|
യൂസഫിനും യൂനിസിനും ആജീവനാന്ത വിലക്ക്; മാലിക്കിന്റെയും റാണയുടെയും വിലക്ക് ഒരു വര്‍ഷം, അഫ്രീദിക്ക് ആറു മാസം
കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചു പണി. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടീമിന്റെ സമ്പൂര്‍ണ തോല്‍വിയെ കുറിച്ച് അന്വേഷിച്ച വസീം ബാരി കമ്മീഷന്‍ മുന്‍ ക്യാപ്റ്റന്‍മാരായ മുഹമ്മദ് യൂസഫിനും യൂനിസ് ഖാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. പര്യടനത്തിനിടെ അച്ചടക്കരാഹിത്യ പെരുമാറ്റം നടത്തിയതിനാണ് താരങ്ങള്‍ക്ക് വിലക്ക്. മുന്‍ ക്യാപ്റ്റന്‍ ഷോയബ് മാലിക്കിനും പേസര്‍ റാണാ നവേദ് ഉള്‍ ഹസനും ഒരു വര്‍ഷത്തെ വിലക്കുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഒരു മല്‍സരം പോലും ജയിക്കാതെ പാക്കിസ്ഥാന്‍ പൂര്‍ണമായും കീഴടങ്ങുകയായിരുന്നു. ഒത്തുക്കളി ആരോപണവും ടീമിന്റെ പരാജയത്തിനു മേല്‍ കരിനിഴല്‍ പരത്തി. ഇവരെ കൂടാതെ അക്മല്‍ സഹോദരന്‍മാരായ കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍, പന്ത് ചുരുണ്ടിയതിനെ തുടര്‍ന്ന് വിവാദത്തില്‍ ഉള്‍പ്പെട്ട ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദി എന്നിവര്‍ക്ക് ആറു മാസത്തെ വിലക്കും രണ്ടു മുതല്‍ മൂന്നു ദശലക്ഷം വരെ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസീം ബാരി അധ്യക്ഷനായുള്ള ആറംഗ കമ്മിറ്റിയാണ് തോല്‍വിയെ കുറിച്ച് അനേഷ്വണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീമിന്റെ തോല്‍വിയേക്കാളുപരി താരങ്ങള്‍ തമ്മിലുള്ള പരസ്പര ചെളി വാരിയെറിയല്‍ ഏറെ വിവാദമായിരുന്നു. മുന്‍ ക്യാപ്റ്റന്‍മാരായ യൂസഫും യൂനിസും തമ്മിലായിരുന്നു പ്രധാന തമ്മിലടി. ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങളായ യൂനിസിനും യൂസഫിനും ഏര്‍പ്പെടുത്തിയ വിലക്ക് ശ്രദ്ധേയമായിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലാണ് ഇരുവരുടെയും സ്ഥാനം. റാണയ്ക്കും മാലിക്കിനും വിലക്ക് കൂടാതെ 20 ലക്ഷം രൂപയും പിഴ ഇട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് പി സി ബി വക്താവ് നദീം സര്‍വാറിന്റെ ഭാഷ്യം. സ്വതന്ത്ര അനേഷ്വണമായിരുന്നു കമ്മിറ്റി നടത്തിയത്. 13 കളിക്കാരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം പുരോഗമിച്ചത്. ടീം മാനേജര്‍, കോച്ച്, അസിസ്റ്റന്റ് കോച്ച്, ക്യാപ്റ്റന്‍ എന്നിവരുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു വിധി പറച്ചില്‍. താരങ്ങള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് സര്‍വാര്‍ കൂട്ടിച്ചേര്‍ത്തു. വിധിയെ കുറിച്ച് താരങ്ങള്‍ക്ക് ഏത് കോര്‍ട്ടില്‍ വേണമെങ്കിലും അപ്പീല്‍ സമര്‍പ്പിക്കാമെന്ന് പി സി ബി ലീഗല്‍ അഡ്വൈസറും അനേഷ്വണ കമ്മിറ്റി അംഗവുമായ തഫ്സുല്‍ റിസ്വി വ്യക്തമാക്കി.
യൂസഫിനെയും യൂനസിനെയും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് മാത്രമാണ് വിലക്കിയിരിക്കുന്നതെന്ന് പി സി ബി വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്‍, കൗണ്ടി ക്രിക്കറ്റിലും അവര്‍ക്ക് കളിക്കാം. യൂസഫിന്റെയും യൂനസിന്റെയും പെരുമാറ്റം ടീമംഗങ്ങള്‍ക്ക് മുഴുവന്‍ നാണക്കേടാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവര്‍ യോഗ്യരല്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് വിവാദത്തിലകടപ്പെട്ട അഫ്രീദി 30 ലക്ഷം പിഴയും നല്‍കേണ്ടി വരും.ഈ മാസവസാനം വിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുതലാണ് ശിക്ഷാകാലവധി. ട്വന്റി-20 യിലെ നിലവിലെ ലോകചാമ്പ്യന്‍മാരാണ് പാക്കിസ്ഥാന്‍. നിലവില്‍ ഷഹീദ് അഫ്രീദിയാണ് ട്വന്റി-20 ക്യാപ്റ്റന്‍. വിലക്ക് വരുന്നതോടെ പുതിയ ക്യാപ്റ്റനെ സെലക്ടര്‍മാര്‍ കണ്ടേത്തി വരും.
പി സി ബി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വസീം ബാരിയെ കൂടാതെ ബോര്‍ഡ് അംഗം വസീര്‍ അലി കോജ, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് സക്കീര്‍ ഖാന്‍, ടീം മാനേജര്‍ യാവര്‍ സയീദ്, റിസ്വി എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. പരിശീലകന്‍ ഇന്‍തിഖം അലം, അസിസ്റ്റന്റ് കോച്ച് അക്വിബ് ജാവേദ്, ടീം മാനേജര്‍ അബ്ദുള്‍ റഖീബ്, ഫിസിയോതെറാപ്പിസ്റ്റ് ഫൈസല്‍ ഹയത്ത്, അനാലിസ്റ്റ് മുഹമ്മദ് തല്‍ഹ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കമ്മിറ്റി അന്തിമ തീരുമാനമെടുത്തത്. ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര 0-5 ന് അടിയറവ് വച്ച പാക്കിസ്ഥാന്‍ ടെസ്റ്റില്‍ 0-3 ന്റെ തോല്‍വിയും സമ്മതിച്ചു. ചരിത്രത്തിലാദ്യമായാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്കെതിരെ ഇത്ര കനത്ത നിലപാട് കൈകൊള്ളുന്നത്. 2000 ത്തില്‍ ഒത്തുക്കളി വിവാദം അന്വേഷിച്ച ജസ്റ്റിസ് ഖയൂം കമ്മീഷന്‍ സലീം മാലിക്കിനും അതാവുര്‍ റെഹ്മാനും ആജീവനാന്ത വിലക്കും വസീം അക്രമും വഖാര്‍ യൂനിസും അടക്കമുള്ള താരങ്ങള്‍ക്ക് പിഴയും ഏര്‍പ്പെടുത്തിയിരുന്നു.
32 ക്കാരനായ യൂനിസ് 63 ടെസ്റ്റുകളില്‍ നിന്ന് 5,260 ഉം 202 ഏകദിനങ്ങളില്‍ നിന്ന് 5,765 റണ്‍സും നേടിയിട്ടുണ്ട്. 88 ടെസ്റ്റില്‍ നിന്ന് 7431 റണ്‍സാണ് 35 ക്കാരന്‍ യൂസഫിന്റെ സമ്പാദ്യം. 282 ഏകദിനങ്ങളില്‍ നിന്ന് 9624 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് യൂസഫിന്റെ പേരിലാണ്. 2006 ല്‍ 11 ടെസ്റ്റില്‍ നിന്ന് ഒമ്പത് സെഞ്ച്വറിയുടെ അകമ്പടിയോടെ യൂസഫ് 1,788 റണ്‍സ് സ്വന്തമാക്കി. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ പേരിലുണ്ടായിരുന്ന 30 വര്‍ഷത്തെ റെക്കോഡാണ് യൂസഫ് മറികടന്നത്. |