സ്ത്രീ സംവരണത്തിന്റെ നൈതിക പ്രസക്തി

Imageഡോ. ലിസി ജോസ്‌

സ്ത്രീ ശാക്തീകരണം എന്ന പ്രയോഗം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളില്‍ ഭൂരിഭാഗവും പുരോഗമന പരമായ കാഴ്ചപ്പാടോടുകൂടിയും ചുരുക്കം ചിലര്‍ പരിഹാസ പരമായ നിലപാടോടുകൂടിയും വീക്ഷിക്കുന്നു എന്നുള്ളതാണ്‌ വാസ്തവം.

സ്ത്രീ ശാക്തീകരണം എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഓടിയെത്തുന്നത്‌ ഏതാനും ദശകങ്ങള്‍ക്കുമുമ്പ്‌ പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്ത സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ പുരുഷ വിദ്വേഷത്തില്‍നിന്നും ഉടലെടുത്ത നയങ്ങളും ലക്ഷ്യങ്ങളുമാണ്‌. എന്നാല്‍ സ്ത്രീ ശാക്തീകരണമെന്ന്‌ ഇവിടെ വീക്ഷിക്കുന്നത്‌ സ്ത്രീക്കും പുരുഷനോടൊപ്പം സമത്വവും തുല്യ അവസരങ്ങളും ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ കൈപിടിച്ച്‌ ആനയിച്ച്‌ സമൂഹ നന്മയ്ക്കും രാഷ്ട്ര പുരോഗതിക്കും വേണ്ടി അവരുടെ കര്‍മ്മ ശേഷിയെ ഫലപ്രദമായി വിനിയോഗിക്കുക എന്നുള്ളതാണ്‌.
ഈ പശ്ചാത്തലത്തിലാണ്‌ ജനപ്രതിനിധിസഭകളില്‍ വനിതകള്‍ക്ക്‌ മൂന്നിലൊന്ന്‌ സംവരണത്തിനു വേണ്ടിയുള്ള മുറവിളി ഉയരുന്നത്‌. ഫലപ്രദമായി വിനയോഗിച്ചാല്‍ അത്‌ നാളിതുവരെ ലോകം ദര്‍ശിച്ചിട്ടില്ലാത്ത പുത്തന്‍ വിപ്ലവങ്ങളിലേയ്ക്കും പുരോഗതിയുടെ വിസ്ഫോടനങ്ങളിലേയ്ക്കും നമ്മെ നയിക്കും.
സ്ത്രീയുടെ ആശയവിനിമയപാടവം, ക്ഷമ, ഇച്ഛാശക്തി, പ്രതിരോധശക്തി, ത്രിമാനവീക്ഷണം, സഹനശേഷി, നയചാതുര്യം സമചിത്തത, കാര്യഗ്രഹണ പാടവം തുടങ്ങിയ ഒട്ടേറേ സവിശേഷതകള്‍ ഭരണ രംഗങ്ങളില്‍ ശോഭിക്കാന്‍ അവളെ സഹായിക്കുന്നു.

 

എല്ലാററിനുമുപരിയായി മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളും തെററുകുററങ്ങളും കണ്ടുപിടിക്കുവാനുള്ള സ്ത്രീകളുടെ അപരിമേയമായ കഴിവ്‌ ഇതര വര്‍ഗത്തിനേക്കാളും ഒരു പിടി മുന്‍പിലാണ്‌. പറയാത്തത്‌ ഗ്രഹിക്കാനും, ശരിയല്ലാത്തത്‌ മണത്തറിയാനും സ്ത്രീകള്‍ക്ക്‌ സഹജവാസനയാണുള്ളത്‌. അടുക്കും ചിട്ടയുമുള്ളവളും സമാധാനപ്രിയയുമാണവള്‍. സന്തോഷവതിയും സ്നേഹവതിയുമാണ്‌ സ്ത്രീ ഊര്‍ജധായനിയാണ്‌. സ്വയം വ്യയം ചെയ്ത്‌ പരോപകാരം ചെയ്യുന്നവളാണ്‌ അവള്‍. മടുപ്പ്കൂടാതെ അദ്ധ്വാനിക്കുന്നവളും ലക്ഷ്യപ്രാപ്തിയ്ക്കായി അഹോരാത്രം പരിശ്രമിക്കാന്‍ മടിയില്ലാത്തവളുമാണ്‌ അവള്‍. തിന്മയെ്ക്കതിരായി പ്രവര്‍ത്തിക്കാനും നന്മപടുത്തുയര്‍ത്താനും സഹജമായ വാസനയുണ്ടവള്‍ക്ക്‌. മനുഷ്യമനസ്സുകളുടെ വേദനയും ദു:ഖാങ്ങളും ഒപ്പിയെടുക്കാന്‍ കഴിവുള്ളവളാണ്‌ സ്ത്രീ.സ്ത്രീയ്ക്ക്‌ സഹജമായ ഈ സല്‍ഗുണസവിശേഷതകളൊക്കെത്തന്നെയാണ്‌ ഭരണരംഗങ്ങളിലേയ്ക്ക്‌ സ്ത്രീകളെ അടുപ്പിക്കാന്‍ പലരേയും ഭയപ്പെടുത്തുന്നത്‌. മനുഷ്യശിശുവിന്‌ ജന്മം നല്‍കുകയും അതിനെ ഊട്ടി പരിപാലിക്കുകയും ചെയ്യുകയെന്ന വിശുദ്ധകര്‍മ്മം അനുഷ്ഠിക്കുന്ന സ്ത്രീയെ സമൂഹത്തിന്റെ മുഴുവന്‍ മാതാവായി കാണേണ്ടതിനു പകരം തരംതാണവളായി ചിത്രീകരിക്കുകയും പീഡനകഥകളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന പാപത്തിന്റെ ശിക്ഷ ആരുടെ മേലാണ്‌ പതിയ്ക്കുക? നന്മയുടെ പരിപാലനത്തിനായി അക്ഷീണം യത്നിക്കുന്ന ഏവര്‍ക്കും ആശ്വാസ ദായനിയായ സ്ത്രീയുടെ ഊര്‍ജ്ജം ശരിയായ ദിശയിലേയ്ക്ക്‌ തിരിച്ചുവിടാന്‍ സാമൂഹ്യ വ്യവസ്ഥിതികളെ ഉടച്ചുവാര്‍ക്കണം.


സ്ത്രീയെന്നത്‌ പുരുഷന്റെ സ്വത്തോ അവകാശമോ അല്ല. സ്ത്രീയ്ക്കും പുരുഷനും ഒരേ മഹത്വമാണുള്ളത്‌. രണ്ടുപേര്‍ക്കും പ്രപഞ്ചത്തിലെ എല്ലാ സ്യഷ്ടിയുടെയും മേല്‍ തുല്യ അവകാശമാണുള്ളത്‌.
ഇന്‍ഡ്യന്‍ ഭരണഘടനയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യപദവിയും അവകാശങ്ങളും ഉറപ്പ്‌ നല്‍കുന്നു. ലിംഗത്തിന്റെയോ, വര്‍ണ്ണത്തിന്റെയോ മതത്തിന്റെയോ പേരിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന്‌ ഭരണഘടനയില്‍ അനുശാസിക്കുന്നതോടൊപ്പം ആര്‍ട്ടിക്കിള്‍ 15(3)ല്‍ സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്ക്‌ പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്‌ ഭരണഘടന വിരുദ്ധമല്ല എന്നും പറയുന്നു. നിയമ പരിരക്ഷകള്‍ ഇത്രയൊക്കെയുണ്ടെങ്കിലും സ്ത്രീപുരുഷ അസമത്വം ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു.ഇന്‍ഡ്യയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ എണ്ണത്തില്‍ കുറവാണ്‌. 2001 സെന്‍സസ്‌ പ്രകാരം 1000 പുരുഷന്‌ 933 സ്ത്രീകള്‍ മാത്രം.സാക്ഷരതാനിലവാരത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണ്‌.സ്ത്രീകളുടെ സേവനത്തിന്‌ വിലയില്ല, അംഗീകാരമില്ല. അവര്‍ താരതമേന്യ കൂടുതല്‍ സമയം ജോലി ചെയ്യുന്നു.


സ്ത്രീകള്‍ക്ക്‌ പുരുഷന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌.ഭരണകാര്യങ്ങളിലും തീരുമാനമെടുക്കുന്ന വേദികളിലും സ്ത്രീകളുടെ പ്രാതിനിധ്യം പരിമിതമാണ്‌.പെണ്‍ഭ്രൂണഹത്യകളും പെണ്‍ശിശുഹത്യകളും വ്യാപകമായി നടക്കുന്നു.സ്ത്രീ പീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനപീഡനം, ബലാല്‍സംഗം മുതലായവ അനുദിനം വര്‍ദ്ധിച്ചു വരുന്നു.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു പെണ്‍കുഞ്ഞ്‌ അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നഘട്ടം മുതല്‍ ആരംഭിക്കുന്നു. അവളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത്‌ പിന്തുടര്‍ന്ന്‌ പോകുന്നു. സ്ത്രീകള്‍ പലപ്പോഴും പുരുഷന്മാരുടെ കളിപ്പാട്ടമായും സംഭോഗ വസ്തുവായും കുട്ടികളെ പോറ്റുന്നവളും ഭവനം സൂക്ഷിക്കുന്നവളുമായി കരുതപ്പെടുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്ത്രീകള്‍ക്ക്‌ എതിരായിട്ടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനും പുരുഷനോടൊപ്പം സ്ത്രീക്കും സമത്വം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ചു.


അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സഭ ഈ മേഖലയില്‍ സജീവനേത്യത്വം നല്‍കുകയും പങ്കാളിത്തം വഹിക്കുകയുംചെയ്തു. 1971 ല്‍ ഐക്യ രാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന പ്രകാരം, സ്ത്രീയുടെ പദവി പഠിക്കാനും വിലയിരുത്താനുമായി നിയോഗിച്ച കമ്മീഷന്‍ തുല്യതയിലേയ്ക്ക്‌ എന്ന പേരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റെ്‌ നയങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌. ഐക്യ രാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1975 മുതല്‍ വിവിധ വര്‍ഷങ്ങളിലായി വിവിധ സാര്‍വ്വദേശീയ വനിതാ സമ്മേളനങ്ങള്‍ എല്ലാ അംഗ രാജ്യങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ നടന്നിട്ടുണ്ട്‌.
ഇന്ത്യയില്‍ അഞ്ചാം പഞ്ചവത്സര പദ്ധതി മുതല്‍ സ്ത്രീകളുടെ പദവി തിട്ടപ്പെടുത്തുന്നതില്‍ സ്ത്രീശാക്തീകരണം കേന്ദ്രവിഷയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1990 ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമവും 1993ലെ 73-74 ഭരണഘടനാ ഭേദഗതിയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ 33% സംവരണവും മറ്റും ഇതിലേയ്ക്കുള്ള ചുവടു വയ്പുകളാണ്‌.


അനുകൂലമായ വാദങ്ങള്‍
പൊതുവായ പുരുഷാധിപത്യ സ്വഭാവം മൂലം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക്‌ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കും ആയതിനാല്‍ സംവരണമാണ്‌ പരിഹാരമാര്‍ഗം.
�നിലവില്‍ പാര്‍ലിമെന്റിലും നിയമ സഭകളിലും വെറും ന്യൂനപക്ഷമായ സ്ത്രീകള്‍ക്ക്‌ ഫലപ്രദമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംവരണം മൂലം വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുകയും തന്മൂലം അവര്‍ക്ക്‌ ഫലപ്രദമായി സഭാനടപടികളില്‍ ഇടപെടാന്‍ സാധിക്കുകയും ചെയ്യും.


എതിര്‍ വാദമുഖങ്ങള്‍
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സമത്വം എന്ന തത്വത്തിന്‌ വിരുദ്ധമാണ്‌ സ്ത്രീ സംവരണം
പൊതുവായ സാമൂഹ്യസാമ്പത്തികരാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും സ്ത്രീകളുടെ താല്‍പര്യങ്ങള്‍ വേര്‍തിരിച്ച്‌ കണക്കാക്കാനാവില്ല.വനിതാ സംവരണം അനുവദിച്ചാല്‍ മറ്റു വിഭാഗങ്ങളും സംവരണത്തിനായി മുറവിളി ഉയര്‍ത്തിയേക്കും ഭാരതം സ്വാതന്ത്ര്യം നേടി 62 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ത്രീ സമത്വം എന്ന ലക്ഷ്യം പൂര്‍ണ്ണമായും നേടാനായിട്ടില്ല. രാഷ്ട്രീയമായ ശാക്തീകരണം കൊണ്ടുമാത്രമേ സ്ത്രീകള്‍ക്ക്‌ സാമൂഹ്യ സാമ്പത്തിക നീതി പൂര്‍ണ്ണമായും കൈവരിക്കാനാകൂ. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകള്‍ അവരെ സംബന്ധിക്കുന്ന നയ രൂപീകരണ രംഗങ്ങളില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെടുന്നത്‌ ഒരിക്കലും സാധുകരിക്കാവുന്നതല്ല.73-74 ഭരണഘടനാ ഭേദഗതിയോടെ ഉണ്ടായ വനിതാ ജനപ്രതിനിധികളുടെ കടന്നു വരവും പ്രവര്‍ത്തനവും രാഷ്ട്രീയ പൊതു രംഗങ്ങളില്‍ സ്ത്രീകള്‍ സജീവമാകുന്നതിന്‌ കാരണമായിട്ടുണ്ട്‌. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രാജ്യമൊട്ടാകെ ഉദ്ദേശം 5,76,000 സ്ത്രീ ജനപ്രതിനിധികളുണ്ട്‌. കേരളത്തില്‍ സ്ത്രീജനപ്രതിനിധികളുടെ എണ്ണം 5535 വരും. രാഷ്ട്രീയരംഗത്ത്‌ ഇത്രയധികം സ്ത്രീകള്‍ കടന്നുവന്നിട്ടുള്ള രാജ്യം ഇന്ത്യ മാത്രമായിരിക്കും. എന്നാല്‍ ഇത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരാ.


സ്ത്രീജനപ്രതിനിധികള്‍ക്ക്‌ തടസ്സങ്ങള്‍ ഏറെയാണ്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകള്‍ക്ക്‌ കുടുബത്തിലെ അധികജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നു. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകള്‍ പൊതുവെ നേരിടുന്ന അതിക്രമങ്ങള്‍ വനിതാ ജനപ്രതിനിധികളും നേരിടേണ്ടിവരുന്നു.
സ്ത്രീകളുടെ സാമൂഹ്യവല്‍കരണ പ്രക്രിയയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരാകാനുള്ള പരിശീലനം ലഭിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ കേവലമായ പങ്കാളിത്തത്തിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാലങ്ങളായി സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്നു.പൊതുസ്ഥലങ്ങളും യാത്രകളും സ്ത്രീകള്‍ക്ക്‌ ഇപ്പോഴും അന്യമാണ്‌. സ്ത്രീജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന വിവിധ തലങ്ങള്‍ ഇപ്പോഴും സ്ത്രീ സൗഹാര്‍ദ്ദപരമല്ല. കേരളത്തിലെ ഭൂരിഭാഗം ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായാണ്‌ അധികാരത്തിലെത്തുന്നത്‌. എന്നാല്‍ രാഷ്ട്രീയമായ തീരുമാനമെടുക്കുന്ന സഭയില്‍ ഇവരുടെ പ്രാതിനിധ്യം വളരെ വിരളമാണ്‌. അതുകൊണ്ടുതന്നെ വനിതാ ജനപ്രതിനിധികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ പുരുഷാംഗങ്ങളുടെ അഭിപ്രായങ്ങളുടെ സ്വാധീനം അധികമാണ്‌. ചിലഘട്ടങ്ങളില്‍ വനിതാ ജനപ്രതിനിധിയുടെ തീരുമാനം തന്നെ മാറ്റേണ്ടതായും വരുന്നു.


ഈ തടസ്സങ്ങളെ എങ്ങനെ അതിജീവിക്കാം. വനിതാ നേത്യത്വത്തിലുള്ളവരുടെ സംഘബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇത്‌ സാധ്യമാകൂ. നൈപുണ്യം വര്‍ദ്ധിപ്പിക്കാനുതകുന്ന വിവിധതരം പരിപാടികളില്‍ പങ്കെടുക്കുക, പരിശീലനം, യാത്ര മുതലായവയും ഒരു പരിധിവരെ സഹായകമാണ്‌. വനിതാ സംഘടനകളെയും വനിതാ ശാക്തീകരണത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്ത്രീകള്‍ പ്രയോജനപ്പെടുത്തണം. ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സ്ത്രീകളുടെ അവകാശങ്ങളെ തിരിച്ചറിയുക, അതിനായി പോരാടുക. സ്ത്രീകള്‍ക്ക്‌ അറിയാനും അറിവ്‌ നേടാനും അവകാശമുണ്ട്‌, കടമയുണ്ട്‌. അറിവു അന്വേഷിക്കുവാന്‍ ഭയക്കുന്നവര്‍ പഠിക്കാനും വിമുഖരാണ്‌. അവരെന്നും പിന്തള്ളപ്പെടും അടിച്ചമര്‍ത്തപ്പെടും. ഇന്ത്യന്‍ ജനതയ്ക്ക്‌ ഏറെ പ്രതീക്ഷകള്‍ നല്‍കികൊണ്ട്‌ കേന്ദ്രത്തില്‍ കര്‍മ്മോല്‍സുകരായ വനിതകളുടെ നേത്യനിര ഇന്ന്‌ അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ പ്രശോഭിക്കുന്നു. നമ്മുടെ രാഷ്ട്രപതി ഡോ. പ്രതിഭാ പാട്ടീല്‍, ഭരണ കക്ഷീ അദ്ധ്യക്ഷ സോണിയാഗാന്ധി, ലോകസഭാസ്പീക്കര്‍ ഡോ. മീരാകുമാര്‍, പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌, ദേശീയ തലസ്ഥാന നഗരി - ഡല്‍ഹി - മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ ഇവരെല്ലാം മികച്ച വനിതാരത്നങ്ങളാണ്‌. സ്ത്രീ ശാസ്ത്രീയ കരണത്തിനായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകയാണ്‌.


സ്ത്രീകളുടെ കര്‍മശേഷിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്‌ തൃത്താല പഞ്ചായത്തുകളില്‍ വനിതാ സംവരണം 33 ശതമാനത്തില്‍ നിന്നും 50% മായി ഉയര്‍ത്തിയതും നിയമസഭയിലും പാര്‍ലിമെന്റിലും 33% വനിതാ സംവരണം നടപ്പിലാക്കാനുള്ള അവരുടെ ഉറച്ച ചുവടുവെപ്പുകളും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കംകൂട്ടുന്നു.വനിതാ സംവരണ നിയമം യാഥാര്‍ത്ഥ്യമായാല്‍ സമ്പൂര്‍ണ്ണ സ്ത്രീശാക്തീകരണമെന്ന നമ്മുടെ ചിരകാല സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയോടെ ജാതിമത വര്‍ക്ഷ വര്‍ണ്ണ ലിംഗ വിവേചനമില്ലാതെ ഒരു നവ സമൂഹസ്യഷ്ടിയ്ക്കായി ഈ നമുക്കൊന്നായി പടയണിചേരാം.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls