|
കമ്യൂണിസ്റ്റ് സഹയാത്രികനും യുക്തിവാദിയും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പവനന്റെ പത്നി പാര്‍വ്വതി പവനന്‍ പറയുന്നു ചൈനീസ് ആക്രമണം നടന്ന കാലം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഏറെ സംഘര്‍ഷം അനുഭവിച്ച നാളുകളായിരുന്നു അത്.
അന്ന് പ്രതിരോധമന്ത്രിയായിരുന്ന പി.കെ.കൃഷ്ണമേനോന്റെ രാജി അദ്ദേഹത്തെ വിഷമിപ്പിച്ചു. അക്കാലത്ത് തന്നെയാണ് നെഹ്‌റു പക്ഷാഘാതത്തെ തുര്‍ന്ന് കിടപ്പിലായതും അന്തരിച്ചതും. നെഹ്‌റുവിന്റെ മരണശേഷം ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് തന്നെ അത് വിശ്വസിക്കാനായില്ലത്രെ. കാരണം മൊറാര്‍ജിയായിരിക്കും ഇന്ത്യയുടെ ഭരണസാരഥിയാവാന്‍ പറ്റിയ ആള്‍ എന്ന അഭിപ്രായം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ശക്തമായി ഉണ്ടായിരുന്നു. അദ്ദേഹം നല്ലൊരു ഭരണാധികാരിയായിരിക്കുമെന്നും മറിച്ച് സ്വേച്ഛാധിപതിയാണെന്നും കോണ്‍ഗ്രസ്സില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായതു കൊണ്ടാണ് ലാല്‍ബഹദൂര്‍ ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കിയതെന്നും മറ്റും എന്റെ ഏട്ടന്‍ (സി.പി. രാമചന്ദ്രന്‍)നിലൂടെ ഞാന്‍ കേട്ടിട്ടുണ്ട്. സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയായി ലാല്‍ബഹദൂര്‍ ശാസ്ത്രിയെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തതത്രെ. ശാസ്ത്രിയുടെ അപകര്‍ഷതാബോധം പിന്നീട് ഇന്ദിരാഗാന്ധിക്ക് തീരെ ഇഷ്ടമില്ലായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇന്തോ-പാക് സംഘര്‍ഷം വന്നപ്പോള്‍ ശാസ്ത്രി വല്ലാത്ത വിഷമാവസ്ഥയിലായിരുന്നുവെന്നും ഞാന്‍ കേട്ടതായി ഓര്‍ക്കുന്നു. കാരണം അമേരിക്കയും ബ്രിട്ടനും പാകിസ്ഥാന്റെ പക്ഷത്തായിരുന്നു. അപ്പോഴാണ് റഷ്യ ആദ്യമായി കടന്നുവരുന്നത്. താഷ്കെന്റ് കോണ്‍ഫറന്‍സിലേക്ക് ശാസ്ത്രിയെ റഷ്യ ക്ഷണിച്ചു. മാനസിക സംഘര്‍ഷം കൊണ്ടായിരിക്കാം ശാസ്ത്രി റഷ്യയില്‍ വെച്ചു മരണപ്പെടുകയാണുണ്ടായത്. ശാസ്ത്രി മരണപ്പെട്ടപ്പോള്‍ റഷ്യക്കാരാണ് ശാസ്ത്രിയുടെ മരണത്തിന് പിന്നിലുള്ളതെന്ന് അമേരിക്കന്‍ അനുകൂലികള്‍ പറഞ്ഞുപരത്തിയതും ഓര്‍മ്മയിലുണ്ട്. പലതരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ പ്രകടമായ കാലഘട്ടത്തിലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപുത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. സ്വന്തം പിതാവിനോടൊപ്പം മാത്രം നടന്ന ഇന്ദിരാഗാന്ധിക്ക് ഭരണപരിചയത്തിന് അതിടനല്‍കി. പക്ഷെ മൊറാര്‍ജി പ്രധാനമന്ത്രിയാവാന്‍ ഏറെ പ്രയത്നിക്കുകയും മാനസികമായി തയാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അന്ന് കാമരാജ് ഇടപെട്ടാണ് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയത്. ഒരു വോട്ടെടുപ്പ് നടത്താന്‍ മൊറാര്‍ജി ആവശ്യപ്പെട്ടുവെങ്കിലും മത്സരം ഉണ്ടായില്ല. അന്ന് ഇന്ദിരാഗാന്ധി ഒരു ഷാള്‍ പുതച്ചാണ് സെന്‍ട്രല്‍ ഹാളില്‍ എത്തിയത്. ഒരു സ്ത്രീ ഇന്ദിരാഗാന്ധിക്ക് ഒരു റോസാപ്പൂ സമ്മാനിച്ചു. പിറ്റേ ദിവസം പത്രത്തില്‍ വന്ന തലക്കെട്ട് ഠവല ഞലറ ഞീലെ ശെ ആമരസ എന്നായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ കുപ്പായത്തിന്റെ ബട്ടണ്‍ ഹോളില്‍ എന്നും റോസാപ്പൂ തിരുകുമായിരുന്നല്ലോ.ഇന്ദിരാഗാന്ധി സ്വതന്ത്രനിലപാടുകള്‍ എടുക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ശക്തിരൂപമായിരുന്ന അവര്‍. ഇന്ദിരാഗാന്ധിയെടുത്ത ധീരമായ ഒരു നടപടി ബാങ്ക് ദേശസാല്‍ക്കരണമായിരുന്നു. പക്ഷെ അവരുടെ ഭരണകാലത്തെ ഏറ്റവും ഹീനമായ നടപടി അടിയന്തരാവസ്ഥയായിരുന്നു എന്ന് പിന്നീട് വിമര്‍ശനം ഉണ്ടാവുകയും ചെയ്തു. ഇന്ത്യ കരിദിനമായി കണ്ട നാളുകളായിരുന്നു അതെന്നാണ് എന്റെ അഭിപ്രായം. 1984 ഒക്ടോബര്‍ 31 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ദാരുണ മരണം. മരണപ്പെട്ടത് സ്വന്തം സംരക്ഷകരാലാണെന്നത് വിധി വൈപരീത്യമാണ്. പിന്നീട് പ്രിയപുത്രന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയും ദാരുണമായി മരണമടഞ്ഞു. അക്കാലങ്ങളില്‍ സോണിയാഗാന്ധി നല്ലൊരു ഭാര്യ എന്ന നിലയിലും ഇന്ദിരാഗാന്ധിയുടെ ഇഷ്ടപ്പെട്ട മരുമകള്‍ എന്നതുമല്ലാതെ ഒരു പ്രത്യേകതയും അവരില്‍ കണ്ടിരുന്നില്ല. രാഷ്ട്രീയത്തില്‍ ചിരിക്കാത്ത മറ്റൊരു മുഖത്തെ ഞാന്‍ ഓര്‍ക്കുന്നു. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു. നരസിംഹറാവുവും സോണിയാഗാന്ധിയും ഒന്ന് ചിരിച്ചുകണ്ടിരുന്നുവെങ്കില്‍ എന്ന് പലരും അന്ന് വിചാരിച്ചിരിക്കും. സോണിയാഗാന്ധിക്ക് എപ്പോഴും മുഖത്ത് ടെന്‍ഷനായിരുന്നു. ഒരുതരം ഭയം. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോഴും പിന്നീട് രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോഴും അവരുടെ മുഖത്തെ സംഘര്‍ഷഭാവം നാം തിരിച്ചറിഞ്ഞതാണ്.ഞാന്‍ സോണിയാഗാന്ധിയെക്കുറിച്ചാണ് എഴുതുന്നത്. എഴുതിവന്നപ്പോള്‍ അവരുടെ പാരമ്പര്യത്തെക്കുറിച്ചും പറയണമെന്നുതോന്നി. അതുകൊണ്ടുതന്നെയാണ് സോണിയാഗാന്ധിയുമായി ബന്ധപ്പെട്ടവരെപ്പറ്റി ആദ്യം തന്നെ എഴുതാനിടയായത്. കുറച്ച് ദിവസം മുമ്പെ രാത്രി ടി.വി. ചാനല്‍ മാറ്റിയിരിക്കുമ്പോള്‍ എന്‍.ഡി.ടി.വിയില്‍ വെളുക്കെച്ചിരിച്ച് കൊണ്ടുള്ള സോണിയാഗാന്ധിയെ കാണാനിടയായി. ഠവല ഹശഴവല്‍ ശെറല ീള ടീിശമ എന്ന ഒരു വാചകവും കൂടി കണ്ടപ്പോള്‍ അത് നോക്കിയിരുന്നു പോയി.
ഇന്ത്യയുടെ ഭാവി അവരുടെ കൈകളിലായിരിക്കുമെന്ന് ഒരു ഇന്ത്യക്കാരനും സ്വപ്നത്തിലോ, സോണിയാഗാന്ധിപോലുമോ ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല. രാജീവ് ഗാന്ധി മരണമടഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാവിതന്നെ ആശങ്കയിലായിരുന്നു. എല്ലാം പെട്ടെന്നായിരുന്നുവല്ലോ സംഭവിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയായി തീര്‍ന്നതോടെ ഡല്‍ഹി രാഷ്ട്രീയം സോണിയാഗാന്ധിയില്‍ നിക്ഷിപ്തമായി. കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുത്തപ്പോഴും പത്രങ്ങളില്‍ വരുന്ന പടങ്ങളില്‍ സോണിയാ ഗാന്ധിയുടെ മുഖത്തെ സംഘര്‍ഷം പ്രകടമായിരുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഇന്ന് അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ മാത്രമല്ല, ഇന്ത്യ ഭരിക്കുന്ന യു.പി.എ സഖ്യത്തിന്റെ അധ്യക്ഷയുമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പിന്‍ബലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയിലാണ്. ലോകത്തിലെ അതിശക്തരായ വനിതകളില്‍ ഒരാളായി മാറിയിരിക്കുന്നു സോണിയാ ഗാന്ധി. ഇന്ദിരാഗാന്ധിക്ക് ശേഷം ലോകശ്രദ്ധ പിടിച്ച് പറ്റുന്നതിന് മറ്റൊരു വനിത ഉണ്ടായത് സോണിയാ ഗാന്ധിയുടെ രൂപത്തിലാണെന്ന കാര്യം തകര്‍ക്കമറ്റതാണ്. ഒരു ഇറ്റലിക്കാരി എന്നതിനെക്കാള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു ഇന്ത്യക്കാരിയായി സോണിയാഗാന്ധിയെ രൂപാന്തരപ്പെടുത്തിയത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ രാജീവ് ഗാന്ധിയോടുള്ള പ്രണയമാണ്.
പ്രണയം ഒരു വ്യക്തിയുടെ സ്വത്വഘടനയെ അടിമുടി മാറ്റിമറിക്കും എന്നതിന് സോണിയാഗാന്ധിയെക്കാള്‍ നല്ല ഒരു ഉദാഹരണം വേറെയില്ല. ഒട്ടും അസാധാരണത്വമില്ലാതെ ഒരു സാധാരണ ഇന്ത്യന്‍ കുടുംബിനിയാകാന്‍ ശ്രദ്ധാപൂര്‍വ്വം പരിശ്രമിച്ചു കൊണ്ടിരുന്ന സ്ത്രീയാണ് സോണിയാ ഗാന്ധി. അവരെക്കാള്‍ മുമ്പെ തന്നെ രാജീവിനെക്കാള്‍ സഞ്ജയ് എന്നതുപോലെ പൊതുജനശ്രദ്ധയും, മാധ്യമശ്രദ്ധയും നേടിയെടുക്കാന്‍ മനേകാഗാന്ധി എന്ന ഇന്ദിരാഗാന്ധിയുടെ ഇന്ത്യക്കാരിയായ മരുമകള്‍ക്ക് സാധിച്ചിരുന്നു. പക്ഷെ ഇന്ദിരാഗാന്ധിയുടെ ഇറ്റലിക്കാരിയായ മരുമകള്‍ക്ക് അന്നൊക്കെ ഒരു നിശ്ശബ്ദ സഹനജീവിയുടെ സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. അവരെ അക്കാലത്ത് ഉപമിക്കാന്‍ സാധിക്കുമായിരുന്നത് കമലാ നെഹ്‌റുവോടായിരുന്നു. പക്ഷെ ഇന്നത്തെ സ്ഥിതി എന്താണ്? മനേകാ ഗാന്ധി വല്ലപ്പോഴും ഓര്‍മ്മിക്കപ്പെടുന്ന ഒരു പേരുമാത്രമായിട്ടാണ് ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്. എങ്കില്‍ സോണിയാ ഗാന്ധി ഇന്ത്യാക്കാരുടെ ഓരോ ശ്വാസത്തേയും ബാധിക്കുന്ന സ്വാധീനമായി മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ഇപ്പോള്‍ വിദേശത്ത് നിന്ന് വന്ന് ഇന്ത്യയെ ആഴത്തില്‍ സ്വാധീനിച്ച ആനി ബസന്റിനോടും സിസ്റ്റര്‍ നിവേദിതയോടും, മദര്‍ തെരേസ്സയോടും താരതമ്യം ചെയ്യാവുന്ന ആധുനിക ഇന്ത്യയിലെ ഒരേയൊരു വനിതയായി മാറി. അവരെ ആദരിക്കാന്‍ വൈമനസ്യമുള്ളവര്‍ക്ക് കൂടി അവഗണിക്കാന്‍ വയ്യാതായിരിക്കുന്നു. ഭരണം എന്നത് കസേര കയ്യേറാനുള്ള ആഗ്രഹമല്ലെന്നും കസേരയില്‍ ആരിരിക്കേണമെന്ന് നിശ്ചയിക്കാനുള്ള ഇച്ഛാശക്തിയും അതിലേക്ക് ആളുകളെ കൂട്ടിയിണക്കിക്കൊണ്ടുവരാനുള്ള ആകര്‍ഷണീയതയും ആണെന്ന് സോണിയാ ഗാന്ധി തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്നതും രാഹുല്‍ഗാന്ധി ഇപ്പോഴും ഒരു കാബിനറ്റ് മന്ത്രിപോലും ആവാതിരിക്കുന്നതും.രാഷ്ട്രീയ കുടുംബങ്ങള്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. അവിടെയൊന്നുമില്ലാത്ത ഒരു ഐക്യം സ്വന്തം കുടുംബത്തില്‍ നിലനിര്‍ത്താന്‍ സോണിയയിലെ അമ്മയുടെ സാന്നിധ്യം രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും എങ്ങിനെ പഠിപ്പിച്ചിരിക്കുന്നുവെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും പരസ്യനിലപാടുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരു ഭാര്യ എന്ന നിലയിലും മുത്തശ്ശി എന്ന നിലയിലും വ്യക്തിജീവിതത്തിലും ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ പൊതുജീവിതത്തിലും സോണിയാഗാന്ധി മാതൃകയാണ് എന്നതിന് അവരുടെ ഔചിത്യം ഒട്ടും കുറയാത്ത പെരുമാറ്റങ്ങള്‍ മതിയായ തെളിവുകളാണ്.
ഒരു വിദേശവനിതയില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്തതും എന്നാല്‍ ഒരു സ്വദേശവനിതയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്ന് കരുതപ്പെടുന്നതുമായ അടക്കവും ഒതുക്കവുമുള്ള ഭാര്യയായിരുന്നു രാജീവ് ഗാന്ധിക്ക് സോണിയ. ഭര്‍ത്താവോടൊപ്പല്ലാതെ ജീവിതത്തിന്റെ ഒരു മേഖലയിലും തനിയെ നടക്കാന്‍ ശ്രമിച്ചിട്ടില്ല സോണിയാ ഗാന്ധി. അത്രമേല്‍ സ്വന്തം ഭര്‍ത്താവായ രാജീവിനുവേണ്ടി അവര്‍ സ്വയം ഭാരതീയവത്ക്കരിച്ചു. ഒരു മരുമകള്‍ എന്ന നിലയില്‍ ഇന്ദിരാഗാന്ധിയിലെ കര്‍ക്കശമായ ഭരണാധികാരിക്കും കാല്‍പനിക കുട്ടിത്തവും ദുശ്ശാഠ്യങ്ങളും നിറഞ്ഞ അവരിലെ നെഹ്‌റുവിന്റെ പ്രിയദര്‍ശിനിക്കും സോണിയാ ഗാന്ധി ചില അസ്വാസ്ഥ്യങ്ങളൊക്കെ ഉളവാക്കിയിരിക്കാം. പക്ഷെ സോണിയാ ഗാന്ധി വെറുമൊരു അമ്മായിഅമ്മയായി മാത്രം. ഇന്ദിരാഗാന്ധിയെ കണ്ടുകൊണ്ട് അവരില്‍നിന്ന് ഒഴിഞ്ഞുമാറാതെ അവരോടൊപ്പം എല്ലാം സഹിച്ച് ജീവിച്ചു. അതുകൊണ്ടാണ് ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസിനെ ജീവിപ്പിക്കുന്ന ശക്തിയായി നയിക്കാന്‍ സോണിയാഗാന്ധിക്ക് ഇപ്പോള്‍ കഴിയുന്നത്.
രാഷ്ട്രീയരംഗത്ത് സ്വന്തം കക്ഷിയിലെ ആളുകളുടെ ഇഷ്ടഭാജനമാവാന്‍ ഏതൊരു നേതാവിനും എളുപ്പം സാധിക്കും. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞെന്നപോലെ ഏതൊരു അനുയായിക്കും സ്വന്തം നേതാവ് പൊന്നായിരിക്കും. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആദരവ് നേടാന്‍ കഴിയുക എന്നത് ഒരു നേതാവിന് ലഭിക്കാവുന്ന അത്യപൂര്‍വ്വ ബഹുമതിയാണ്. പ്രതിപക്ഷ ബഹുമാനത്തോടെ പറയുവാനും പെരുമാറുവാനും കഴിയുന്നവര്‍ക്കേ ആ ബഹുമതി ലഭിക്കൂ. ഇക്കാര്യത്തിലും സോണിയാഗാന്ധി അത്യധികം ധനികയാണ്.മമത ബാനര്‍ജി, ജയലളിത, മായാവതി, സുഷമസ്വരാജ്, വൃന്ദ കാരാട്ട് എന്നീ പ്രതിപക്ഷത്ത് നിന്നിരുന്നവരും നില്‍ക്കുന്നവരുമായ നേതാക്കളോട് സോണിയാഗാന്ധി പ്രതികരിച്ചിരുന്നത് എപ്പോഴും അവരും സ്ത്രീകളാണെന്ന ബഹുമാനത്തോടും സംയമനത്തോടും മാത്രമായിരുന്നു. എന്നാല്‍ പലപ്പോഴും നേരത്തെ പറഞ്ഞവരുടെ സോണിയാഗാന്ധിയെ പറ്റിയുള്ള പ്രതികരണങ്ങള്‍ വ്യക്തിഹത്യയുടെ ആവേശബോധംകൊണ്ട് മലിനമായിരുന്നു. ആരാധനയുടെ പൂച്ചെണ്ടുകള്‍ സ്വീകരിക്കുമ്പോഴല്ല; മറിച്ച് അവഹേളനയുടെ അസ്ത്രങ്ങള്‍ നേരിടേണ്ടി വരുമ്പോഴാണ് ഒരു നേതാവ് എന്തെന്ന് പ്രകാശിപ്പിക്കപ്പെടുന്നത്. സോണിയാഗാന്ധി ഒട്ടേറെ അവഹേളിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യ ഭരിക്കാന്‍ ഇറ്റലിക്കാരി വേണ്ട, മദാമ്മ വേണ്ട എന്നീ മുദ്രാവാക്യങ്ങള്‍ അവരെ വേട്ടയാടിയിട്ടുണ്ട്. അവര്‍ അതിനെ നേരിട്ടത് ലോകത്തിന് മുഴുവന്‍ സംയമനത്തിന്റെ പ്രത്യയ ശാസ്ത്രം ഉപദേശിച്ച ഇന്ത്യന്‍ ഋഷിമനസ്സുകള്‍ക്ക് തൃപ്തി തോന്നുന്നവിധം ഔചിത്യത്തോടെയായിരുന്നു. അതാണ് അവരുടെ കരുത്ത്. അര്‍ത്ഥരഹിതമായ കോലാഹലങ്ങള്‍ക്കിടയില്‍ മതത്തിനുള്ള കരുത്തായിരുന്നു അത്. ശക്തമായ രാഷ്ട്രീയാഭിപ്രായം എനിക്കുണ്ടെങ്കിലും എന്‍.ഡി. ടി.വിയിലെ ചിരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടപ്പോള്‍ എനിക്കവരെപറ്റി എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാനവരെ ആദരിക്കുന്നു. |