ എന്നതാണെന്റെ അഭിപ്രായം. അവരുടെ സാഹിത്യവാസനയെയും സംസ്കാരത്തെയുമാണ്‌ കാണിക്കുന്നത്‌.


രണ്ടാമത്‌ ഈ പരാമര്‍ശം ശിവദാസന്‍ നായരുടെ സ്വന്തം അഭിപ്രായമല്ല. ഒരു കഥയിലെ ഉദ്ധരണി മാത്രമാണ്‌. ഈ രണ്ട്‌ കാരണങ്ങളാല്‍ വനിതാ എം.എല്‍.എമാര്‍ക്ക്‌ ബഹളം വയ്ക്കേണ്ടയാതൊരു കാര്യവുമില്ലായിരുന്നു. ഇങ്ങനെയൊരു ലോക പ്രശസ്ത കഥയെക്കുറിച്ച്‌ ഈ എം.എല്‍.എമാര്‍ കേട്ടിട്ടേ ഇല്ല എന്നാണ്‌ തോന്നുന്നത്‌. ആ വിവരക്കേട്‌ തല്‍ക്കാലം ക്ഷമിക്കാം. എന്നാലും ജനനേതാക്കളാവുമ്പോള്‍ സാമാന്യം വിവരവും വിവേകവും വേണ്ടേ? കാളപെറ്റെന്ന്‌ കേട്ട്‌ ആരെങ്കിലും കയറെടുക്കുമോ? പണ്ട്‌ ചില രാഷ്ട്രീയക്കാര്‍ക്ക്‌ ഒരു സുഖക്കേടുണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയിലും എന്ത്‌ കുഴപ്പമുണ്ടായാലും അതിന്റെ ഉത്തരവാദി സി.ഐ.എ ആണെന്ന പല്ലവി പാടുന്നത്‌! ഇതില്‍പരം ഒരു വിഢിത്തമുണ്ടോ. ഇതുപോലൊരു വിഢിത്തം തന്നെയല്ലെ ഈ ബഹളവും .


ജനനായകരാകുമ്പോള്‍ ഉത്തരവാദിത്വബോധവും നല്ല പെരുമാറ്റവും വേണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യാനാണ്‌ നിങ്ങളെയൊക്കെ നിയമസഭയിലേക്ക്‌ അയച്ചിരിക്കുന്നത്‌. അതല്ലാതെ ഇമ്മാതിരി കോപ്രായവും പ്രഹസനവും കാട്ടി സമയം കളയാനല്ല.

ഡോ. ജോണ്‍ ജോര്‍ജ്‌. ടി
എറണാകുളം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls