പള്ളീലച്ചന്റെ ളോഹയും എന്തോ നഷ്ടപ്പെട്ട കാരാട്ടും..

Imageഅനീഷ്‌ അനിരുദ്ധന്‍
അലക്കുകാരന്‍ മരക്കൊമ്പില്‍ പള്ളീലച്ചന്റെ ളോഹ, കഴുകി ഉണക്കാനിട്ടാലും അതിനെനോക്കി 'ഈശോമിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ'യെന്ന്‌ പറയുന്ന കാലമാണിത്‌. അതിന്‌ കാരണവുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുക്കാറായി.

നികൃഷ്ടജീവികളെന്ന്‌ പണ്ട്‌ വിളിച്ചിട്ടുണ്ടെങ്കിലും ഇനി ആ നിലപാട്‌ തുടരുന്നത്‌ ശരിയല്ലെന്ന്‌ ഐസക്കിനും മറ്റ്‌ സഖാക്കള്‍ക്കും നന്നായറിയാം. ലോഹയുടെ കാര്യം മാണിസാറാണ്‌ സഭയില്‍ പരാമര്‍ശിച്ചതെങ്കിലും കൊന്തയ്ക്ക്‌ വിലകുറച്ചത്‌ ഒരു പള്ളീലച്ചന്‍ തന്നോട്‌ ആവശ്യപ്പെട്ടതു കൊണ്ടാണെന്ന്‌ ഡോ ഐസക്ക്‌ അറിയാതെ പറഞ്ഞു പോയതാണ്‌ പ്രസ്തുത പരാമര്‍ശത്തിലേയ്ക്ക്‌ നയിച്ചത്‌ ഐസക്ക്‌ ധനകാര്യ വിദഗ്ദ്ധനാണെങ്കിലും ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തില്‍ അത്രയ്ക്കൊന്നും തന്നെ വിദഗ്ദ്ധനല്ല. അതു കൊണ്ടാണല്ലോ മാണിസാര്‍ പറഞ്ഞത്‌ പോലെ മന്ത്രിക്കുണ്ടായ പരാജയം അദ്ദേഹം ധനകാര്യകമ്മീഷന്റെ മുതുകില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്‌.
മാണിസാര്‍ ഐസക്കിനെതിരെ കത്തിക്കയറുകയാണ്‌. എന്നാല്‍ ധനകാര്യകമ്മീഷനെ മുന്നില്‍ നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്ക്‌ സഖാവ്‌ തോല്‍വി സമ്മതിക്കാനും തയ്യാറല്ല. ഇതോടെ താന്‍ എഴുതിയ 'അധ്വാന വര്‍ഗ്ഗ സിദ്ധാന്തം' ഐസക്ക്‌ വായിക്കണമെന്ന്‌ കെഎം മാണിക്ക്‌ പറയേണ്ടി വന്നു.


സ്വന്തം മുഖം വികൃതമാണെന്ന്‌ കരുതി കണ്ണാടി ഉടയ്ക്കാന്‍ ശ്രമിക്കരുതെന്ന ഉപദേശവും മാണിസാര്‍ ധനമന്ത്രിക്ക്‌ നല്‍കി. ഇതോടെ താന്‍പിടിച്ച മുയലിന്‌ കൊമ്പില്ലെന്ന നിരാശയോടെ ഐസക്ക്‌ സഖാവിന്‌ ഇരിപ്പടത്തില്‍ അമര്‍ന്നിരിക്കേണ്ടി വന്നു. ബജറ്റ്‌ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്നും അവസാനം മാണി സാറിന്‌ പറയേണ്ടി വന്നു. ശാസ്താംകോട്ട കായലിനെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്ന കോവൂര്‍ കുഞ്ഞുമോന്‍, തന്റെ പ്രണയിനിയെക്കുറിച്ച്‌ ഇന്നലെയും സഭയില്‍ വാചാലനായി. പ്രണയിനിയെ സംരക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ്‌ ഇത്തവണ കുഞ്ഞുമോന്‍ സഭയില്‍ വച്ചത്‌. മെത്രോപൊലീത്ത പോലും ഐസക്കിനെ അഭിനന്ദിച്ചെന്നാണ്‌ 'ത്രിശങ്കുവില്‍' നില്‍ക്കുന്ന ജനതാദളുകാരനായ മാത്യൂ ടി തോമസ്‌ പറയുന്നത്‌.
ഗ്രീന്‍ സലാഡെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ ഗ്രീന്‍ ബജേറ്റ്ന്ന്‌ കേള്‍ക്കുന്നത്‌ ആദ്യമായിട്ടാണ്‌. പറഞ്ഞത്‌ യുസി രാമനാണ്‌. തേന്‍ തേന്‍ എന്നെഴുതി വച്ചിട്ട്‌ നക്കിയാല്‍ മധുരിക്കുമോയെന്നും യൂസി ചോദിച്ചു. ഐസക്കിന്റേത്‌ പിച്ച ബജറ്റാണെന്ന ആരോപണവും രാമന്‍ ഉന്നയിച്ചു.


എത്ര മനോഹരമായ നടക്കാത്ത സ്വപ്നം - ഇത്‌ പറഞ്ഞത്‌ ജഗതി ശ്രീകുമാറാണെങ്കിലും. ജഗതിയ ഉദ്ധരിച്ചതും യുസി രാമന്‍ തന്നെ. ഐസക്കിന്റെ ബജറ്റിനെ വിശേഷിപ്പിക്കാനാണ്‌ അദ്ദേഹം സിനിമാ ഡയലോഗ്‌ കടമെടുത്തതെന്ന്‌ മാത്രം. മദ്യം വില്‍ക്കുന്ന ബിവറേജസ്‌ കോര്‍പ്പറേഷന്‍ മദ്യവിരുദ്ധ ചികിത്സാ കേന്ദ്രങ്ങല്‍ തുടങ്ങുമെന്ന ഐസക്കിന്റെ പ്രസ്താവനയെയും രാമന്‍ വെറുതെ വിട്ടില്ല. സിപിഎം വേദപഠന ക്ലാസ്‌ തുടങ്ങുമെന്ന്‌ പറയുന്നത്‌ പോലെയാണിതെന്നും അദ്ദേഹം കളിയാക്കി. ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയ എപി അബ്ദുള്ള കുട്ടിയാണ്‌ കന്നി പ്രസംഗത്തിലൂടെ ഇന്നലെ താരമായി മാറിയത്‌. തെറ്റ്‌ പറ്റാത്ത മനുഷ്യരില്ല. അല്‍പം വൈകിയാണെങ്കിലും തെറ്റ്‌ തുറന്ന്‌ പറഞ്ഞയാളാണ്‌ താനെന്ന്‌, വികാരഭരിതനായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ആണവകരാറിനെക്കുറിച്ച്‌ മുത്തശ്ശനോട്‌ സംശയം ചോദിച്ച കുട്ടിയുടെ കഥയും കുട്ടി സഭയില്‍ വിവരിച്ചു. ആണവ കരാര്‍ എന്താണെന്ന്‌ അറിയില്ലെങ്കിലും രാജ്യത്തിന്‌ ഗുണം കിട്ടുന്ന എന്തോ ഒന്നാണെന്ന്‌ മുത്തശ്ശന്‌ നന്നായി അറിയാം. കാരണം കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു എന്നത്‌ തന്നെ.


കുട്ടിയുടെ കഥ കേട്ട പ്രതിപക്ഷാംഗങ്ങള്‍ ഡെസ്ക്കിലടിച്ചു ചിരിച്ചു. പക്ഷെ ഭരണപക്ഷം ഒരക്ഷരം മിണ്ടാതെ തന്നെ 'അദ്ഭുതകുട്ടി'യുടെ പ്രസംഗം കേട്ടിരുന്നു. കോണ്‍ഗ്രസ്സിന്‌ വേണ്ടി എത്രകാലം പ്രസംഗിച്ചാലാണ്‌ താന്‍ ചെയ്ത പാപം തീരുന്നതെന്നും ഗാന്ധിജിയുടെ ഛായാ ചിത്രത്തെ നോക്കി നിഷ്ക്കളങ്കമായി ചോദിക്കാനും അബ്ദുള്ളക്കുട്ടി മടിച്ചില്ല. അബ്ദുള്ള കുട്ടിയെ പ്രതിരോധിക്കാന്‍ ആനത്തലവട്ടം സഖാവ്‌ ശ്രമിച്ചെങ്കിലും, പതിവ്‌ പോലെ ദയനീയമായിത്തന്നെ പരാജയപ്പെട്ടെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ! സാമ്പത്തിക വിദഗ്ദ്ധനെയല്ല ചെപ്പടി വിദ്യക്കാരനെയാണ്‌ ബജറ്റിലൂടെ കാണാന്‍ കഴിയുന്നതെന്ന്‌ കെസി ജോസഫ്‌ പറഞ്ഞു. ഐസക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതികളെ സ്വന്തം പദ്ധതികളാക്കുന്ന ഐസക്കിനെ ഇങ്ങനെ വിമര്‍ശിച്ചതില്‍ അദ്ഭുതപ്പെടാനില്ല. സിഡിഎസിന്‌ വാരിക്കോരി കൊടുത്തിട്ടുണ്ട്‌. അതിന്‌ കാരണവും കെസി ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം ഇതെല്ലാം മടക്കിക്കെട്ടി സിഡിഎസ്സിലേക്ക്‌ തന്നെ ഐസക്കിന്‌ പോകേണ്ടി വരുമല്ലോ!. ആണവകാരാറിലുള്ള എതിര്‍പ്പ്‌ പരാജയപ്പെട്ടപ്പോള്‍ എന്തോ നഷ്ടപ്പെട്ട അണ്ണാനെപ്പോലിരിക്കുന്ന പ്രകാശ്‌ കാരാട്ടിന്റെ ചിത്രം സഭയില്‍ വിവരിച്ചത്‌ ബാബുപ്രസാദാണ്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഉപ്പ്‌ കലം പോലെയാണെന്നും ബാബു പ്രസാദ്‌ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls