പ്രേക്ഷകരുടെ സ്വന്തം വായാടിക്കുട്ടി

Imageലോകമെമ്പാടുമുള്ള മലയാളികളുടെ സായാഹ്നത്തെ സംഗീതസാന്ദ്രമാക്കുന്ന ഏഷ്യാനെറ്റ്‌ പ്ലസിലെ
കിലുക്കാംപെട്ടി-ശാന്തിയുടെ വിശേഷങ്ങളിലേക്ക്‌

ഹലോ... ആരാണ്‌ സംസാരിക്കുന്നത്‌? ഏതു പാട്ടാണ്‌ വേണ്ടത്‌? ആര്‍ക്കെങ്കിലും ഡെഡിക്കേറ്റ്‌ ചെയ്യുന്നുണ്ടോ?... ലക്ഷക്കണക്കിന്‌ മലയാളി പ്രേക്ഷകര്‍ക്ക്‌ പരിചിതമായ ഈ ഡയലോഗുകള്‍ ധാരാളമുണ്ട്‌ നമ്മുടെ ചാനലുകളില്‍.

എന്നാല്‍ ഏഷ്യാനെറ്റ്‌ പ്ലസിലെ 'ഫ്രഷ്‌ എന്‍ ലൈവ്‌' എന്ന പ്രോഗ്രാമിലെ ഒരു കിളിക്കൊഞ്ചല്‍ പ്രേക്ഷകര്‍ക്ക്‌ ഏറ്റവും പ്രിയങ്കരമായി. അതിനൊരു കാരണമുണ്ട്‌. ലൈവ്‌ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ലഭിക്കുന്ന ഒരു മിനുട്ട്‌ സമയം പ്രേക്ഷകരെയും ഫോണ്‍ വിളിക്കുന്ന ആളെയും ഒരുപോലെ എന്റര്‍ടൈന്‍ ചെയ്യണം. നിര്‍ത്താതെ വാചകമടിക്കാനും പ്രേക്ഷകനെ കയ്യിലെടുക്കാനുള്ള അസാമാന്യ കഴിവും വേണം. ഇങ്ങനെ വാചകമടിയിലൂടെ നാടറിയുന്ന ശബ്ദത്തിനുടമയായ താരമാണ്‌ ശാന്തി. ഏഷ്യാനെറ്റ്‌ പ്ലസിലെ ഫ്രഷ്‌ എന്‍ ലൈവ്‌ പരിപാടിയിലൂടെ ഒരു മണിക്കൂര്‍ പ്രേക്ഷകരെയും ആരാധകരെയും പിടിച്ചിരുത്താന്‍ ശാന്തിക്ക്‌ വാചകമടി മാത്രം മതി. ആറ്‌ വര്‍ഷം മുന്‍പാണ്‌ ഈ തിരുവനന്തപുരത്തുകാരിയുടെ വാചകമടി മലയാളിക്ക്‌ പരിചിതമായത്‌. എം.ജി.കോളെജ്‌ വിദ്യാര്‍ഥിനിയായിരിക്കെ പ്രൊഡ്യൂസര്‍ ഹരി പി നായരാണ്‌ ശാന്തിയെ ആങ്കറിംഗ്‌ രംഗത്തേക്ക്‌ കണ്ടെത്തിയത്‌.

 

ആദ്യ പരിപാടി ചലച്ചിത്രാധിഷ്ഠിതമായ 'ഫ്രെയിംസ്‌'. ആദ്യ പരിപാടിയില്‍ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ ഫോണ്‍ - ഇന്‍ - പരിപാടിയിലെ വാചകമടിയിലൂടെ വീഴ്ത്തി. പിന്നീട്‌ ടീനേജിന്റെ ഹൃദയത്തിലേക്ക്‌ കടന്നുചെന്ന മിസ്റ്റ്‌, സാവരിയ തുടങ്ങിയ പ്രോഗ്രാമുകളുടെ അവതാരകയായി. അഞ്ചോളം പ്രോഗ്രാമുകളാണ്‌ ശാന്തി ആറുവര്‍ഷത്തിനിടയില്‍ അവതരിപ്പിച്ചത്‌. ചാനലിലെ വാചകമടി കേട്ടിട്ടാകണം നിരവധി മെഗാ ഈവന്റുകളുടെ കോംപയററായി ഈ താരം മലയാളിയുടെ സ്വീകരണമുറിയില്‍ നിന്നും വേദികളിലേക്കെത്തി. ഈവന്റാകുമ്പോള്‍ കഴിവുകള്‍ നന്നായി പ്രകടിപ്പിക്കാന്‍ കഴിയുമെന്ന്‌ ശാന്തി പറയുന്നു. ലൈവ്‌ ഇന്‍ ആകുമ്പോള്‍ ചില പരിമിതികളൊക്കെയുണ്ട്‌. 'പക്ഷേ മാസ്റ്റര്‍ ഓഫ്‌ സെറിമണി എന്ന ലേബലില്‍ ശരിക്കും എന്‍ജോയ്‌ ചെയ്യാന്‍ കഴിയും.'


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 125-ാ‍ം ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ കോമ്പയറിംഗ്‌ നടത്താന്‍ അവസരം ലഭിച്ചതാണ്‌ തന്റെ കരിയറിലെ 'ബ്രേക്ക്‌' എന്ന്‌ ശാന്തി. ഇത്രയധികം സംതൃപ്തി നല്‍കിയ മറ്റൊരു പരിപാടിയും ചെയ്തിട്ടില്ല. ലീഡറും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമൊക്കെ പങ്കെടുത്ത പരിപാടി. പിന്നീട്‌ രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണി പങ്കെടുത്ത ഒരു ചടങ്ങും കോംപയര്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. ഇതില്‍ കൂടുതല്‍ ഭാഗ്യം മേറ്റ്ന്താണ്‌ വേണ്ടതെന്ന്‌ ശാന്തി ആവേശത്തോടെ ചോദിക്കുന്നു.


കുട്ടിക്കാലം മുതല്‍ക്കേ വാചകമടിയില്‍ ശാന്തിയെ തോല്‍പിക്കാന്‍ അധികമാരും ഉണ്ടായിരുന്നില്ല. ക്ലാസ്‌ ലീഡര്‍, സ്പീക്കര്‍, സ്കൂള്‍ ലീഡര്‍... കൂട്ടിന്‌ ഡാന്‍സും പാട്ടും പിന്നെ നീന്തലും. പ്ലസ്ടൂ വരെ കലോത്സവങ്ങളിലെ സ്ഥിരം താരമായിരുന്നു ഈ അവതാരക.എന്നാല്‍ നമ്മള്‍ കരുതും പോലെ അത്ര എളുപ്പമല്ല ലൈവ്‌ ഇന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കലെന്ന്‌ ശാന്തി പറയുന്നു. ടിപ്പിക്കല്‍ ഷെല്ലിനു പുറത്ത്‌ വരാന്‍ കഴിയണം. അതെ... അല്ല തുടങ്ങി ഒറ്റവാക്കില്‍ ഉത്തരം പറയുന്നവര്‍ ഏറെയുണ്ടാകും. ഒരു മിനിറ്റ്‌ സമയത്തിനുള്ളില്‍ ഇത്തരക്കാരെയും എന്റര്‍ടെയ്ന്‍ ചെയ്യണം. പരിപാടിയില്‍ ലാഗിംങ്ങ്‌ വരാന്‍ പാടില്ല. ഡയലോഗിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയണം.


പരിപാടിക്കിടയില്‍ ചില മണ്ടത്തരങ്ങളും പറ്റിയിട്ടുണ്ട്‌. (അത്‌ കൂടെപ്പിറപ്പാണെന്ന്‌ നമുക്കല്ലെ അറിയൂ) സ്ഥിരം വിളിക്കുന്ന ഒരു ആന്റി ഒരിക്കല്‍ വിളിച്ചപ്പോള്‍ പതിവുള്ള സന്തോഷം കണ്ടില്ല.കാരണമന്വേഷിച്ചപ്പോള്‍ ആന്റിയുടെ ഒരു കസിന്‍ മരിച്ചു. സംസ്കാരം കഴിഞ്ഞ്‌ എത്തിയേ ഉള്ളൂ എന്ന്‌ പറഞ്ഞു. പെട്ടെന്ന്‌ ആന്റിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുറച്ച്‌ നേരത്തെ സങ്കടത്തിനുശേഷം ഫോണ്‍ കട്ട്‌ ചെയ്യും മുന്‍പ്‌ ചോദിച്ചു "ഇപ്പോള്‍ സന്തോഷമായില്ലേ ആന്റി" ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ആന്റി പറഞ്ഞു സന്തോഷമായി മോളെ. കസിന്‍ മരിച്ച വിഷമത്തിലിരിക്കുന്ന ആന്റിയോട്‌ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചത്‌ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല. ഇവള്‍ക്കിട്ടൊരു പണികൊടുക്കാം എന്ന്‌ കരുതി വിളിക്കുന്നവരും ധാരാളമുണ്ടെന്ന്‌ ശാന്തി പറയുന്നു.


അങ്ങനെയിരിക്കുമ്പോഴാണ്‌ രാഷ്ട്രീയത്തില്‍ ഒന്നു പയറ്റി നോക്കിയാലോ എന്ന ചിന്ത വന്നത്‌. കോണ്‍ഗ്രസ്‌ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നായതുകൊണ്ട്‌ ആരും തടസം നിന്നതുമില്ല. ആയിടക്കാണ്‌ ഇന്ദിരാഭവനില്‍ കെ.എസ്‌.യുവിന്റെ ടാലന്റ്‌ ഹണ്ട്‌ നടന്നത്‌. കെ.എസ്‌.യുവില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പങ്കെടുക്കാമെന്ന പത്രവാര്‍ത്ത കണ്ടാണ്‌ ബയോഡേറ്റയുമായി അവിടെ എത്തിയത്‌. ചെന്നപ്പോള്‍ തന്നെ ഇവള്‍ക്ക്‌ ഇവിടെയെന്ത്‌ കാര്യമെന്ന മട്ടില്‍ 'പരീക്ഷ'ക്കെത്തിയവര്‍ മുറുമുറുത്തു. എന്നാല്‍ മണിക്‌ ഠാകുറിന്റെയും ജഗദീഷ്‌ ടൈയ്‌ലറുടെയും ഹൈബി ഈഡന്റെയും നേതൃത്വത്തില്‍ നടന്ന ടാലന്റ്‌ ഹണ്ടില്‍ നന്നായി തിളങ്ങി. പിന്നെ തന്നെ താരമാക്കിയത്‌ ദേശാഭിമാനിയും ഇന്ത്യാവിഷനുമാണെന്ന്‌ ശാന്തി പറയുന്നു. അതിന്റെ ആവേശത്തില്‍ ഗവ. ലോ കോളെജില്‍ സമരത്തിനിറങ്ങി വിജയിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന കെ.എസ്‌.യു സംഘടനാ തെരഞ്ഞെടുപ്പില്‍ കോളെജില്‍ നിന്നും ഡെലിഗേറ്റായി ജയിച്ചു. അതില്‍ നിന്നു കിട്ടിയ ഊര്‍ജ്ജവുമായി നാഷണല്‍ ഡെലിഗേറ്റായി മത്സരിച്ചു.

 

ഇപ്പോള്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന കെ.എസ്‌.യു സമരങ്ങളുടെ മുന്‍പന്തിയില്‍ ശാന്തിയുണ്ടാകും. രാഹുല്‍ഗാന്ധിയെ യൂത്ത്‌ ഐക്കണായി കാണുന്ന ശാന്തി തീര്‍ത്തു പറയുന്നു - 'രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടരായാണ്‌ വിദ്യാര്‍ഥികളില്‍ നല്ലൊരു വിഭാഗം രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്‌.' ടാലന്റ്‌ ഉള്ളവരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്‌ ആകര്‍ഷിക്കുമെന്ന രാഹുലിന്റെ അഭിപ്രായത്തോട്‌ ശാന്തി 100 ശതമാനം യോജിക്കുന്നു.ബിസിനസുകാരനായ വിമലിന്റെയും മായയുടെയും രണ്ടാമത്തെ മകളാണ്‌ ശാന്തി. ഇപ്പോള്‍ രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനി. സഹോദരന്‍ ഹരി എം.സി.എയ്ക്ക്‌ പഠിക്കുന്നു. അച്ഛനാണ്‌ എല്ലാ പ്രോത്സാഹനവും നല്‍കുന്നതെന്ന്‌ പറയുന്ന ശാന്തിക്ക്‌ പക്ഷേ എന്തിനും അമ്മ കൂടെ വേണം.

 

ഇതിനിടെ കോളെജില്‍ വൈസ്‌ ചെയര്‍പേഴ്സണായി മത്സരിച്ചതും അച്ഛന്റെ പിന്തുണയോടെയായിരുന്നു. ഏഷ്യാനെറ്റിനു പുറമേ ബെസ്റ്റ്‌ എഫ്‌.എം-95 റേഡിയോ പ്രേക്ഷകരുടെ പ്രിയ 'ചക്കര' കൂടിയാണ്‌ ശാന്തി. വ്യാഴവും വെള്ളിയും വൈകിട്ട്‌ അഞ്ചുമുതല്‍ ആറുവരെയാണ്‌ ശാന്തിയുടെ ഫ്രെഷ്‌ എന്‍ ഹിറ്റ്സ്‌ സംപ്രേഷണം ചെയ്യുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls