|
പി മുഹമ്മദലി ഒന്നര ദശകങ്ങളുടെ വിവാദങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ വനിതാ സംവരണബില്‍ രാജ്യസഭ പാസാക്കിയതോടെ സാമൂഹിക നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും വഴിയില്‍ ഇന്ത്യന്‍ സ്ത്രീ സമൂഹം വന്‍നേട്ടങ്ങളുടെ അവകാശികളായി മാറുകയാണ്.
രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീജനങ്ങളുടെ വളരെ പരിമിതമായ രാഷ്ട്രീയാധികാര അവസരങ്ങള്‍ ഏതാണ്ട് മൂന്നിലൊന്ന് വികസിതമാവുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃനിരയില്‍ ഒരു പ്രവാഹക ശക്തിയായി അത് മാറും.ബില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ച കോണ്‍ഗ്രസിനും തുണയേകിയ ബി ജെ പിക്കും ഇടതുപാര്‍ട്ടികള്‍ക്കും സായൂജ്യം നല്‍കുന്നതാണ് നിയമ നിര്‍മ്മാണം. അതിലേറെ അഭിമാനവും ആത്മനിര്‍വൃതിയും നേടുന്നത് യു പി എ അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായിരിക്കും. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാനാവാതെ പോയ വാഗ്ദാനം രണ്ടാമൂഴത്തിലെങ്കിലും നടപ്പാക്കുകയെന്നത് കോണ്‍ഗ്രസ് അധ്യക്ഷയുടെ കരുത്തുറ്റ തീരുമാനമായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാകുന്ന ഒരു നിയമനിര്‍മ്മാണം സാധ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ശ്രമകരമായ ദൗത്യമായിരുന്നു. ഓരോ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലും കോര്‍ കമ്മിറ്റി യോഗങ്ങളിലും ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് നല്‍കിയ ഉറപ്പിനെ സോണിയാഗാന്ധി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ആണ്‍കോയ്മയുടെ കോപവും വ്യവസ്ഥാപിതത്വത്തിന്റെ എതിര്‍പ്പും നിയമത്തിന്റെ തുടക്കംമുതല്‍ തലപൊക്കി തുടങ്ങിയിരുന്നു. ലോക്സഭയിലും രാജ്യസഭയിലും പലതവണ തടസ്സപെടുകയും നീട്ടിവെയ്ക്കുകയും ചെയ്ത വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയതോടെ നിയമനിര്‍മ്മാണത്തിന്റെ വലിയൊരു ഘട്ടമാണ് തരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികളുടെ ശ്രദ്ധയില്‍പ്പെടാതെ പോയ കടുത്ത സാമൂഹിക-രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന രാഷട്രീയ വിവേചനം ആറുപതിറ്റാണ്ടുകള്‍ക്കുശേഷം തിരുത്താനുള്ള നിയോഗം സോണിയാ ഗാന്ധിക്കുണ്ടായത് ചരിത്രത്തിന്റെ വരദാനമായി കാണാം. ഔദ്യോഗികമായി ബില്‍ അവതരിപ്പിച്ചത് നിയമമന്ത്രി വീരപ്പമൊ യ്‌ലിയാണെങ്കിലും പ്രേരണയും പ്രചോദനവും സ്വാഭാവികമായി സോണിയ ഗാന്ധി തന്നെയായിരുന്നു.
ചരിത്രം ശ്വാസമടക്കി പിടിച്ച ഈ മഹാമുഹൂര്‍ത്തം ആഗതമാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം പെണ്‍കരുത്തിന്റെ കരങ്ങളിലായതും യാദൃശ്ചികമാണ്. രാഷ്ട്രപതി സ്ഥാനത്ത് വനിത, കേന്ദ്രം ഭരിക്കുന്ന മുന്നണി കൂട്ടായ്മയായ യു പി എ യുടെയും ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തും വനിത, ലോക്സഭയുടെ അധ്യക്ഷ പദവിയും പ്രതിപക്ഷ നേതൃസ്ഥാനത്തും വനിത. പക്ഷെ, നിയമം തിരുത്തുന്നത് ഇത്തരം ഒറ്റപ്പെട്ട പദവികളെയല്ല, സഭയുടെ അംഗബലത്തെയാണ്. ജനസംഖ്യയില്‍ മുമ്പിലാണെങ്കിലും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം അഞ്ച് മുതല്‍ 10 ശതമാനത്തില്‍ ഒതുങ്ങി നിന്ന അവസ്ഥയാണ് മാറ്റപ്പെടുന്നത്. നിയമ നിര്‍മ്മാണ പ്രക്രിയകളില്‍ പങ്കാളികളാകുന്ന ആയിരക്കണക്കിന് വനിതാ സമാജികര്‍ വിവിധ സംസ്ഥാന നിയമസഭകളിലുണ്ടാവും. 543 അംഗങ്ങളുള്ള ലോക്സഭയില്‍ 179 ഉം 12 നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 250പേരുള്ള രാജ്യസഭയില്‍ 82 പേരും വനിതകളായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന വിശ്രുതിയുള്ള ഇന്ത്യ ഏറ്റവും അധികം വനിതകള്‍ക്ക് രാഷ്ട്രീയാധികാരം പങ്കുവെയ്ക്കുന്ന രാഷ്ട്രമായി മാറും. ഇന്ത്യയുടെ ബൃഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും സുപ്രധാന വഴിത്തിരിവാണ് വനിതാ സംവരണ നിയമം. രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്വപ്നവും പഞ്ചായത്തിരാജ് നിയമനിര്‍മ്മാണത്തിന്റെ ശില്‍പിയായ രാജീവ്ഗാന്ധിയുടെ ലക്ഷ്യങ്ങളും സമന്വയിക്കുന്നതാണ് വനിതാ സംവരണ നിയമം. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പഞ്ചായത്തീരാജ് നിയമമായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉറപ്പുവരുത്തിയത്. നിയമനിര്‍മാണ സഭകളില്‍ വര്‍ധിച്ച പ്രാതിനിധ്യത്തിന് ഇന്ത്യന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന്റെ ആദ്യഘട്ടമെന്നായിരുന്നു ഈ സംവരണത്തെ രാജീവ്ഗാന്ധി വിശേഷിപ്പിച്ചത്. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ 50 ശതമാനം സ്ത്രീ സംവരണത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. വനിതാ സംവരണം പാസാക്കിയതിലൂടെ രാജ്യത്തിന്റെ ചരിത്രത്തില്‍ മായാമുദ്ര ചാര്‍ത്തിയ സോണിയാ ഗാന്ധി രാഷ്ട്രത്തിന്റെ മാത്രമല്ല, അകാലത്തില്‍ അപമൃത്യുവിനിരയായ തന്റെ പ്രിയതമന്റെ മഹത്തായ രാഷ്ട്രീയലക്ഷ്യവും സാക്ഷാത്ക്കരിച്ചിരിക്കയാണ്. |