| 55 കോടി സ്ത്രീകള്‍ക്ക് അവിസ്മരണീയ ദിനം |
|
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്ലവത്തിന് നിദാനമാവുന്ന ഒരു നിയമ നിര്‍മാണത്തിന് നമ്മുടെ രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. സഹസ്രാബ്ദങ്ങളായി സാമൂഹികവും രാഷ്ട്രീയവുമായ വിവേചനത്താല്‍ രാഷ്ട്രീയ പ്രക്രിയകളുടെ മൂശകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് രാഷ്ട്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭ പാസ്സാക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകളിലെ കുതിപ്പില്‍ ഓടി ഒപ്പമെത്താന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പതനാവസ്ഥയാണ് ഇത്തരമൊരു നിയമനിര്‍മാണത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഭാരതീയ ഇതിഹാസങ്ങളിലും രാഷ്ട്രത്തിന്റെ സഹസ്രാബ്ദ ചരിത്രങ്ങളിലും സഹനത്തിന്റെ തീചൂടുകളില്‍ നെഞ്ചുരുകി ജീവിച്ച സ്ത്രീത്വത്തെ അര്‍ഹതയുടെയും ആദരവിന്റെയും സൂക്തങ്ങളാല്‍ ഓര്‍മിക്കപ്പെടാറുണ്ട്. പക്ഷെ; നാരിമഹത്വ പ്രകീര്‍ത്തനം പലപ്പോഴും വായിച്ചു രസിക്കാനോ പാടി ആസ്വദിക്കാനോ ഉള്ള ഗാഥകള്‍ മാത്രമാണ്. ജീവിതത്തില്‍ പുരുഷനേക്കാള്‍ ചതഞ്ഞരയുകയും താങ്ങാചുമടുകള്‍ പേറുകയും ചെയ്യേണ്ടി വരുന്ന സ്ത്രീ സമൂഹത്തെ കുടുംബ ഭരണം മുതല്‍ രാഷ്ട്രഭരണം വരെയുള്ള അധികാരത്തിന്റെ ഇടങ്ങളില്‍ നിന്നും സമൂഹം മാറ്റി നിര്‍ത്തുന്നു.
പുരുഷ നിയമത്തിന്റെ സവര്‍ണാധിപത്യത്തിന്റെ വിലങ്ങുകള്‍ വീണ സ്ത്രീകള്‍ രാഷ്ട്രത്തിന്റെ ഭാഗധേയത്തില്‍ പങ്കില്ലാത്തവരായി തീര്‍ന്നു. വോട്ടവകാശത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അപൂര്‍വം ചില അവസരങ്ങളില്‍ കനിഞ്ഞു നല്‍കുന്ന സ്ഥാനാര്‍ത്ഥിത്വത്തിലും സ്ത്രീയുടെ രാഷ്ട്രീയാധികാരം പരിമിതപ്പെട്ടു നിന്നു. ആ പരിമിതിയെ മുപ്പത്തിമൂന്ന് ശതമാനത്തിലേക്കു വിപുലപ്പെടുത്തുന്ന പുതിയ നിയമ നിര്‍മാണത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും സ്ത്രീ സമൂഹ പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനും ശ്രേയസ്സിനും എക്കാലവും പരിശ്രമിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് വിശ്വോത്തരമായ ഈ നിയമ നിര്‍മാണത്തിനും രൂപം നല്‍കിയത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സഹന വീഥികളില്‍ കണ്ണീരും ചോരയും അര്‍പ്പിച്ചു സ്വജീവിതം ധന്യമാക്കിയ അനേകം മഹതികള്‍ക്ക് മാതൃത്വമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സമരത്തിന്റെയും സഹനത്തിന്റെയും വാര്‍പ്പ് രൂപങ്ങളായി തീര്‍ന്ന നിരവധി നാരീ രത്നങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിന്റെ ആദ്യദശകങ്ങളില്‍ തന്നെ ഈ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയിട്ടുണ്ട്.
ഡോ. ആനിബസന്റില്‍ നിന്നും സരോജിനി നായിഡുവില്‍ നിന്നും തുടങ്ങുന്ന ആ മഹത് പരമ്പര ചരിത്രത്തെയും സ്ത്രീകളുടെ സാമൂഹികാവസ്ഥകളെയും മാറ്റിമറിച്ചവരാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലും പരമോന്നത സമിതിയായ വര്‍ക്കിംഗ് കമ്മറ്റിയിലും സ്ത്രീകള്‍ക്ക് പങ്കും പ്രാതിനിധ്യവും നല്‍കിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം നിരവധി കഴിവുറ്റ വനിതകളെ കേന്ദ്ര കാബിനറ്റിലും സംസ്ഥാന മുഖ്യമന്ത്രി പദവികളിലും കോണ്‍ഗ്രസ് അവരോധിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും സംസ്ഥാന ഗവര്‍ണര്‍ പദവികളിലേക്കും വനിതകളെ അരിയിട്ട് വാഴ്ച നടത്തിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റില്‍ വരെ വനിതകള്‍ക്ക് ഇടം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായപ്പോള്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളെ തങ്ങളുടെ പാര്‍ട്ടിയുടെ അമരത്ത് നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്ന സി പി എം പോലും ഈ അടുത്തകാലത്താണ് പോളിറ്റ് ബ്യൂറോയിലിരിക്കാന്‍ ഒരു വനിതക്ക് അവസരം നല്‍കിയത്. അതും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാര്യക്ക്. സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ ദളിതനെയും ആദിവാസിയെയും ന്യൂനപക്ഷ വിഭാഗക്കാരനെയും ഭരണഘടനയുടെയും നിയമത്തിന്റെയും കൈത്താങ്ങുകളോടെ ഉയര്‍ത്തിക്കൊണ്ടു വന്ന കോണ്‍ഗ്രസ് സ്ത്രീകളുടെ സാമൂഹിക പദവിയുടെയും തൊഴില്‍ സംരക്ഷണത്തിന്റെയും ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അപ്പോഴും നിയമനിര്‍മാണ രംഗങ്ങളിലെ ശുഷ്കമായ സ്ത്രീ പ്രാതിനിധ്യം കോണ്‍ഗ്രസ് ശ്രദ്ധിക്കാതിരുന്നില്ല.
സുദീര്‍ഘമായ ജനാധിപത്യ ചരിത്രമുള്ള അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലേക്കുള്ള സ്ത്രീകളുടെ ആഗമനം അപൂര്‍വവും വിദൂരവുമാണ്. അനേകം രാജ്ഞിമാര്‍ രാജഭരണത്തിന്റെ ചെങ്കോലേന്തിയെങ്കിലും ഒരിക്കല്‍ മാത്രമാണ് ഒരു വനിതാ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഇംഗ്ലണ്ടിനായത്. സ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തിന്റെയും പോരാട്ടങ്ങളേറെ നടന്ന ഫ്രാന്‍സിലും സ്ഥിതി വ്യത്യസ്തമല്ല. അറുപതുകളുടെ മധ്യത്തില്‍ ഒരു വനിതയെ പ്രധാനമന്ത്രിയായി അവരോധിച്ചു; പെണ്‍കരുത്തിന്റെ പര്യായമായി അവര്‍ മാറിയത് ഇന്ത്യയിലായിരുന്നു. ആധുനിക ഭരണചരിത്രത്തിലും ജനാധിപത്യ യുഗ പരമ്പരയിലും ഇന്ദിരാഗാന്ധിയോളം പ്രഗത്ഭയായ മറ്റൊരു വനിത ഭരണാധികാരിയെ ലോകത്തിന് ഇന്നോളം ദര്‍ശിക്കാനായിട്ടില്ല. വളര്‍ച്ചകളിലും വീഴ്ചകളിലും അസാമാന്യമായ മെയ്‌വഴക്കത്തോടെ അടരാടിയ ഇന്ദിരാഗാന്ധി സ്ത്രീ ശാക്തീകരണത്തിന്റെ എക്കാലത്തെയും അതുല്യ മാതൃകയാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ബെന്നി ബഹനാന്‍ 
-°C 