തെറ്റ്‌ തിരുത്തേണ്ടതാര്‌ കാള്‍മാര്‍ക്സോ സഖാക്കളോ?-2

Imageസി പി എമ്മില്‍ വിശ്വാസത്തകര്‍ച്ച

ഡോ.എം.എസ്‌ ജയപ്രകാശ്‌

ഇപ്രകാരം ക്രൈസ്തവ-മുസ്ലീം വിരോധം നിലനിറുത്തി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്ന സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ്‌ ഹിന്ദുത്വശക്തികളുടെ കടന്നുകയറ്റത്തിന്‌ കേരള രാഷ്ട്രീയത്തില്‍ ഇടം ലഭിക്കാതെ വരുന്നത്‌.

കോണ്‍ഗ്രസ്‌ മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മതേതരത്വത്തിന്റെ മുഖംമൂടിയിട്ട സി.പി.എം ആട്ടിന്‍തോലണിഞ്ഞ ചെന്നായിക്കളെപോലെ ഹിന്ദുവര്‍ഗ്ഗീയതയെ തലോടി വോട്ടാക്കുകയാണ്‌ ചെയ്യുന്നത്‌. മലപ്പുറം പാകിസ്ഥാനാണെന്ന്‌ നായനാര്‍ പറയുമ്പോള്‍ പിണറായി യാസര്‍അറഫാത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി മുസ്ലിം പ്രീണനം നടത്തുകയും ചെയ്യും. ചോരച്ചെങ്കൊടിയുമായി അറഫാത്തിന്റെ നാട്ടിലെങ്ങാനും ചെന്നാല്‍ സഖാവ്‌ പിണറായിയുടെ അവസ്ഥ അച്ചുമാമന്റേതുപോലെയായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. 'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌' എന്നത്‌ അറബി പദമാണെന്ന്‌ പറഞ്ഞ്‌ തടിതപ്പാനുമാകില്ല. പതിവിന്‌ വിരുദ്ധമായി മുസ്ലീം വിരുദ്ധ പ്രചാരണം കുറിച്ചുകൊണ്ട്‌ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഅ്ദനിയെ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നല്ലൊ. ഭീകരവാദിയും തീവ്രവാദിയും കൊലപാതകിയുമൊക്കെയാക്കി മഅ്ദനിയെ അറസ്റ്റു ചെയ്തു കോയമ്പത്തൂരില്‍ 9 വര്‍ഷം പീഡിപ്പിച്ചവര്‍ രക്ഷകരായി ചമഞ്ഞ്‌ അതേ 'ഭീകരനെ' ചുമന്ന്‌ നടന്ന കാഴ്ച നാം കണ്ടതാണല്ലൊ. മുസ്ലീം സമുദായത്തില്‍ ഇതിനകം സംഭവിച്ച രാഷ്ട്രീയ ശാക്തീകരണവും ധ്രുവീകരണവുമാണ്‌ ഇങ്ങനെയൊരു ചുവടു മാറ്റത്തിന്‌ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്‌.

 

എന്നിരുന്നാലും മലപ്പുറത്തിന്റെ പുരോഗതി ചോദ്യപേപ്പര്‍ പൊട്ടിച്ചുനേടിയതാണെന്ന മുസ്ലീം വിരുദ്ധ പ്രചാരണം നടത്താന്‍ സഖാവ്‌ അച്യുതാനന്ദന്‌ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയില്‍ മടിയുണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍ക്കുക. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ്‌ സി.പി.എം. എന്നതാണ്‌ ഇവിടെ തെളിയുന്ന വസ്തുത. ഹിന്ദുസഖാക്കളെ ക്ഷേത്രകമ്മറ്റികളിലും ഉത്സവകമ്മിറ്റികളിലും കടത്തിവിടുന്നവര്‍ ഓശാന പെരുന്നാളിനും അന്ത്യകൂദാശക്കും ക്രൈസ്തവ സഖാക്കള്‍ പോകരുതെന്നു വിലക്കുന്ന വിരോധാഭാസമാണ്‌ നാം കാണുന്നത്‌. മുസ്ലീം സഖാക്കള്‍ക്കും ഇത്തരം വിലക്കുകളുണ്ട്‌. ഇതില്‍ മനംനൊന്തവരും വീര്‍പ്പുമുട്ടിയവരുമാണ്‌ 'മാനസാന്തരപ്പെട്ട്‌' പള്ളി അങ്കണങ്ങളില്‍ അഭയം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്‌. കെ.എസ്‌. മനോജിന്‌ തിരുസഭ ഒരുക്കുമായിരുന്ന തെമ്മാടിക്കുഴി ഇപ്പോള്‍ സി.പി.എമ്മിന്റെ ശവപറമ്പില്‍ ഒരുങ്ങുകയാണല്ലോ.
അഭിപ്രായ പ്രകടനത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം കാത്തു രക്ഷിക്കാന്‍ മറ്റാരെക്കാളും ബാദ്ധ്യതയുള്ളവരാണ്‌ കലാകാരന്മാര്‍. പക്ഷേ ഭ്രഷ്ടിന്റെയും ഊരുവിലക്കിന്റെയും അയിത്താചാരത്തിന്റെയും മടുപ്പിക്കുന്ന തിരക്കഥകളാണ്‌ വെള്ളിത്തിരയില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്‌.

 

തിലകന്‌ ഭ്രഷ്ട്‌, വിനയന്‌ ഭ്രഷ്ട്‌, വിനയനുമായി സഹകരിച്ചാല്‍ വിലക്ക്‌ ഇതാണ്‌ കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാലോകത്ത്‌ ബോക്സ്‌ ഓഫീസ്‌ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പടം. കേരളത്തിന്റെ ജീവനകലയില്‍ ചരിത്രപരമായുള്ള ജാതീയതയുടെ സ്വാധീനം പറയേണ്ടതില്ലല്ലോ. എന്നാല്‍ കേരളീയരുടെ കലാജീവിതത്തില്‍ അത്‌ പ്രകടമാകുന്നത്‌ മലയാളിക്ക്‌ ഭൂഷണമല്ല. 'അമ്മ' എന്ന പുണ്യം നിറഞ്ഞപേരില്‍ മാതൃസഹജമല്ലാത്ത പലതും കാണേണ്ടി വരുന്നു' എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയും (മാധ്യമം 12-2-10) മുമ്പ്‌ പറഞ്ഞ എം. മുകുന്ദന്റെ പ്രസ്താവനയും ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. കമ്യൂണിസ്റ്റുകാരനായിട്ടും തന്നെ സി.പി.എം സഹായിക്കുന്നില്ലെന്നാണ്‌ തിലകന്റെ പരാതി. ഷാറൂഖ്‌ ഖാനെതിരെയുള്ള ശിവസേനാ നീക്കം വര്‍ഗ്ഗീയതയുടെ മറ്റൊരു വികൃത മുഖം കൂടി പ്രകടമാക്കിയിരിക്കുന്നു. ഖാന്റെ പുതിയ ചിത്രമാണ്‌ 'മൈ നെയിം ഈസ്‌ ഖാന്‍'. ഈ സിനിമയെപ്പറ്റി ആര്‍ക്കും അമര്‍ഷമോ വിരോധമോ ഇല്ല. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തെപ്പറ്റി ഷാറൂഖ്‌ ഖാന്‍ അഭിപ്രായം പറഞ്ഞതിനെയാണ്‌ താക്കറെയും മറ്റും ചോദ്യം ചെയ്തിരിക്കുന്നത്‌.


ഐ.പി.എല്‍ ക്രിക്കറ്റ്‌ ലേലത്തില്‍ പാക്‌ കളിക്കാരെ തഴഞ്ഞതിനെക്കുറിച്ചാണ്‌ ഷാറൂഖ്‌ ഖാന്‍ വിമര്‍ശനം ഉന്നയിച്ചത്‌. ഇതാണത്രെ താക്കറയെ പ്രകോപിതനാക്കിയത്‌. പാക്‌ പരാമര്‍ശത്തിന്‌ പിഴയായി ഷാറൂഖ്‌ ഖാന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന ഫാസിസ്റ്റ്‌ സ്വഭാവമുള്ള ഉത്തരവാണ്‌ താക്കറെ പുറപ്പെടുവിച്ചത്‌. മുംബൈയിലെ മതേതര സമൂഹത്തിന്റെ കൂട്ടായ്മയില്‍ താക്കറെ ഗര്‍ജ്ജനം മാര്‍ജ്ജാര മൂളലായി അവസാനിക്കുകയാണുണ്ടായത്‌. ഇതേ താക്കറെ തന്നെയാണ്‌ രാഹുല്‍ ഗാന്ധിയുടെ മുംബൈ സന്ദര്‍ശനത്തിനെതിരെയും വാളോങ്ങിയത്‌. രാഹുലിന്റെ പരിചയില്‍ തട്ടിയവാള്‍ പിന്നെ ഉയര്‍ന്നതുമില്ല. കേരള മുഖ്യനും താക്കറെയുടെ 'ആര്‍1 ജി1' പനി ബാധിച്ചത്രെ! 'പൈതലാന്‍' ചുറ്റിനടക്കുന്നു എന്നാണ്‌ രാഹുലിനെപ്പറ്റി മുഖ്യന്‍ തട്ടിവിട്ടത്‌. എന്നെ കണ്ടാല്‍ 'പിണറായി സിന്‍ഡ്രോം' ബാധിച്ചവനാണെന്ന്‌ തോന്നുമോ? എന്ന്‌ മുഖഭാവത്തില്‍ തെളിയുന്നുമുണ്ട്‌.


'പൈതലാന്‍' വിരോധമെങ്കിലും പ്രകടിപ്പിച്ച്‌ 'മൂപ്പിലാന്‍' ആശ്വസിക്കട്ടെ എന്നല്ലാതെ എന്തുപറായന്‍. ഇതിനിടെ ഒരുവാര്‍ത്ത കേട്ടു, വി.എസ്‌. 'യുഗപുരുഷന്‍' എന്ന സിനിമ കണ്ടത്രെ! മമ്മൂട്ടി അവതരിപ്പിക്കുന്ന പുരോഗമന വാദിയായ 'കുട്ടന്‍' എന്ന കഥാപാത്രത്തെപ്പോലുള്ളവര്‍ പാര്‍ട്ടിവിട്ടുകൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷുകാരുടെ പാദസേവകനെന്നും ജാതി പ്രസ്ഥാനത്തിന്റെ നായകനെന്നും ഇ.എം.എസ്‌ ആക്ഷേപിച്ച നാരായണഗുരുവിനെ, 'നഷ്ടപ്പെടുവാന്‍ പിണറായി കിട്ടാനുള്ളത്‌ പുതിയൊരു ഗുരു' എന്നു പറഞ്ഞ്‌ വരവേല്‍ക്കാനും സാധ്യതയുണ്ട്‌. ഇപ്പോഴത്തെ സി.പി.എം പ്രതിസന്ധി നേരിടാന്‍ 'ബുദ്ധിജീവി'കളെ ആവശ്യപ്പെട്ട്‌ പരസ്യം നല്‍കുന്നത്‌ നന്നായിരിക്കും. ഒരു വിധപ്പെട്ട ബുദ്ധിജീവികളെല്ലാം പ്രാണഭയത്താല്‍ പിണറായിയെ രക്ഷകനായി കാണുന്നവരാണല്ലൊ. എം. മുകുന്ദന്‍ മാനസാന്തരത്തിന്റെ വഴിയിലാണെന്നു തോന്നുന്നു. ആ വാതില്‍ മുട്ടുന്നതും നല്ലതാണ്‌. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന കാര്യം കെ.എസ്‌. മനോജ്‌ തെളിയിച്ചിരിക്കുകയുമാണല്ലോ. 'കാലഹരണപ്പെട്ടു' എന്ന്‌ മുകുന്ദന്റെ മുന്‍ പ്രസ്താവനയിലുണ്ടെങ്കിലും 'പുണ്യവാളന്‍' എന്ന പദവി അദ്ദേഹം നല്‍കിയിട്ടുണ്ട്‌. 'മുകുന്ദേട്ടാ പുണ്യവാളന്‍ വിളിക്കുന്നു' എന്ന്‌ സഖാക്കളില്‍ ആരെങ്കിലും പറഞ്ഞാലും മതിയാകും.


യൂറോപ്യന്‍ സാഹചര്യത്തില്‍ മാര്‍ക്സ്‌ എഴുതിയ കാര്യങ്ങള്‍ നമ്മുടെ സാഹചര്യത്തിന്‌ ഇണങ്ങുമോ എന്ന്‌ പരിശോധിക്കാന്‍ ഇപ്പോള്‍ ഗൗരിയമ്മ ആവശ്യപ്പെടുന്നത്‌ ചരിത്രപരമായ മോചനം തന്നെയാണ്‌. ഇന്ത്യയുടെ ചരിത്രമെഴുതിയ കാള്‍മാര്‍ക്സ്‌ ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയുള്ള ഇന്ത്യയില്‍ എങ്ങനെ വിപ്ലവമുണ്ടാക്കാമെന്ന്‌ പ്രത്യേകം പറയുന്നുണ്ട്‌. ഇക്കാര്യം തമസ്കരിച്ചാണ്‌ ഇ.എം.എസ്‌ ഇവിടെ മാര്‍ക്സിയന്‍ വിപ്ലവമെന്ന നാടകം അവതരിപ്പിച്ചത്‌. നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി? എന്ന ചോദ്യം ഇപ്പോള്‍ ബലികുടീരങ്ങളില്‍ നിന്നുപോലും ഉയരുകയാണ്‌! അബ്ദുള്ളക്കുട്ടിയും ശിവരാമനും മനോജും അതുതന്നെയാണ്‌ ചോദിക്കുന്നത്‌. ഈ നാടകത്തിലെ വിദൂഷകവേഷം ആടിത്തിമര്‍ക്കുകയാണ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഒരു വര്‍ണ്ണ ജാതി സമൂഹത്തില്‍ വര്‍ഗ്ഗസമരം പ്രയോഗിക്കേണ്ടതെങ്ങിനെയെന്ന്‌ കമ്യൂണിസ്റ്റുകാര്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതാണ്‌ അവരുടെ പരാജയകാരണം. തെറ്റ്‌ തിരുത്തേണ്ടതാര്‌ കാള്‍മാര്‍ക്സോ സഖാക്കളോ ?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls