| സ്ത്രീ സംവരണ ബില്‍ ഇന്നു വീണ്ടും വരുമ്പോള്‍ |
|
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്നേ ദിവസം ഇതിനേക്കാള്‍ മഹനീയമായ ഒരു സമ്മാനം രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേറെ നല്‍കാനില്ല.
ഇപ്പോള്‍ രാജ്യത്തെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് അംഗത്വം സംവരണം ചെയ്യണമെന്ന പൊതു അഭിപ്രായത്തില്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സ്ത്രീ സംവരണ മാനദണ്ഡത്തെക്കുറിച്ചും തോതിനെക്കുറിച്ചും ഉത്തരേന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കിലും ബില്ലിന് അനുകൂലമായി മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.ഭരണ കക്ഷി അംഗങ്ങള്‍ക്കു പുറമെ ബി.ജെ.പി, സി.പി.എം ഉള്‍പ്പടെയുള്ള ഇടതുപാര്‍ട്ടികള്‍, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 33.3 ശതമാനം അംഗത്വം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനെ ഈ കക്ഷികളെല്ലാം അനുകൂലിക്കുന്നു.
സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഐക്യ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ നിയമത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഭരണ പങ്കാളിത്തം ലഭിക്കുന്നതിന് പരസ്യമായി എതിരല്ല. സംവരണത്തിനുള്ളില്‍ ദളിത് സംവരണം വേണമെന്ന വാദമുന്നയിച്ച് ഇവര്‍ ബില്ലിനെ ചോദ്യം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റുപങ്കുവെയ്ക്കുമ്പോള്‍ പത്തോ ഇരുപതോ ശതമാനം സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് മാറ്റിവെച്ചാല്‍ മതിയെന്ന് ഇവര്‍ വാദിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം നേടി ഇത്രകാലമായിട്ടും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സ്വമേധയാ ചെയ്യാന്‍ തുനിയാത്ത കാര്യമാണത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃപദവികളില്‍ സ്ത്രീകള്‍ക്ക് മതിയായ സ്ഥാനം വീതിക്കണമെന്ന് അനുശാസിച്ചിട്ടും പാലിക്കാത്തവര്‍ ഇപ്പോള്‍ ഇത്തരം വാദമുഖങ്ങളുന്നയിച്ച് സ്ത്രീ സംവരണ ബില്ലിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തം. സംവരണം വന്നാല്‍ സമ്പന്നരായ സ്ത്രീകളായിരിക്കും അംഗങ്ങളായി എത്തുന്നതെന്ന് വാദിക്കുന്ന പാര്‍ട്ടികള്‍ ദളിതുകളുടെ പേരുപറഞ്ഞ് സ്ത്രീകളുടെ പൊതുഅവകാശത്തെ എന്നേക്കുമായി തടയാനാണ് ശ്രമിക്കുന്നത്. പുരുഷാധിപത്യ പ്രസ്ഥാനങ്ങളായ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നവരുടെ സ്ഥാനമാനങ്ങള്‍ പങ്കുവെക്കപ്പെടുമെന്ന ഭയത്തിനപ്പുറത്ത് ഇത്തരം എതിര്‍വാദങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുളളതാണ്.
കഴിഞ്ഞ പതിനാലു വര്‍ഷമായി സ്ത്രീ സംവരണ പ്രശ്നം ഇന്ത്യയുടെ പൊതുചര്‍ച്ചയിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കഴിഞ്ഞതാണ്. പത്തുലക്ഷം സ്ത്രീകള്‍ ഇത്തരത്തില്‍ പ്രാദേശിക ഭരണസമിതികളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെയൊന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ സമൂഹത്തിലെ സമ്പന്നരുടെ 'പ്രോക്സി' ഭരണമല്ല നടക്കുന്നതെന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും വനിതാസംവരണ ബില്ല് ഏഴുതവണ പാര്‍ലമെന്റിന് പരിഗണിച്ച് മറ്റീവ്ക്കേണ്ടിവന്നു. രാഷ്ട്രീയത്തില്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ പങ്കാളിത്തം കാര്യക്ഷമവും സജീവവുമാക്കാന്‍ നിയമം കൂടിയേ തീരൂ. നിയമപരിരക്ഷയില്ലാതെ സ്വാഭാവികമായി സ്ത്രീകള്‍ അവരുടെ സാമര്‍ത്ഥ്യം കൊണ്ട് അര്‍ഹമായ സ്ഥാനത്ത് എത്തും എന്ന് കരുതി കാത്തിരിക്കാന്‍ കഴിയില്ലെന്ന് അറുപതു വര്‍ഷത്തെ അനുഭവം കൊണ്ട് വ്യക്തമായിരിക്കുന്നു. നിലവില്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ എണ്ണം അഞ്ചു ശതമാനം പോലുമില്ലന്നത് ഒരു വസ്തുതയാണ്. അതിനാല്‍ സ്ത്രീകള്‍ക്കായി ഇത്തരമൊരു നിയമപരിരക്ഷ ചരിത്രപരമായ അനിവാര്യതയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്ന സുപ്രധാനമായ ചുവടുവെയ്പ്പാണ് യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിക്കുക വഴി രാജ്യത്തെ അമ്പത്ത ഞ്ചു കോടി സ്ത്രീകളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും ഭാവിയില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം. സാമൂഹിക വ്യവസ്ഥയിലും രീതികളിലും ഈ നിയമം വമ്പിച്ച സ്വാധീനം ഉളവാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. തുല്യ നീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്ത്രീകള്‍ വോട്ടവകാശം പോലും നേടാതിരുന്ന ഒരു കാലത്തിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും സമത്വബോധത്തോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് വര്‍ഗ്ഗത്തിന്റേയോ ദേശത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ ആരെയെങ്കിലും അകറ്റിനിര്‍ത്തുന്നത് അനീതിയാണെന്ന് മാത്രമല്ല, അശാസ്ത്രീയവുമാണ്. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി സ്ത്രീ സംവരണ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി അതു വാഴ്ത്തപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കൈവശമിരിക്കുന്ന അവകാശാധികാരങ്ങള്‍ നഷ്ടപ്പെടുമെന്ന ചിലരുടെ ഭീതിക്കപ്പുറം ഇപ്പോള്‍ ദുര്‍ബ്ബലമായി ഉയര്‍ന്നു കേള്‍ക്കുന്ന എതിര്‍പ്പുകള്‍ കാലം അപ്രസക്തമാക്കി മാറ്റുകയും ചെയ്യും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇന്ന് ആഹ്ലാദ ദിനമായി തീരട്ടെ എന്ന പ്രതീക്ഷയോടെയാണ് ഇതിവിടെ കുറിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിലും പുറത്തും ഏറെ വിവാദമുയര്‍ത്തിയ സ്ത്രീ സംവരണ ബില്‍ നിയമകാര്യ മന്ത്രി വീരപ്പമൊയ്‌ലി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുകയാണ്. 
-°C 