മേലുദ്യോഗസ്ഥ പീഡനം താങ്ങാനാവാതെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ തൂങ്ങിമരിച്ചു

Imageകോന്നി: മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ പോലീസുകാരന്‍ തൂങ്ങിമരിച്ചു. കോന്നി പോലീസ്‌ സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ ആയ പത്തനാപുരം കറവൂര്‍ പെരുന്തോയിക്കല്‍ വലിയറപ്പാറ നീതുഭവനില്‍ എസ്‌.ശ്രീകുമാര്‍ (42) നെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇന്നലെ രാവിലെ 8.30-ഓടെ കോന്നിയിലെ പഴയ സി.ഐ ഓഫീസ്‌ കെട്ടിടത്തിനുളളിലെ ഉത്തരത്തില്‍ തൂങ്ങിനില്‍ക്കുന്നതായിട്ടാണ്‌ പോലീസുകാര്‍ കണ്ടെത്തിയത്‌. തുടര്‍ച്ചയായി മേലധികാരികളില്‍ നിന്നുള്ള വിപരീത പെരുമാറ്റം മൂലം ശ്രീകുമാര്‍ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക അസ്വാസ്ഥ്യത്തിലായിരുന്നുവെന്ന്‌ സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നു.
ശബരിമല സീസണില്‍ ശ്രീകുമാറിനെ ഡ്യുട്ടിയിട്ടിരുന്നെങ്കിലും ഒരു ദിവസം വൈകിയാണ്‌ പമ്പയിലെത്തിയത്‌. ഡ്യുട്ടിയിലുണ്ടായ പിഴവിന്‌ രണ്ടു ദിവസം അവധിയായി പരിഗണിക്കുകയും ചെയ്തു. കൃത്യ വിലോപനത്തിന്‌ ശിക്ഷയായി പോലീസ്‌ സൂപ്രണ്ട്‌ ഓഫീസില്‍ പാറാവിനു നിര്‍ത്തിയിരുന്നു. ഇതില്‍ ശ്രീകുമാര്‍ മാനസികമായി തകര്‍ന്നിരുന്നു.


ഞായറാഴ്ച മുതല്‍ ശ്രീകുമാറിനെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ ഭാര്യ മിനി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസുകാരും ബന്ധുക്കളും സുഹൃത്തുക്കളും നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താനായില്ല. ശ്രീകുമാറിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന്‌ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലിക്കിടയുണ്ടായ മാനസിക പീഡനമാണ്‌ പോലീസുകാരനെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. ഞായറാഴ്ച രാത്രിയില്‍ ശ്രീകുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ച്‌ താന്‍ ആത്മഹത്യ ചെയ്യുമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ രീതിയില്‍ സമാന ശിക്ഷ ലഭിച്ചിരുന്ന മൂന്ന്‌ പേരെ ഇന്നലെ അതില്‍ നിന്ന്‌ ഒഴിവാക്കി.വര്‍ക്ക്‌ അറേഞ്ച്മെന്റില്‍ കോന്നി സ്റ്റേഷനിലും പത്തനംതിട്ട എസ്‌.പി.ഓഫീസിലുമായിട്ടാണ്‌ ശ്രീകുമാര്‍ ജോലിചെയ്തിരുന്നത്‌. 15 ദിവസമായി ശ്രീകുമാര്‍ എസ്‌.പി.ഓഫീസില്‍ പണീഷ്മെന്റ്‌ ഡ്യൂട്ടിയിലായിരുന്നു. ഇത്തരത്തില്‍ ഡ്യുട്ടിയിലുള്ള മറ്റ്‌ പോലീസുകാരും ഇവിടെയുണ്ട്‌. സ്റ്റേഷന്‍ ഡ്യുട്ടി സമയത്ത്‌ ഫോണ്‍ എടുക്കാന്‍ താമസിക്കുന്നതും, വയര്‍ലെസ്‌ സന്ദേശത്തിന്‌ മറുപടി നല്‍കാന്‍ താമസിക്കുന്നതുമൊക്കെയാണ്‌ പണിഷ്മെന്റിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

 

ഇത്തരത്തില്‍ പണിഷ്മെന്റ്‌ ലഭിക്കുന്നവര്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ സൂപ്രണ്ട്‌ ഓഫീസിലും രാത്രി 8 മുതല്‍ രാവിലെ 8 വരെ പോലീസ്‌ ക്യാമ്പിലും ഡ്യുട്ടി ചെയ്യണം. വീട്ടില്‍പോലും വിടാത്തതില്‍ മനംനൊന്ത്‌ ഞായറാഴ്ച വൈകുന്നേരം 7.30ന്‌ ക്യാമ്പില്‍നിന്ന്‌ പോവുകയായിരുന്നു. ശ്രീകുമാറിന്റെ മരണത്തിലെ ദുരൂഹതകള്‍ വിശ്വാസനീയമായ ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിച്ച്‌ പുറത്ത്‌ കൊണ്ടുവരണമെന്ന്‌ ഡി.സി.സി.പ്രസിഡന്റ്‌ പി.മോഹന്‍രാജ്‌ ആവശ്യപ്പെട്ടു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls