|
വനിതാ ബില്‍ ഉടന്‍ ലോക്സഭയിലേക്ക് |
|
ബി.എസ് ഷിജു ന്യൂഡല്‍ഹി: രാജ്യസഭ പാസ്സാക്കിയ വനിത സംവരണ ബില്‍ ഈ മാസം തന്നെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ആയേക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പി.കെ ബന്‍സാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ മാസം പതിനാറിന് മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ലോക്സഭ പിരിയും.
അതിനുമുമ്പായി സഭയില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് നിയമസഭകളില്‍ ബില്‍ പാസാക്കുന്ന പ്രക്രിയയ്ക്കും കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകാനിടയില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു മുന്നോടിയായി സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തി. യു.പി.എ മുന്നണിക്കുള്ളിലേയും പുറത്തേയും പാര്‍ട്ടികളുമായി ഒറ്റയ്ക്കും കൂട്ടായുമുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി എം.വീരപ്പമൊയ്‌ലിയും സൂചന നല്‍കി. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗമാകും തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തീരുമാനത്തില്‍ പുന:പരിശോധന നടത്തണമെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ചരിത്രപരമായ നിയമനിര്‍മ്മാണത്തില്‍ നിന്നും വിട്ടുനില്‍ക്കാതെ പങ്കാളികളാകാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനിടെ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പുറത്തുനിന്നും നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സമാജ്‌വാദിപാര്‍ട്ടിയും ആര്‍.ജെ.ഡിയും ഇതില്‍ നിന്നും പിന്‍വലിഞ്ഞു. ഇന്നലെ രാഷ്ട്രപതിയെ കണ്ട് പിന്തുണ പിന്‍വലിക്കുന്ന കത്തു കൈമാറും എന്നായിരുന്നു ഇരുപാര്‍ട്ടി അധ്യക്ഷന്മാരും നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുലായവും ലാലുവും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. അതേസമയം, രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത അംഗങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ ലോക്സഭ ഇന്നലെ സ്തംഭിച്ചു. രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി അംഗങ്ങള്‍ ബഹളവുമായി രംഗത്തെത്തി. തുടര്‍ന്ന് ചോദ്യോത്തരവേള തടസ്സപ്പെട്ടു, 12 മണിവരെ നടപടികള്‍ നിര്‍ത്തിവച്ചു. 12 മണിക്ക് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവച്ചു. രണ്ടുവട്ടം നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധക്കാര്‍ തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്പീക്കര്‍ മീരകുമാര്‍ ഇന്നലത്തേക്ക് പിരിച്ചുവിട്ടു.
പുറത്താക്കിയ അംഗങ്ങളെ തിരിച്ചെടുക്കണമെന്ന് രാജ്യസഭയിലും സമാജ്‌വാദി, ആര്‍.ജെ.ഡി അംഗങ്ങള്‍ ആവശ്യപ്പെട്ടു. അവര്‍ സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു. ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പുറത്താക്കിയ അംഗങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പ്രമേയം കൊണ്ടുവന്നതെന്നും തിരിച്ചെടുക്കുന്നതിനും സര്‍ക്കാര്‍ തന്നെ പ്രമേയം കൊണ്ടുവരണമെന്നും സഭ നിയന്ത്രിച്ച ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വ്യക്തമാക്കുകയായിരുന്നു. |