|
തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ശ്രമംപരാജയപ്പെടുത്തിയ കണ്ണൂരിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് എപി അബ്ദുള്ളക്കുട്ടി നിയമസഭയിലെ തന്റെ കന്നി പ്രസംഗം ആരംഭിച്ചത്.
ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ എതിര്‍ക്കുക മാത്രമല്ല, വെറുക്കുക കൂടി ചെയ്യുന്നു. നിയമസഭയിലേക്ക് വരുമ്പോള്‍ ഐസക്ക് സാമ്പത്തിക വിദഗ്ദ്ധനാണെന്നാണ് കരുതിയത്. എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ടച്ചുള്ള ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. ബജറ്റിനെക്കുറിച്ച് പഠിക്കാന്‍ ഐസക്കിനെ കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ അടുത്ത് ട്യൂഷന് വിടണമെന്ന് അബ്ദുള്ള കുട്ടി നിര്‍ദ്ദേശിച്ചു. ഗ്രീന്‍ ബജേറ്റ്ന്ന് പറയുന്നുണ്ടെങ്കിലും സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും ഉല്‍ക്കൊള്ളിച്ചിട്ടില്ല. കൊന്തയ്ക്കും ബിയറിനുമാണ് ബജറ്റില്‍ വിലകുറച്ചിരിക്കുന്നത്. കെഎസ് മനോജ് നടത്തിയ വെല്ലുവിളിയ്ക്ക് മറുപടിയായിട്ടാണ് കൊന്തയുടെ വിലകുറച്ചതെങ്കിലും ബിയറിന് വിലകുറച്ചതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന നയനാര്‍ ഫുട്ബോള്‍ മത്സരത്തിന്റെ സ്പോണ്‍സര്‍ കിംഗ് ഫിഷര്‍ എന്ന ബിയര്‍ കമ്പനി ആയതു കൊണ്ടാണ് താന്‍ ഇത്തരമൊരു സംശയം ഉന്നയിക്കുന്നതെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. നയനാരുടെ ആത്മാവ് പോലും സിപിഎമ്മിന് മാപ്പ് കൊടുക്കില്ല. മതവിശ്വാസം അരുതെന്ന് സിപിഎം പാര്‍ട്ടി രേഖ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കൊന്തയ്ക്ക് വില കുറച്ച് ഐസക്ക് വെട്ടിലായിരിക്കുകയാണ്. പുതിയ പ്രഖ്യാപനത്തിലൂടെ പിബി അംഗമാകാന്‍ സാധ്യതയുണ്ടായിരുന്ന ഐസക്ക് ബ്രാഞ്ച് മെമ്പറായിപ്പോകുമേയെന്നാണ് തന്റെ പേടിയെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നഷ്ടത്തിലാക്കിയവര്‍ തന്നെ ലാഭത്തിലാക്കി എന്നതാണ് വസ്തുത. സിഐടിയു നടത്തിയ അനാവശ്യ സമരങ്ങളാണ് വ്യവസായങ്ങള്‍ നഷ്ടത്തിലാക്കാന്‍ ഇടയായത്. കെഎസ്‌ആര്‍ടിസി ബസ് കത്തിച്ചും ആളെ കൊന്നും എത്ര സമരങ്ങള്‍ നടത്തിയിട്ടുണ്ട്? ശ്രീപെരുംമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയയുടെ പ്ലാന്റ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ഓഫാക്കേണ്ടി വന്നിട്ടില്ല. ഇത്തരത്തില്‍ 24 മണിക്കൂറെങ്കിലും ഒരു സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ?. ഇന്ന് ഒരുപട് മാറിയിട്ടുണ്ട്. സമരങ്ങള്‍ കുറയ്ക്കാന്‍ നിലപാട് സ്വീകരിച്ച വ്യവസായ മന്ത്രി എളമരം കരീമിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണ്.
പൊതുമേഖലാസ്ഥാപനമായ റബ്ക്കോയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപയാണ് നല്‍കിയത്. അവര്‍ ആ തുക ഉപയോഗിച്ച് കണ്ണൂരില്‍ 14 നിലയുള്ള ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ചു. കണ്ണൂരില്‍ മനോരമയുടെ ഓഫീസ് പോലും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ഡല്‍ഹിയിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്സ് പോലും വാടകകെട്ടിടത്തിലാണ്. ഈ സാഹചര്യത്തിലാണ് റബ്ക്കോ സ്വന്തമായി ബഹുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. റബ്ക്കോ ചെയര്‍മാന്‍ ഇ നാരായണന്‍ കെടുകാര്യസ്ഥതയുടെ രാജാവാണെന്ന് അബ്ദുള്ള കുട്ടി ആരോപിച്ചു. ബജറ്റ് പ്രസംഗത്തിലൂടെ ആസിയാന്‍ കരാറിനെ ആസൂത്രിതമായി വിമര്‍ശിക്കാനാണ് ഐസക്ക് ശ്രമിച്ചിരിക്കുന്നത്. നെല്ലുകുത്തിമുതല്‍ ആണവകരാറിനെ വരെ ആദ്യം എതിര്‍ത്തു. പിന്നീട് അംഗീകരിക്കേണ്ടി വന്നു. തെറ്റുപറ്റാത്ത മനുഷ്യരില്ല. അല്‍പം വൈകിയാണെങ്കിലും തെറ്റ് തുറന്ന് പറയാന്‍ തയ്യാറായ ഒരാളാണു താനെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
തൊണ്ണൂറുകളില്‍ ഡോ. മന്‍മോഹന്‍ സിഗ് ഉദാരവല്‍ക്കരണനയം നടപ്പാക്കിയപ്പോള്‍ തന്നെ അന്ന് തോമസ് ഐസക്ക് പഠിപ്പിച്ചത്, ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വീണ്ടും വരാന്‍ പോകുന്നുവെന്നാണ്. പക്ഷെ ഉദാരവല്‍ക്കരണ നയത്തിന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് തുടക്കം കുറിച്ചതോടെ വന്‍ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചത്. ഇന്ത്യയിലെ പലകമ്പനികളും വിദേശരാജ്യങ്ങളില്‍പ്പോലും സ്വാധീനമുള്ള കമ്പനികളായി മാറി. ഈ സാഹചര്യത്തിലെങ്കിലും തങ്ങളുടെ മുന്‍ നിലപാടുകള്‍ ശരിയായിരുന്നോയെന്ന ആത്മപരിശോധന നടത്താന്‍ സിപിഎം തയ്യാറാകണമെന്ന് അബ്ദുള്ള കുട്ടി ആവശ്യപ്പെട്ടു. പിണറായിയില്‍ ആരംഭിക്കുന്ന അംഗണ്‍വാടി തന്റെ മണ്ഡലത്തിലേയ്ക്ക് മാറ്റണം. പകരം പിണറായിയില്‍ ഒരു ദുര്‍ഗ്ഗുണ പരിഹാര പാഠശ്ശാലയാണ് സ്ഥാപിക്കേണ്ടത്. പാര്‍ട്ടി ഗ്രമങ്ങളിലെ അക്രമം അവസാനിപ്പിക്കുന്നതിന് അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വികസനം വേണമെങ്കല്‍ സമാധാനം വരണം. താന്‍ കാലുമാറിയ ആളല്ല. കാഴ്ച്ചപ്പാടുമാറിയ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിലെ ഗാന്ധിജിയുടെഛായാ ചിത്രത്തെ നോക്കിക്കൊണ്ട്, താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്ത ആളാണെന്നും ഇനി കോണ്‍ഗ്രസ്സിന് വേണ്ടി എത്ര സംസാരിച്ചാലാണ് ഈ പാപം തീരുകയെന്നും അബ്ദുള്ള കുട്ടി ചോദിച്ചു. അബ്ദുള്ളകുട്ടിയുടെ പ്രസംഗം ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നത് വരെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ നിശബ്ദരായിരുന്നു.
|