കണ്ണുണ്ടായാല്‍ പോരാ കാണണം

ദേശീയപാതാ വികസനം 30 മീറ്റര്‍ വീതിയില്‍ മാത്രം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ തെക്കന്‍ കേരളത്തിലെ ചില മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയ്ക്ക്‌ നേരെ വിമര്‍ശനം

അഴിച്ചുവിടുകയും തുടര്‍ന്ന്‌, വിഷയം സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനത്തിന്‌ വിടുകയും ചെയ്തതായ പത്രവാര്‍ത്തയാണ്‌ ഈ കുറിപ്പെഴുതുവാന്‍ പ്രേരിപ്പിച്ചത്‌. താഴെപ്പറയുന്ന ചില ചോദ്യങ്ങള്‍ ഈ അവസരത്തില്‍ പ്രസക്തമാണെന്ന്‌ തോന്നുന്നു. അവ വായനക്കാരുടെ അറിവിലേക്കും സജീവ ചര്‍ച്ചയ്ക്കുമായി അവതരിപ്പിക്കുന്നു.


1. അഖിലേന്ത്യാടിസ്ഥാനത്തില്‍ ദേശീയപാതാ വികസന പദ്ധതിയുടെ കീഴില്‍ പ്രതിദിനം 20 കി.മീ 4/6 വരിപാതകള്‍ പൂര്‍ത്തീകരിക്കുവാനുള്ള കേന്ദ്രഗവണ്‍മെന്റ്‌ പദ്ധതിയുടെ ഭാഗമായി കേരളത്തിലും ദേശീയപാതാ വികസന പദ്ധതി ബി.ഒ.ടി അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുള്ള എഗ്രിമെന്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിന്‌ ശേഷമല്ലേ പദ്ധതിയുമായി കേന്ദ്രഗവണ്‍മെന്റ്‌ മുന്നോട്ട്‌ പോയത്‌? വേണ്ടത്ര കൂടിയാലോചനകള്‍ കൂടാതെയാണോ ഉടമ്പടിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചത്‌?


2. ദേശീയാടിസ്ഥാനത്തില്‍ 60 മീറ്റര്‍ എന്ന മാനദണ്ഡത്തില്‍ നിന്നും ഇലവ്‌ നല്‍കിയല്ലേ കേരളത്തിലെ വികസനം 45 മീറ്ററിലേയ്ക്ക്‌ ചുരുക്കുന്നതിന്‌ കേന്ദ്രം സമ്മതിക്കുകയും അതിനനുസരിച്ച്‌ നടപടികള്‍ കൈകൊള്ളുകയും ചെയ്തത്‌? പ്രസ്തുത പദ്ധതിയുടെ തന്നെ ഭാഗമായല്ലേ തൃശൂര്‍ മുതല്‍ അങ്കമാലി വരെയുള്ള ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയാക്കുന്നത്‌? 45 മീറ്റര്‍ വീതിയില്‍ തന്നെയല്ലെ തൃശൂര്‍-പാലക്കാട്‌ ദേശീയപാത വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത്‌ കെട്ടിടങ്ങള്‍ ഇപ്പോള്‍ പൊളിച്ച്‌ നീക്കിക്കൊണ്ടിരിക്കുന്നത്‌? അങ്ങനെയെങ്കില്‍ തൃശൂര്‍-പാലക്കാട്‌ ജില്ലകളിലെ റോഡ്‌ വികസനം ആലപ്പുഴ, കൊല്ലം, തിരുവനന്തപരും ജില്ലകളില്‍ വേണ്ട എന്നാണോ ബന്ധപ്പെട്ടവര്‍ ഉദ്ദേശിക്കുന്നത്‌?


3. 15 മീറ്റര്‍ ഭൂമികൂടി ഏറ്റെടുത്ത്‌ 45 മീറ്റര്‍ വീതിയില്‍ നിര്‍ദ്ദിഷ്ട ദേശീയപാതാ വികസനം തെക്കന്‍ ജില്ലകളില്‍ അട്ടിമറിക്കപ്പെടുമ്പോള്‍ പതിനായിരം കോടി രൂപയുടെയെങ്കിലും കേന്ദ്രസഹായമല്ലേ നഷ്ടപ്പെടുന്നത്‌? കേന്ദ്രസഹായം കൂടാതെ ഈ പദ്ധതികള്‍ എങ്ങനെ നടപ്പാക്കും? അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ തന്മൂലം പിന്നോക്കം പോകുന്ന തെക്കന്‍ ജില്ലകളുടെ ഭാവി വികസനം (ടൂറിസം രംഗത്തേതുള്‍പ്പെടെ) മുരടിയ്ക്കുകയില്ലേ?


4. വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള തെക്കന്‍ ജില്ലകളിലെ ദേശീയപാതാ വികസനം അട്ടിമറിക്കപ്പെടുന്നതുമൂലം കഷ്ടപ്പെടുന്ന ജനങ്ങളുടെ യാത്രാദുരിതത്തിന്‌ എന്ത്‌ പരിഹാരമാണ്‌ സര്‍ക്കാരിനുള്ളത്‌?


5. 1999 ലെ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്‌ അനുസരിച്ച്‌ കണ്‍ട്രോള്‍ ലൈനും ബോഡര്‍ ലൈനും നാളിതുവരെ നിശ്ചയിച്ചിട്ടില്ല. നീണ്ട പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും കേരള നിയമസഭ പാസാക്കിയ പ്രസ്തുത നിയമം സംസ്ഥാനത്ത്‌ നടപ്പാക്കാത്തത്‌ എന്ത്‌ പൊതുജന താല്‍പര്യം സംരക്ഷിക്കുവാനാണെന്ന്‌ വ്യക്തമാക്കുമോ?


6. ഭൂമി ഏറ്റെടുക്കല്‍മൂലം വീടും തൊഴിലും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക്‌ മതിയായ പുനരധിവാസം ഉറപ്പാക്കി പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിന്‌ പകരം വോട്ടു ബാങ്ക്‌ ലക്ഷ്യമാക്കി പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തെതന്നെ ബാധിക്കുകയില്ലേ? കാവും കുളവും നശിയ്ക്കും, ഗുരുമന്ദിരം പൊളിയ്ക്കും, സ്മാരക മന്ദിരം പൊളിയ്ക്കും എന്നൊക്കെയുള്ള പ്രചരണങ്ങള്‍ അഴിച്ചുവിട്ട്‌ പദ്ധതി അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാരുടെ കൈയിലെ ചട്ടുകങ്ങളാവുകയല്ലേ ബന്ധപ്പെട്ട അധികാരികള്‍ ചെയ്യുന്നത്‌.


പ്രഭാകരന്‍
കല്ലേലിഭാഗം, കൊല്ലം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls