| ആസ്ത്രേലിയയ്ക്ക് 12 റണ്സ് ജയം |
|
ഒമ്പതാം വിക്കറ്റില് സൗത്തിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന് ഡാനിയല് വെറ്റോറി നടത്തിയ പ്രകടനം ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ചെന്ന് തോന്നിച്ചെങ്കിലും ഹാരിസിന്റെ പന്തില് കീവിസ് നായകന് ബൗള്ഡായതോടെ ഭാഗ്യം ആസ്ത്രേലിയയ്ക്കൊപ്പം നിന്നു. അവസാനവിക്കറ്റ് വരെ പൊരുത നിന്ന് വെറും 49 പന്തില് 70 റണ്സെടുക്കുകയും, ഓസീസിന്റെ രണ്ട് മുന്നിര വിക്കറ്റുകള് വീഴ്ത്തുകയും ചെയ്ത വെറ്റോറിയാണ് മാന് ഓഫ് ദി മാച്ച്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ത്രേലിയയ്ക്ക് വേണ്ടി ഓപ്പണര്മാരായ ഷെയ്ന് വാട്സണും ബ്രാഡ് ഹാഡ്ഡിനും മികച്ച തുടക്കമാണ് നല്കിയത്. 48 പന്തില് ഏഴു ബൗണ്ടറികളും ഒരു സിക്സറുമടക്കം 47 റണ്സെടുത്ത ഷെയ്ന് വാട്സണും, 62 പന്തില് മൂന്നു സിക്സറും മൂന്ന് ബൗണ്ടറികളമടക്കം 53 റണ്സെടുത്ത ഹാഡ്ഡിനും പുറത്തായതോടെ ഓസീസ് അല്പം പരുങ്ങലിലായി. തുടര്ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന് റിക്കി പോണ്ടിംഗ് അക്കൗണ്ടില് ഒരു റണ്സ് മാത്രം സ്വന്തമാക്കി പുറത്തായപ്പോള് മൈക്കേല് ക്ലാര്ക്കിന് 11 റണ്സ് എടുക്കാനേ സാധിച്ചിട്ടുള്ളൂ.
ബ്രാഡ് ഹാഡ്ഡിനെ റിട്ടേണ് ക്യാച്ചെടുത്ത് പുറത്താക്കിയ കീവിസ് ക്യാപ്റ്റന് തന്നെയാണ് ഓസീസ് നായകനെയും മടക്കിയത്. വെറ്റോറിയുടെ പന്തില് മക്കല്ലത്തിന് ക്യാച്ച് നല്കിയാണ് പോണ്ടിംഗ് മടങ്ങിയത്. എന്നാല് പിന്നീട് കളത്തിലിറങ്ങിയ കാമറൂണ് വൈറ്റും(54), മൈക്ക് ഹസ്സിയും(56) ചേര്ന്ന് ഓസീസ് സ്കോറിന് ജീവന് വയ്പ്പിക്കുന്ന കാഴ്ചക്കാണ് ഈഡന് പാര്ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടര്ന്നെത്തിയ ഹോപ്സും(29), മിച്ചല് ജോണ്സണും(16) ചേര്ന്ന് ഓസീസ് സ്കോര് ഏഴുവിക്കറ്റിന് 273 എന്ന നിലയില് എത്തിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് സ്കോര് 27 ല് നില്ക്കെ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. മിച്ചല് ജോണ്സന്റെ പന്തില് വിക്കറ്റിന് പിന്നില് ഹാഡ്ഡിന് ക്യാച്ച് നല്കി മടങ്ങുമ്പോള് ഓപ്പണര് ബ്രണ്ടന് മക്കല്ലത്തിന്റെ വകയായിരുന്നു 27 ല് 24 റണ്സും. രണ്ട് സിക്സറും മൂന്ന് ബൗണ്ടറികളുമടക്കം പതിനാറ് പന്തുകളില് നിന്നായിരുന്നു മക്കല്ലത്തിന്റെ സ്കോറിംഗ്. മെല്ലെപ്പോക്ക് നയം സ്വീകരിച്ച ഓപ്പണര് ഇന്ഗ്രാമും(24 പന്തില് 14), നാലാം നമ്പര് ബാറ്റ്സ്മാന് ബ്രൂമും കീവിസ് സ്കോര് 43 ല് നില്ക്കെ തന്നെ പുറത്തായി.
എട്ടാമത്തെ ഓവര് എറിഞ്ഞ ഹാരിസ് തന്റെ നാലാം പന്തില് ഇന്ഗ്രാമിനെയും അഞ്ചാം പന്തില് ബ്രൂമിനെയും വിക്കറ്റിന് മുന്നില് കുരുക്കുകയായിരുന്നു. തുടര്ന്നെത്തിയ ഫ്രാങ്ക്ലിന്റെ(2) ഇന്നിംഗ്സിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരറ്റത്ത് ഗുപ്റ്റിലിനെ നിര്ത്തി ഭേദപ്പെട്ട ഇന്നിംഗ്സ് കാഴ്ച വെച്ച സ്കോട്ട് സ്റ്റൈറിസാണ് കീവീസ് സ്കോറിന് അല്പം ജീവന് നല്കിയത്. 58 പന്തില് നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 46 റണ്സ് എടുത്ത സ്റ്റൈറിസിനെ ഹൗറിറ്റ്സ് റിക്കി പോണ്ടിംഗിന്റെ കൈകളിലെത്തിച്ചു. പതിവില് നിന്ന് വിപരീതമായി സാവധാനം ബാറ്റ് വീശിയ വണ് ഡൗണ് ബാറ്റ്സ്മാന് ഗുപ്റ്റിലും ഏറെ വൈകാതെ തന്നെ പുറത്തായി. ഷെയ്ന് വാട്സന്റെ പന്തില് ഹാഡിന് ക്യാച്ച് നല്കി മടങ്ങുമ്പോള് 34 പന്തില് 18 റണ്സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല് ഒരു സിക്സറും രണ്ട് ബൗണ്ടറികളും ആ ഇന്നിംഗ്സില് ഉള്പ്പെട്ടിരുന്നു. തുടര്ന്ന് ക്രീസിലെത്തിയ ഹോപ്കിന്സി(35)നെയും ടഫി(20)യെയും കൂട്ടുപിടിച്ച് ക്യാപ്റ്റന് ഡാനിയല് വെറ്റോറി ന്യൂസിലാന്റിനെ മെല്ലെ തകര്ച്ചയില് നിന്ന് കരകയറ്റുകയായിരുന്നു. രണ്ട് സിക്സറും എട്ട് ബൗണ്ടറികളുമടക്കം വെറും 49 പന്തില് 70 റണ്സെടുത്ത വെറ്റോറി 44 ാം ഓവറിലെ രണ്ടാം പന്തില് പുറത്തായതോടെ കീവിസ് പോരാട്ടം അവസാനിച്ചു. |
| < മുന് പേജ് | അടുത്തത് > |
|---|

ഈഡന്പാര്ക്ക്: ന്യൂസിലാന്റിനെതിരായ ചാപ്പല്-ഹാഡ്ലി ട്രോഫി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് ആസ്ത്രേലിയയ്ക്ക് പന്ത്രണ്ട് റണ്സിന്റെ വിജയം. 274 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റ് ബാറ്റിംഗ് നിര 43.2 ഓവറില് ഓള് ഔട്ടാവുകയായിരുന്നു. 
-°C 