| മനുവാദികള്‍ മരിച്ചിട്ടില്ല |
|
രാഷ്ട്രീയ അധികാരത്തില്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ നിയമമുണ്ടാക്കാനുള്ള ശ്രമമാണ് ബഹളം മൂലം ചിലര്‍ താല്‍ക്കാലികമായെങ്കിലും തടഞ്ഞത്. തുല്യ നീതിക്കു വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ സമൂഹം ചരിത്രപരമായ ഈ നിയമ നിര്‍മാണത്തെ തടസപ്പെടുത്തിയവരെ ഏക സ്വരത്തില്‍ അപലപിക്കാതിരിക്കില്ല. അതിനേക്കാള്‍ പ്രധാനം, പരമോന്നതമായ നിയമ നിര്‍മാണ സഭയുടെ അന്തസിനും മഹിമയ്ക്കും ക്ഷതം ഏല്‍പ്പിച്ച അംഗങ്ങളുടെ പ്രവൃത്തിയില്‍ ഇന്ത്യന്‍ ജനാധിപത്യം നാണിച്ച് തലതാഴ്ത്തുന്നു എന്നതാണ്.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി നീക്കിവെക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനാണ് മന്ത്രി വീരപ്പ മൊയ്‌ലി രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ദിനം അതിനായി തിരഞ്ഞെടുത്തതും ഔചിത്യപൂര്‍വമായിരുന്നു. ഇന്ത്യയിലെ 55 കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിന് ഇതിനേക്കാള്‍ വലിയൊരു സമ്മാനം നല്‍കാനില്ലായിരുന്നു.
മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും ലല്ലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ശരത് യാദവ് നയിക്കുന്ന ജനതാദളും (യു) മറ്റും ചേര്‍ന്ന വിരലില്‍ എണ്ണാവുന്നത്ര അംഗങ്ങള്‍ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഭരണതലങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ യു.പി.എ സര്‍ക്കാര്‍ നിയമനിര്‍മാണ നടപടികളുമായി മുന്നോട്ടു തന്നെ പോകും. വനിതാ സംവരണ ബില്ലില്‍ ദളിത് സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മേല്‍പ്പറഞ്ഞ കക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. രാജ്യസഭയില്‍ ഇന്നലെ ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങും മുമ്പേ ദളിത് സംവരണം സംബന്ധിച്ച ജസ്റ്റിസ് ജഗന്നാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതാനും അംഗങ്ങള്‍ ബഹളം ആരംഭിക്കുകയായിരുന്നു. നോട്ടീസ് നല്‍കിയിട്ടില്ലാത്ത ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ഹമീദ് അന്‍സാരി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയ അവര്‍ വനിതാ സംവരണ ബില്ലിന്റെ പ്രതികള്‍ അദ്ധ്യക്ഷന്റെ മേശപ്പുറത്തു നിന്ന് വലിച്ചെടുക്കുകയും മൈക്രോ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.
അതോടെ സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉപരാഷ്ട്രപതി നിര്‍ബന്ധിതനായി. തുടര്‍ന്ന് നാലുതവണ രാജ്യസഭ നിര്‍ത്തിവെയ്ക്കേണ്ടി വന്നു. എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി അംഗങ്ങള്‍ ലോക്സഭയിലും ബഹളമുണ്ടാക്കി നടപടികള്‍ തടസ്സപ്പെടുത്തി. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന അംഗങ്ങളെ പുറത്താക്കി ബില്ല് രാജ്യസഭയില്‍ വോട്ടിനിട്ട് പാസാക്കാമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന്റെ നാനാ വശം നേതാക്കന്മാരുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വനിതാ സംവരണ ബില്‍ പാസാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡിയും സമാജ്‌വാദി പാര്‍ട്ടിയും യു.പി.എ സര്‍ക്കാരിനുള്ള പന്‍തുണ പിന്‍വലിച്ചു. ദളിതരുടെയും പിന്നാക്കക്കാരുടെയും പേരുപറഞ്ഞ് സ്ത്രീ സംവരണ ബില്ലിനെ എതിര്‍ക്കുന്ന കക്ഷികള്‍ യഥാര്‍ത്ഥത്തില്‍ വിശാലമായ ജനാധിപത്യ സങ്കല്‍പ്പത്തെ തന്നെ അപഹസിക്കുകയാണ്. ദളിതരോടുള്ള താല്‍പര്യത്തിലുപരി സ്ത്രീ സമൂഹം രാഷ്ട്രീയമായി ഉയരുന്നതിനും ആത്മ വികാസം പ്രാപിക്കുന്നതിനും ജനാധിപത്യ അവകാശം നേടുന്നതിനും എതിരാണെന്നതാണ് വാസ്തവം. സ്ത്രീകള്‍ എന്നും പുരുഷാധിപത്യത്തിന്‍കീഴില്‍ നിശബ്ദരായി പുലരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.
ചെറുപ്പത്തില്‍ പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ മകന്റെയും തണലില്‍ ജീവിക്കേണ്ടവളാണ് സ്ത്രീയെന്നും അവള്‍ ഒരിക്കലും സ്വാതന്ത്ര്യത്തിന് അര്‍ഹയല്ലെന്നും വാദിച്ച സ്മൃതിവിചാരകനായ മനുവിന്റെ സിദ്ധാന്തത്തില്‍ നിന്ന് ഈ കക്ഷികളുടെ നേതാക്കള്‍ ഇനിയും ഉയര്‍ന്നിട്ടില്ല. അതിലൊരാള്‍ കേസില്‍പ്പെട്ട് ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ അധികാരപദവി ഭാര്യയ്ക്ക് അപ്പടി കൈമാറാന്‍ മടികാണിച്ചില്ല എന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വേരോടിയ ഒരു പ്രാകൃത സംസ്കാരത്തിന്റെ പഴമ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. മരണമടഞ്ഞ ഭര്‍ത്താവിന്റെ ചിതയില്‍ സ്വയം കത്തിയെരിഞ്ഞ് 'സതി'യായി തീരേണ്ടവളാണ് വിധവ എന്ന് അനുശാസിച്ചിരുന്ന പ്രാകൃതാചാരം ഇന്ത്യയില്‍ നിന്നും തൂത്തെറിയാന്‍ രാജാറാം മോഹന്‍ റോയ് എത്ര കഠിനമായി യത്നിക്കേണ്ടിവന്നു. എങ്കിലും ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ ഇക്കാലത്തുപോലും 'സതി' ആചാരത്തെ പ്രോത്സാഹിപ്പിക്കുന്നവരുണ്ടെന്നാണ് പറയപ്പെടുന്നത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇന്നലെ രാജ്യം മുഴുവന്‍ ആഹ്ലാദപൂര്‍വം സ്മരിക്കുന്ന ഒരു സുദിനമാകുമെന്ന പ്രതീക്ഷ രാജ്യസഭയിലെ ഏതാനും അംഗങ്ങളുടെ വിവേകമില്ലാത്ത പ്രവൃത്തി മൂലം തകര്‍ന്നു. 
-°C 