| മാധവപ്പണിക്കര്‍ മലയിന്‍കീഴുകാരനോ? |
|
ഭാഷാ ഭഗവദ്ഗീതയുടെ 600-ാം വാര്‍ഷികാഘോഷം മലയിന്‍കീഴ് വികസനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് ഭാഷാഭഗവദ്ഗീതയുടെ ഗദ്യപരാവര്‍ത്തനം കേന്ദ്രമന്ത്രി ശശി തരൂര്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് നല്‍കി പ്രകാശനം ചെയ്യുകയുണ്ടായി. ഭാഷാ ഭഗവദ്ഗീതയുടെ കര്‍ത്താവ് നിരണത്ത് രാമപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, മാധവപ്പണിക്കര്‍ എന്നിവരിലെ മാധവപ്പണിക്കരാണ്. കൊല്ലവര്‍ഷം ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇവര്‍ 'കണ്ണശ്ശകവികള്‍' എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ മധ്യതിരുവിതാംകൂറിലെ തിരുവല്ലയ്ക്കടുത്തുള്ള നിരണത്ത് തൃക്കപാലേശ്വരം ശിവക്ഷേത്രത്തിനുസമീപമുള്ള 'കണ്ണശ്ശപ്പറമ്പ്' വീട്ടില്‍ ജനിച്ചവരും ഇവരുടെ കൃതികള്‍ കണ്ണശ്ശഗീത, കണ്ണശഭാരതം, കണ്ണശ്ശരാമായണം എന്നിങ്ങനെ അറിയപ്പെടുന്നവയുമാണ്.
പബ്ലിക് റിലേഷന്‍സ് പ്രസിദ്ധീകരണമായ 'ജനപഥം' മാസികയുടെ 2005 സെപ്റ്റംബര്‍ ലക്കത്തില്‍ എം.എന്‍. വാസുഗണകനെഴുതിയ 'കണ്ണശ്ശകവികള്‍' എന്ന ലേഖനത്തിലും അദ്ദേഹത്തിന്റെതന്നെ 'ഗോചരന്റെ ശൈസംസ്കാര പൈതൃകം' എന്ന പുസ്തകത്തിലും കവികളുടെ യഥാര്‍ത്ഥ ചരിത്രവും പശ്ചാത്തലവും വിവരിക്കുന്നുണ്ട്. കണ്ണശ്ശകവികളെപ്പറ്റി ഗവേഷണം നടത്തിയിട്ടുളള മറ്റൊരു പ്രമുഖ വ്യക്തിയാണ് ഡോ. എം.വി. വിഷ്ണു നമ്പൂതിരി. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകള്‍ ലളിതാംബിക അന്തര്‍ജനം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഗവേഷണത്തിലെ വസ്തുതകള്‍ പല ലേഖനങ്ങളിലൂടെയും അന്തര്‍ജനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.'ഭാഷാഭഗവദ്ഗീത' എഴുതിയത് മലയിന്‍കീഴ് മാധവനെന്ന കവിയല്ല, നിരണത്ത് മാധവപ്പണിക്കരാണ്. (മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'മയില്‍പ്പീലി' എന്ന സോവനീറിലും മാധവപ്പണിക്കരെ മലയിന്‍കീഴ് മാധവനാക്കിയിരുന്നു.) സാഹിത്യ അക്കാദമി കണ്ണശ്ശകവികളുടെ പ്രശസ്തമായ എല്ലാ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിരണത്ത് മാധവപ്പണിക്കര്‍ എന്നാണ് പേര് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് (മലയിന്‍കീഴ് മാധവന്‍ എന്നല്ല).
കണ്ണശ്ശകവികളെ മലയിന്‍കീഴുമായി ബന്ധിപ്പിക്കാനുള്ള തെറ്റായ ശ്രമങ്ങള്‍ക്ക് ആധികാരികത പകരാനുള്ള തുടര്‍ശ്രമങ്ങളില്‍നിന്നും മലയിന്‍കീഴ് വികസനസമിതിയും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും പിന്‍മാറണം. മലയാള സാഹിത്യചരിത്രത്തിലെ പ്രാതഃസ്മരണീയരായ കണ്ണശ്ശന്മാരെ അനുസ്മരിക്കാനും ആദരിക്കാനും മലയാളിക്കും ഭാഷാസ്നേഹികള്‍ക്കും കടമയും കടപ്പാടുമുണ്ട്. എന്നാല്‍ അത് അവരുടെ യഥാര്‍ത്ഥ ചരിത്രത്തെ വക്രീകരിച്ച് ചിലരുടെ മാനസികഭാവനയെ തങ്ങള്‍ക്കനുരൂപമായ വിധത്തില്‍ ചിത്രീകരിച്ച് 'സ്വയംഭോഗ'സുഖമടയാനുള്ളതല്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 