|
മന്ത്രി സുധാകരന്റെ 'ജാതി' പ്രസംഗവും സി പി എമ്മും |
|
ഡോ.എം.എസ്. ജയപ്രകാശ്
ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഒരു പത്രത്തില്‍ വന്ന ഏഴുകോളം വാര്‍ത്ത ശ്രദ്ധേയമായിരുന്നു. "ജാതീയ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഏറെ വര്‍ഷങ്ങള്‍ വേണം - മന്ത്രി സുധാകരന്‍" എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്.
അഖിലകേരള ധീവരസഭയുടെ ധീവരജയന്തി സമ്മേളനവും മഹിളാ സമ്മേളനവും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രസംഗം ഇങ്ങനെ: "പിന്നാക്ക ജാതീയര്‍ ചരിത്രപരമായി ഒട്ടേറെ അനുഭവിച്ചവരാണ്. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ ചരിത്രപരമായ പിന്നാക്കാവസ്ഥ അവര്‍ ഇപ്പോഴും അനുഭവിക്കുന്നു. അതുകൊണ്ടാണ് ഇടതുപക്ഷ നേതാക്കളും മന്ത്രിമാരും പിന്നാക്കക്കാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത്." ജാതിസംഘടനകളുടെ സമ്മേളനങ്ങള്‍ സി.പി.എമ്മിന് ഹറാമാണെന്ന് കേട്ടിട്ടുണ്ട്. എസ്.എന്‍.ഡി.പി സമ്മേളനങ്ങളില്‍ പോയതിനാണ് പി.ഗംഗാധരനും ഗൗരിയമ്മയും പാര്‍ട്ടിക്ക് പുറത്തായത്. എല്ലാ ജാതികളുടെയും വോട്ടുവാങ്ങാന്‍ പാകത്തിന് ജാതിനോക്കി സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നവരാണ് ജാതിസംഘടനകളെ ഹറാമായി കാണുന്നത്! ധീവരരുടെ പിന്നാക്കാവസ്ഥയില്‍ മനംനൊന്താണത്രെ അദ്ദേഹം അവരുടെ സമ്മേളനത്തില്‍ പോയത്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയിട്ട് 50 വര്‍ഷം കഴിഞ്ഞിരിക്കുകയാണല്ലൊ. ചരിത്രപരമായ പിന്നാക്കാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുപറയുന്ന സുധാകരനും പാര്‍ട്ടിയും ഇതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടതുണ്ടല്ലൊ. കാള്‍മാര്‍ക്സിന്റെ വര്‍ഗ്ഗസമരം ഇ.എം.എസ് നടപ്പാക്കിയതിന്റെ ഫലമാണിതെന്ന കാര്യവും സമ്മതിക്കുമല്ലൊ! ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ണ്ണസമരമാണ് വേണ്ടതെന്ന് മാര്‍ക്സ് പ്രത്യേകം പറയുന്നുണ്ട്. ജാതിവ്യവസ്ഥ ഉണ്ടായതുകൊണ്ടാണ് ഇന്നു നാം അഭിമാനിക്കുന്ന കേരള സംസ്കാരം ഉണ്ടായതെന്നു പറഞ്ഞ ആചാര്യന്റെ (ഇ.എം.എസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതി നോക്കുക) ശിഷ്യന്‍ ഇപ്രകാരം കുമ്പസാരിക്കേണ്ട കാര്യമുണ്ടോ? ആര്യ ബ്രാഹ്മണരില്‍ നിന്നും നമുക്കു കിട്ടിയ മഹത്തായ സംഭാവനയാണ് ജാതിവ്യവസ്ഥയെന്നും ജാതിപീഡനം ഉണ്ടായെങ്കിലും അതൊരു സല്‍ഭരണം കാഴ്ചവെച്ചുവെന്നും (സെല്‍ഭരണം എന്നും പറയാം) ആചാര്യന്‍ പറയുന്നുണ്ട്. ആ സ്ഥിതിക്ക് ധീവരര്‍ക്കും മറ്റും ജാതീയ പിന്നാക്കാവസ്ഥ മാറ്റാന്‍ ഇനിയും അരനൂറ്റാണ്ടു വേണ്ടിവരുമല്ലൊ.
"സംഭവാമി യുഗേ യുഗേ" എന്നാണല്ലൊ ആപ്തവാക്യം. ജാതിസംവരണം അവസാനിപ്പിക്കണമെന്ന സി.പി.എം വാദത്തിന്റെ പൊള്ളത്തരവും ഇവിടെ വ്യക്തമാകുന്നുണ്ടല്ലൊ. ഇനിയും അരനൂറ്റാണ്ടുകാലമെങ്കിലും സംവരണം വേണമെന്നാണല്ലോ സുധാകരന്‍ ധീവരരോട് പറഞ്ഞിരിക്കുന്നത്! "ധീരാ വീരാ സുധാകരാ 'ധീവരതയോടെ' നയിച്ചോളൂ" എന്ന മുദ്രാവാക്യത്തിനും പ്രസക്തി കൈവന്നിരിക്കുന്നു. |