|
തിരുവനന്തപുരം: തങ്ങളുടെ മക്കളെ ഏതു സ്ക്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എംഎല്‍എ പറഞ്ഞു.
പണം മുടക്കി പ്രാഥമിക വിദ്യാഭ്യാസം നേടുവാന്‍ ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഉള്ള സൗകര്യം സര്‍ക്കാര്‍ മേഖലയിലുണ്ട്. അതില്‍ താല്‍പര്യമില്ലാത്ത കൂടുതല്‍ സൗകര്യം വേണ്ട പണം മുടക്കുവാന്‍ ശേഷിയും സന്നദ്ധതയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും, സൗകര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണതയോടു യോജിക്കാനാവില്ല. കൂടുതല്‍ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സൃഷ്ടിപരമായ മത്സരത്തിനേ ഉപകരിക്കൂ.എന്‍ഒസി നല്‍കാത്തതുമൂലം സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കാത്ത അവസ്ഥ ഒഴിവാക്കുക, പ്രൈവറ്റ് സ്റ്റഡി എല്ലാവര്‍ക്കും 7-ാംക്ലാസ് വരെ അനുവദിക്കുക, സ്വന്തം സ്കൂളില്‍ പരീക്ഷ എഴുതി ടി സി നല്‍കാന്‍ അനുമതി നല്‍കുക, കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുക, അയല്‍ സംസ്ഥാനങ്ങളിലേതുപോലെ മൂന്നര വര്‍ഷത്തേയ്ക്ക് വ്യവസ്ഥകള്‍ വിധേയമായി അംഗീകാരമോ തദ്ദേശ സ്വയം ഭരണ സ്ഥാപനലൈസന്‍സോ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അണ്‍എയ്ഡഡ് സ്കൂള്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിരുദാനന്തര ബിരുദം പോലും വിദൂരവിദ്യാഭ്യാസത്തിലൂടെ നേടാവുന്ന കാലഘട്ടത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് പ്രൈവറ്റ് സ്റ്റഡി പാടില്ലെന്നത് വിരോധഭാസമാണെന്നും, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖല ചെയ്തിട്ടുള്ള സംഭാവനകള്‍ അവഗണിക്കാവുന്നതല്ലെന്നും ധര്‍ണ്ണയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കെ എം മാണി എംഎല്‍എ പറഞ്ഞു. എല്ലാ രംഗത്തും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇവിടെ തലതിരിഞ്ഞ സമ്പ്രദായമാണുള്ളത്. സംസ്ഥാന കണ്‍വീനര്‍ ബിജു കെ ഐസക്കിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡി കെ ശേഖര്‍, വിവിധ സംഘടനാ നേതാക്കളായ സി എഫ് തോമസ്, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, എന്‍ സി പിള്ള യുസഫലി, ഡി ലോകനാഥന്‍, ബാബു തേനാലില്‍, പ്രൊഫ, എബ്രഹാം തലവടി, എംഎംഎസ് അലി, ശശിധരന്‍, റെജിനാള്‍ഡ് നെറ്റോ, ചന്ദ്രശേഖരന്‍വാര്യര്‍, അലക്സാണ്ടര്‍ മാത്യു എബ്രഹാം, കെ കെ ചെറിയാന്‍ജീ, ഷാജി മയ്യനാട് എന്നിവര്‍ പ്രസംഗിച്ചു. ആനന്ദ് കണ്ണശ, ലഫ്റ്റനന്റ് എന്‍ജീനിയര്‍ ഗോപാല്‍ കെ നായര്‍, ഷാജി തേക്കാട്ടില്‍, സലാം പറവണ്ണ, രാജി പ്രകാശ്, ആന്റണി ജോസഫ്, പ്രൊഫ. കെ സി ജോര്‍ജ്ജ്, രജ്ഞി കുറുപ്പ്, സന്തോഷ് കുമാര്‍, എം സി ദാനിയേല്‍, ശങ്കരന്‍ നടുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. |