|
സൂര്യാഘാതം; പഠനം നടത്തുമെന്ന് മുഖ്യമന്ത്രി |
|
തിരുവനന്തപുരം: പാലക്കാട് കഴിഞ്ഞ ദിവസം നേരിട്ട സൂര്യാഘാതത്തെ തുടര്‍ന്ന് ആളുകള്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് സൂര്യാഘാതത്തെ കുറിച്ചു സര്‍ക്കാര്‍ വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
ഇതുവരെ ആറുപേര്‍ക്ക് സൂര്യാഘാതം ഏറ്റിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെയുണ്ടാകാത്ത വിധത്തിലാണ് വേനല്‍ച്ചൂട്. കാര്‍ഷിക മേഖലയിലെയും നിര്‍മാണ മേഖലയിലെയും തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുടിവെളള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രധാന നഗരങ്ങളിലെല്ലാം റെക്കോഡ് ചൂടാണ് കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്താര്‍ദ്ധഗോളത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭിച്ചിട്ടേയുള്ളൂവെന്നും വരുംദിവസങ്ങളില്‍ ചൂട് കനക്കുമെന്നുമാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്. മാര്‍ച്ച് 7ന് തലസ്ഥാന നഗരിയില്‍ 36.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ 34 ഡിഗ്രി വരെയായിരുന്നു ഏറ്റവും കൂടുതല്‍ ചൂട്. ആലപ്പുഴ ജില്ലയില്‍ 33 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയത്ത് ബുധനാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമയം 35 ഡിഗ്രിവരെയായിരുന്നു ഇവിടെ ചൂട്. |