|
സി പി എമ്മിന്റെ കലി പത്രങ്ങളോട് |
|
തലശേരി: ഉപരോധ സമരത്തെ ജനങ്ങള്‍ കയ്യൊഴിഞ്ഞപ്പോള്‍ സി പി എമ്മിന്റെ കലി പത്രങ്ങളോട്. സി പി എം ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധ സമരത്തിന് വേണ്ട രീതിയില്‍ വാര്‍ത്താപ്രാധാന്യം നല്‍കാതെ ദുരുപദിഷ്ടമായ വാര്‍ത്തകളും ഫോട്ടോയും പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് മാതൃഭൂമി,
മനോരമ പത്രങ്ങളുടെ ഓഫിസുകളിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കടന്നു ചെന്ന് ഭീഷണിപ്പെടുത്തുകയും പ്രകടനക്കാര്‍ കൊണ്ട് വന്ന പത്രങ്ങള്‍ ഓഫിസിനു മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. മുന്‍കാലങ്ങളിലുണ്ടായ അനുഭവം ഓര്‍ക്കുന്നില്ലെങ്കില്‍ പത്രം കത്തിച്ചതു പോലെ ജീവനക്കാരേയും കത്തിക്കുമെന്ന് പ്രകടനക്കാര്‍ ഭീഷണിമുഴക്കി. തലശേരിയിലെ മാതൃഭൂമി ഓഫീസിലാണ് 20 അംഗ സംഘം ആദ്യമെത്തിയത്. ലേഖകന്‍ പി പി അനീഷിനെ ഭീഷണിപ്പെടുത്തി മാതൃഭൂമി പത്രങ്ങള്‍ ഓഫീസിലിട്ട് കത്തിച്ചു. പിന്നീടാണ് മനോരമ ഓഫീസുലം ഇതേ രീതിയില്‍ ഭീഷണിയുമായി എത്തിയത്. പത്രമോഫിസുകളില്‍ ഡി.വൈ.എസ്.പി എസ് ശശിധരനും സംഘവും സന്ദര്‍ശിച്ച് വിവരമാരാഞ്ഞു. പത്രം ഓഫിസില്‍ കയറി ഭീഷണിമുഴക്കിയ സംഭവത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഭീഷണിമുഴക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പത്രം ഓഫിസുകള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പത്രം ഓഫിസുകള്‍ക്കും പത്രവിതരണ വാഹനങ്ങള്‍ക്കും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. പത്രമോഫീസില്‍ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എം പി, കെ പി മോഹനന്‍ എം എല്‍ എ, കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍, മമ്പറം ദിവാകരന്‍ എന്നിവര്‍ പ്രതിഷേധിച്ചു. |