|
തിരുവനന്തപുരം: ഐടി മേഖലയിലെ സ്വപ്നപദ്ധതിയായ സ്മാര്‍ട്സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ അടിമുടി ആശയക്കുഴപ്പത്തിലായ ഇടതുസര്‍ക്കാര്‍ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി പദ്ധതിയുടെ പ്രായോജകരായ ദുബായ് ടീകോമിന് അന്ത്യശാസനം നല്‍കി.
സ്മാര്‍ട്സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ടീകോമിന് കത്തയച്ചു. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടീകോമിന് കത്ത് നല്‍കാന്‍ തീരുമാനിച്ചത്. കത്തിന്റെ കരട് ഐടി സെക്രട്ടറി ഡോ. അജയ്കുമാര്‍, ചീഫ് സെക്രട്ടറി നീലാഗംഗാധരന് ഇന്നലെ രാവിലെ തന്നെ കൈമാറിയിരുന്നു. ഈ കത്ത് വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് ടീകോമിന് കത്തയയ്ക്കാന്‍ തീരുമാനിച്ചത്. ഇനി ടീകോമുമായി യാതൊരു ഇടപാടും വേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കത്ത് അയക്കുന്നതിന് മുമ്പ് ടീകോമിന്റെ പ്രതിനിധികളെ ഇക്കാര്യം ടെലിഫോണിലൂടെ അറിയിക്കുകയും ചെയ്തു. അതേസമയം ടീകോം സിഇഒ ഫരീദ് അബ്ദു റഹ്മാന്‍ അമേരിക്കന്‍ പര്യടനത്തിലായതിനാല്‍ അദ്ദേഹം മടങ്ങിവന്ന ശേഷമേ ഇക്കാര്യത്തില്‍ ടീകോമിന്റെ പ്രതികരണം സര്‍ക്കാരിനെ അറിയിക്കാനിടയുള്ളൂവെന്നാണ് സൂചന. കരാറിലില്ലാത്ത ആവശ്യങ്ങള്‍ നിരന്തരം ടീകോം മുന്നോട്ടുവെയ്ക്കുന്ന സാഹചര്യത്തിലാണ് ടീകോമിന് കത്തയച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വെളിപ്പെടുത്തി. ഭൂമിയിലെ സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്ന കാര്യം അറിയിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. 'ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ (ടീകോം) പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്. അവരുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മോശമാണ്. ആദ്യമൊരു പ്രോജക്ട് തയ്യാറാക്കിയത് ഉപേക്ഷിച്ചു. ഇവിടിപ്പോള്‍ നമുക്ക് കരാര്‍ അനുസരിച്ച് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ. പദ്ധതി നടപ്പാക്കാന്‍ അവരുടെ സാമ്പത്തിക സ്ഥിതി അനുഗുണമല്ല എന്നത് കൊണ്ടാവണം കരാറിലില്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്' -വിഎസ് പറഞ്ഞു. കരാറിലില്ലാത്ത എന്ത് പുതിയ ആവശ്യങ്ങളാണ് ടീകോം മുന്നോട്ടുവെച്ചിരിക്കുന്നതെന്ന ചോദ്യത്തിന് 'ഫ്രീ ഹോള്‍ഡ് തന്നെ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം സ്മാര്‍ട്സിറ്റി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ടീകോം കമ്പനിക്ക് വേണ്ടി കാത്തിരിക്കേണ്ടെന്ന് ഒരുമാസം മുമ്പു തന്ന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച് ടീകോം രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് അവരെ ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ നിയമക്കുരുക്കിലാകുമോയെന്ന ആശങ്ക നിലനിന്നതിനാലാണ് ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കാതിരുന്നത്. ടീകോം കമ്പനി സ്മാര്‍ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അയക്കുന്ന ഇ-മെയിലുകള്‍ക്ക് മറുപടി അയക്കുന്നത് ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം തങ്ങളുമായി ഒപ്പുവെച്ച കരാര്‍ എത്രയും വേഗം രജിസ്ട്രേഷന്‍ നടത്തണമെന്നാണ് ടീകോമിന്റെ ആവശ്യം. എന്നാല്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫയലുകള്‍ മാസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിശ്രമിക്കുകയാണ്. രജിസ്ട്രേഷന്‍വകുപ്പ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നോട്ട് അയച്ചിട്ടും മറുപടി നല്‍കിയിട്ടില്ല.
ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കി നാലുമാസങ്ങള്‍ക്കു മുന്‍പേ നല്‍കിയ ഫയല്‍ മുഖ്യമന്ത്രിയും പരിശോധിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളെടുക്കണമെന്ന ഉത്തരവോടെ ഫയല്‍ തിരികെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടില്ല. ഇതിനിടെ നിശ്ചിത സയമത്തിനുള്ളില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന് നിയമസാധുത നഷ്ടപ്പെടുകയും ചെയ്തു. ടീകോം അയച്ച ഒരു ഇ-മെയിലിന് ചീഫ് സെക്രട്ടറി നീലാഗംഗാധരന്‍ മറുപടി നല്‍കിയത് മാത്രമാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടത്തിയ ഏക ആശയവിനിമയം. 2009 ഡിസംബര്‍ 23-നു തിരുവനന്തപുരത്തു ചേര്‍ന്ന സ്മാര്‍ട്സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനു ശേഷം ടീകോം ഉന്നയിച്ച ആവശ്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അന്വേഷിച്ച് ടീകോം പലകുറി ചീഫ് സെക്രട്ടറിക്ക് അയച്ച ഇ-മെയിലുകള്‍ക്കും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. തത്വത്തില്‍ സ്മാര്‍ട്സിറ്റി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്ന് നേരത്തെ തന്നെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. അതേസമയം സ്മാര്‍ട്സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കിയെന്ന സൂചനയാണ് ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും നല്‍കിയത്. ടീകോമിന്റെ അഭ്യര്‍ഥന മാനിച്ച് ഡിസംബര്‍ 21-നു കേരളത്തില്‍ നിന്നും ഒരു സംഘത്തെ ദുബായിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. അന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നതുമാണ്. എന്നാല്‍ സംഘത്തെ അയക്കേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. ടീകോമിനു സാമ്പത്തിക പ്രതിസന്ധിയില്ലെന്നു ബോധ്യപ്പെടുന്നതിനും അവരുടെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായാണ് കേരളത്തില്‍നിന്നും മുഖ്യമന്ത്രിയോ അദ്ദേഹം നിയോഗിക്കുന്ന സംഘമോ ദുബായിലേക്കെത്തണമെന്നു ടീകോം അഭ്യര്‍ഥിച്ചിരുന്നത്. ഇതിനിടെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമക്കുരുക്കിലായേക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്സിറ്റി പദ്ധതിക്ക് വേണ്ടി ടീകോം സര്‍ക്കാരിന് നല്‍കിയ തുകയുടെ രേഖകള്‍ അവരുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ടീകോമിനെ ഒഴിവാക്കിയാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. എന്നാല്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ടീകോം പിന്മാറിയാലും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമസാധുത ഉണ്ടാവില്ലെന്നാണ് നിയമവകുപ്പിന്റെ വിലയിരുത്തല്‍.
പാട്ടക്കരാര്‍ അനുസരിച്ച് 104 കോടി രൂപയാണ് ടീകോം സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. 2007 നവംബര്‍ 15-ന് ഒപ്പുവെച്ച പാട്ടക്കരാര്‍ അനുസരിച്ച് 246 ഏക്കര്‍ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനാണ് 104 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. കൊച്ചി സ്മാര്‍ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍, അടിസ്ഥാന സൗകര്യ വികസന പഠനം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ഇനങ്ങളിലായി മറ്റൊരു 200 കോടി രൂപയും തങ്ങള്‍ ഇതിനകം ചെലവിട്ടതായി സ്മാര്‍ട്സിറ്റി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പദ്ധതി പ്രദേശത്തെ 28 ഏക്കര്‍ ഭൂമിയിലെ സ്വതന്ത്രാവകാശം സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടയില്‍ കൊച്ചി സ്മാര്‍ട്സിറ്റി കമ്പനിയുടെ 16 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനും കമ്പനി കൈമാറിയിരുന്നു. ഭൂമി കൈമാറി നാലു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സ്മാര്‍ട്സിറ്റി പാട്ടക്കരാറിലെ വ്യവസ്ഥ. ഭൂമി ഇതു വരെ ദുബായ് സ്മാര്‍ട്സിറ്റി കമ്പനിക്ക് കൈമാറാത്ത സാഹചര്യത്തില്‍ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്ന് ദുബായ കമ്പനിയെ ഒഴിവാക്കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. |