|
ഒരുമാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍
നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ രണ്ടുപേര്‍ക്ക് ഐഎഎസ് നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.
പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ പട്ടികയിന്മേല്‍ തുടര്‍നടപടികള്‍ ഒരുമാസത്തേക്ക് തടഞ്ഞുകൊണ്ട് ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍വീസിലെ രണ്ടുപേര്‍ക്ക് ഐഎഎസ് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ വിവാദത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് മാര്‍ച്ച് മൂന്നിന് 'വീക്ഷണം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സോയില്‍ സര്‍വേ മുന്‍ ഡയറക്ടര്‍ ഡോ. പിഎന്‍ പ്രേമചന്ദ്രന്‍ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷക സുമതി ദണ്ഡപാണി മുഖേന സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ റദ്ദ് ചെയ്ത് ഉത്തരവ് വന്നിരിക്കുന്നത്. ഐഎഎസിന് വേണ്ടിയുള്ള പട്ടിക തയ്യാറാക്കുന്നത് അതീവ ഗൗരവവമുള്ള വിഷമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ സുതാര്യമായി നടപ്പാക്കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും ഈമാസം 24-ന് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. അന്നുതന്നെ ഹിയറിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഐഎഎസ് പോസ്റ്റിംഗ് നടക്കാനിരിക്കെ പട്ടിക തടഞ്ഞുകൊണ്ടുള്ള വിധി സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ 30-ന് വാദം കേള്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച് വാദം കേള്‍ക്കുന്നത് നേരത്തെയാക്കുകയായിരുന്നു.ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി എം ഗിരീഷ്കുമാര്‍, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ വി രതീശന്‍ എന്നിവര്‍ക്ക് ഐഎഎസ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നോമിനിയെന്ന നിലയില്‍ രതീശനെയും ധനമന്ത്രി തോമസ് ഐസക്കിന്റെ നോമിനിയെന്ന നിലയില്‍ ഗിരീഷ്കുമാറിനെയും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആക്ഷേപം.
ഇതിനായി ഇരുവര്‍ക്കും അനധികൃതമായി പത്തുമാര്‍ക്ക് വീതം നല്‍കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് അയച്ചു. ഈ ഫയലില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഒപ്പിടുകയും ചെയ്തു. 2009 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഐഎഎസ് ഗൈഡ്ലൈന്‍ അനുസരിച്ച് നൂറുമാര്‍ക്ക് കണക്കാക്കിയാണ് ഉദ്യോഗസ്ഥരെ പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന് 70 മാര്‍ക്ക്, ഗുഡ്സര്‍വീസ് എന്‍ട്രിക്ക് 10 മാര്‍ക്ക്, വകുപ്പുതലത്തിലെ മികച്ച സംഭാവനയ്ക്ക് 10 മാര്‍ക്ക്, ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ അവാര്‍ഡ് നേടിയവര്‍ക്കും പ്രസിദ്ധീകരണത്തിനും 10 മാര്‍ക്ക് എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ നൂറ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ഗിരീഷ്കുമാറിനും രതീശനും ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടില്ലെന്നിരിക്കെ പത്തുമാര്‍ക്ക് അധികമായി നല്‍കിയാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഇവര്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കാണെന്ന പേരിലാണ് അധികമാര്‍ക്ക് നല്‍കുന്നതെന്ന തിരുത്തലോടെ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അനധികൃതമായി പത്തുമാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഇവര്‍ പരിഗണനാലിസ്റ്റില്‍ പോലും ഉള്‍പ്പെടില്ലെന്നാണ് വിമര്‍ശനം. രതീശന് കളക്ടര്‍ നല്‍കിയ ഗുഡ്സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ടെന്നാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനുള്ള കാരണമായി പറയപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവായി ഇറങ്ങിയ ഗുഡ്സര്‍വീസ് എന്‍ട്രി മാത്രമേ ഇതിനായി പരിഗണിക്കാവൂവെന്നും ചട്ടമുണ്ട്. പത്തുമാര്‍ക്ക് കൂടി ലഭിക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്തുള്ള ഗിരീഷിന് 79.2, രതീശന് 79 എന്നിങ്ങനെയാണ് ആകെ മാര്‍ക്ക് ലഭിക്കുക. തൊട്ടടുത്ത സ്ഥാനത്തുള്ളത് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെകെ രമണിയാണ്. ഇവര്‍ക്ക് 78.2 മാര്‍ക്കുണ്ട്. അതേസമയം നേരത്തെ അഭിമുഖത്തില്‍ പങ്കെടുത്ത് മികച്ച മാര്‍ക്ക് നേടിയവരെ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. 2009-ല്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് ഐഎഎസ് നല്‍കുന്നതിന് കഴിഞ്ഞ ജൂണ്‍ 15-നാണ് ചീഫ് സെക്രട്ടറി നോമിനേഷന്‍ ക്ഷണിച്ചത്. എല്ലാ വകുപ്പിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 24 പേരുടെ നോമിനേഷനാണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. ഇതില്‍ നിന്നാണ് ഗിരീഷിനെയും രതീശനെയും തെരഞ്ഞെടുത്തത്. |