|
സന്തോഷ് ജോസഫ്
മലയാളക്കരയും മലയാളി സാന്നിധ്യവുമുളള ഒരു സിനിമാ സംരംഭമാണ് മലയാളിയായ സോഹന്‍ റോയി എന്ന സംവിധായകന്‍ ഹോളിവുഡില്‍ പരീക്ഷിക്കുന്നത്.
മേക്കപ്പ്മാനും ക്യാമറമാനും തുടങ്ങി പ്രധാനപ്പെട്ട സാങ്കേതിക വിഭാഗങ്ങളെല്ലാം മലയാളികള്‍ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഡാം 999 എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംവിധായകന്‍ പറയുന്നു.സിനിമയുടെ വിവിധ മേഖലകളില്‍ ദേശീയ അവര്‍ഡുകള്‍ നേടിയ 16 പേര്‍ ഈ ചിത്രത്തില്‍ സമ്മേളിക്കുന്നുവെന്നതും സിങ്ക്സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നുവെന്നതും മലയാളിയുടെ ഹോളിവുഡ് ചിത്രത്തെ ചരിത്രത്തിന്റെ ഭാഗമാക്കും എന്നു തന്നെയാണ് പ്രതീക്ഷ. 25 ദിവസം നീളുന്ന ചിത്രീകരണമാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ നടക്കുന്നത്. മുഹമ്മ എന്ന കൊച്ചുഗ്രാമത്തില്‍ ചിത്രീകരിക്കുന്നുവെന്ന പ്രത്യേകത നിലനില്‍ക്കുന്നതിനിടെയാണ് മലയാള സിനിമാരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ യാദൃശ്ചികമായിട്ടെങ്കിലും ഡാം 999 നും സംവിധായകനു ഇടപെടേണ്ടിവന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യാന്‍ നടന്‍ തിലകനെ വിളിക്കുമ്പോഴും കരാറിലേര്‍പ്പെടുമ്പോഴുമൊന്നും ഇപ്പോള്‍ ആളിപ്പടര്‍ന്ന വിവാദമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സംഘടനകളുമായി തെറ്റി നില്‍ക്കുന്ന തിലകനെ വെച്ച് സിനിമാ പിടിക്കാന്‍ കഴിയില്ലെന്നത് വ്യക്തമായതോടെ തിലകനെ ഒഴിവാക്കിയാണ് ചിത്രീകരണംനടക്കുന്നത്. തിലകനെ മനസില്‍ കണ്ട് തയ്യറാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജത് കപൂറിനാണ് നറുക്ക് വീണത്. മറൈന്‍ ബിസ് ടിവിയുടെ ഹോളിവുഡ് സംരംഭമാണ് ഡാം 999 എന്ന ചിത്രം. ഏരിയസ് ഗ്രൂപ്പിന്റേയും മരിയന്‍ ഡിഷ് ടിവിയുടേയും സിഇഒ കൂടിയായ പുനലൂര്‍ സോഹന്‍ റോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡ് തിരക്കഥാകൃത്തുക്കളായ റോബ് ടോബിന്‍, ഐറിക് ഷെര്‍മാന്‍ എന്നിവരും പങ്കാളികളാകുന്നു. മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ചെലുത്തുന്ന സമ്മര്‍ദ്ദവും ഇതും മനുഷ്യമനസുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള മന:ശാസ്ത്രപരമായ കഥാതന്തുവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 70 എം എം ത്രിഡിയില്‍ ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ അജയന്‍ വിന്‍സന്റാണ്. തെന്നിന്ത്യന്‍ നായിക വിമലാരാമന്‍, റെജിത് കപൂര്‍, തെലുങ്ക് നായക നടന്‍ വിനയ്‌റായ്, ബ്രിട്ടീഷ് നടി ലിന്‍ഡ അര്‍സീനിയോ, ബോളിവുഡ് നടി ടുലിപ് ജോഷി, തെന്നിന്ത്യന്‍ സിനിമാതാരം ആശിഷ് വിദ്യാര്‍ഥി, ഹോളിവുഡ് നടന്‍ ഫെഡറിക് സ്മിത്ത്, ബാരി ജോണ്‍ തുടങ്ങി നിരവധി പ്രഗത്ഭ നടന്മാര്‍ അണിനിരക്കുന്ന ഡാം 999- ല്‍ സംവിധായകനെക്കൂടാതെ മലയാളി സ്പര്‍ശം വേറെയുമുണ്ട്.
പ്രശസ്ത മലയാള സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചരിക്കുന്നത്. കെ.എസ് ചിത്രയും പി. ജയചന്ദ്രനും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് ചമയമെരുക്കുന്നത്. മുഹമ്മ കോവിലകം റിസോര്‍ട്ടിലും വീടിന്റെ പരിസരങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ത്യാഗരാജന്റെ നേതൃത്വത്തിലുള്ള ആശാരിമാരാണ് രംഗസജീകരണം നടത്തിയത്. മലയാളവും തമിഴും ഉള്‍പ്പടെയുളള നിരവധി ചിത്രങ്ങള്‍ക്ക് ചായം ചാര്‍ത്തിയ മുഹമ്മ കോവിലകം റിസോര്‍ട്ട് ആദ്യമായാണ് ഹോളിവുഡ് ചിത്രത്തിന് വേദിയാകുന്നത്. ഫാസിലിന്റെ കൈയെത്തും ദൂരത്ത്, മാധവന്‍ അഭിനയിച്ച തമിഴ്ചിത്രമായ ഗുരു എന്‍ ആള്‍, മോഹന്‍ലാലിന്റെ മാമ്പഴക്കാലം, ഇഷ്ടത്തിന്റെ ഹിന്ദി റീമേക്കായ മേരേ ബാപ് പെഹ്്ലേ ആപ്, കലാഭവന്‍ മണി അഭിനയിച്ച മാണിക്യന്‍, ബ്ലെസിയുടെ കാഴ്ച തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
മുഹമ്മയിലെ ചിത്രീകരണത്തിന് ശേഷം ഊട്ടിയിലും തുടര്‍ന്ന് ഹൈദരാബാദ്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് ചിത്രം ഷൂട്ട് ചെയ്യും. എന്തായാലും തങ്ങളുടെ കൊച്ചുനാടിനെ ഹോളിവുഡിലെത്തിക്കുവാനുളള സംവിധായകന്റെ ശ്രമങ്ങള്‍ക്ക് നാട്ടുകാരുടെ പിന്തുണയുമുണ്ട്. ഓസ്കാര്‍ പുരസ്ക്കാരം മുന്നില്‍ കണ്ടാണ് ചിത്രം ചെയ്യുന്നതെന്നും ചിത്രവുമായി സഹകരിക്കുന്ന ഒരാള്‍ക്കെങ്കിലും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ സോഹന്‍ റോയി പറയുന്നു. |