|
'ഗോഡ്സ് മസ്റ്റ് ബി ക്രേസി' എന്ന ഹോളിവുഡ് ചിത്രം കാണുമ്പോള്‍ ഒരിക്കല്‍പോലും ചിരിക്കാത്തവര്‍ ഉണ്ടാകില്ല. നിഷ്കളങ്കമായ ചിരിയോടെ അല്ലെങ്കില്‍ ഗൗരവത്തോടെ ബോട്സ്വാന മരുഭൂമിയിലൂടെ ഓടുന്ന കറുത്തവര്‍ഗക്കാരനെ കാണുമ്പോള്‍തന്നെ ചിരിപ്പൊട്ടും.
അയാളുടെ ചെയ്തികളും ചിരിയുടെ മാലപ്പടക്കത്തിനാണ് തുടക്കമിടുക. ഗോത്രവര്‍ഗക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നര്‍മം കലര്‍ത്തി അവതരിപ്പിച്ചത് ഹോളിവുഡ് സംവിധായകന്‍ ജയ്മി അയ്സിന്റെ മിടുക്ക് തന്നെ ആ ചിരി ഇന്നും നിലനിര്‍ത്താന്‍ കഴിയുന്നതിന്റെ മികവും മറ്റാര്‍ക്കും നല്‍കാനാവില്ല. എന്നാല്‍ ആഫ്രിക്കന്‍ നാടുകളിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ നിന്ന് ഈചിരിമാഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോകഴിഞ്ഞു. ദാരിദ്ര്യവും നിഷ്കളങ്കതയും മുഖമുദ്രയായ ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍ ചോരയുടെ മണമാണ്. സൊമാലിയ, എതോപ്യ, ഉഗാണ്ട, നൈജീരീയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗ്രാമങ്ങളെ വിഴുന്നത് തീവ്രവാദമാണ്. ആഫ്രിക്കന്‍ താലിബാനിസം എന്നാണ് മാധ്യമങ്ങള്‍ ഈ പ്രദേശത്തെ പ്രാദേശിക തീവ്രവാദ സംഘടനകളും ഇസ്ലാമിക സങ്കുചിത ഗ്രൂപ്പുകളും പോരടിക്കുന്ന യാഥാര്‍ത്ഥ്യത്തെ പേരിട്ടുവിളിക്കുന്നത്. ദാരിദ്ര്യം എന്നേ വിഴുങ്ങിക്കളഞ്ഞ ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രാദേശികവാദത്തിന്റേയും ക്രിമിനലിസത്തിന്റെ ഉയിരും വാഴ്‌വുമാണ്. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ അല്‍ഷബാബ് എന്ന തീവ്രവാദ ഇസ്ലാമിക് ഗ്രൂപ്പിന്റെ നിരന്തര ആക്രമണങ്ങളുടെ ദുരന്തഭൂമിയാണ്. അഫ്ഗോയ് കോറിഡോര്‍ എന്നറിയപ്പെടുന്ന ഇവിടങ്ങളില്‍ സൈന്യത്തിന്റേയും സന്നദ്ധസംഘടനകളുടേയും സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്യാമ്പുകളിലായാണ് ജനജീവിതം. അഞ്ചുലക്ഷത്തോളം ജനങ്ങളെ ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായും 20,000 ത്തോളം ജനങ്ങള്‍ ഈ ആക്രമണ പരമ്പരകളില്‍ പെട്ട് കൊലചെയ്യപ്പെട്ടതായുമാണ് സര്‍ക്കാര്‍ കണക്ക്. ക്രിമിനലിസത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ട സൊമാലിയന്‍ സൈന്യം സൃഷ്ടിച്ച ക്രൂരതകളുടെ ഇരകളും അവിടത്തെ സാധാരണ ജനങ്ങള്‍ തന്നെ. 'ഇവിടത്തെ പകലുകള്‍ മോര്‍ട്ടാറുകളുടേയും ഷെല്ലുകളുടേയും അധിനിവേശത്താല്‍ നിറയുന്നു, രാത്രികള്‍ പട്ടാളക്കാരുടേയും പിടിച്ചുപറിക്കാരുടേയും കയ്യിലും"മൊഗാദിഷുവിലെ ജീവിതത്തെക്കുറിച്ച് 31കാരിയായ സരീദ നൂര്‍ അഹമ്മദ് പറയുന്നു. അഭയാര്‍ത്ഥികളുടെ പ്രവാഹമാണ് തലങ്ങും വിലങ്ങും. എത്യോപ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം ശക്തമായതാണ് ഇവിടത്തെ അരക്ഷിതാവസ്ഥയുടെ കാരണമെന്നാണ് സരീദയുടെ പക്ഷം. ബാബുകളെക്കുറിച്ച് ഭീതിയോടെയാണ് അവള്‍ പറയുന്നത്. "അവര്‍ ഞങ്ങളുടെ വീടുകളില്‍ ഇരച്ചുകയറുന്നു. ബലാത്സംഗം ചെയ്യുന്നു, എല്ലാം അപഹരിച്ച് പോകുന്നു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞുഷബാബ്സരീദ ഓര്‍ക്കുന്നു. ഷബാബ് എന്നാല്‍ യുവത്വം എന്നാണത്രെ അര്‍ത്ഥം. സൊമാലിയയില്‍ വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ ഭരണം പേരിന് പോലുമില്ലെന്നതാണ് സത്യം. കപ്പലുകള്‍ തട്ടിയെടുക്കുന്ന കടല്‍ക്കൊള്ളക്കാരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു.ദാരിദ്യമാണ് ഇതിനെയെല്ലാം അവരെ പ്രേരിപ്പിക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യം എത്ര ഭീകരമാണ് എന്ന ബോധ്യമാണ് ഈ ആഫ്രിക്കന്‍ മേഖലകളില്‍ തങ്ങളുടെ താലിബാനിസത്തിലൂടെ കാണിച്ചുതരുന്നത്. ഷബാബ് പല തീവ്രവാദ ഗ്രൂപ്പുകളില്‍ ഒന്നുമാത്രമാണ് അവര്‍. ഹിസ്ബുള്‍ ഇസ്ലാം എന്ന മറ്റൊരു സംഘവും സജീവമായി പ്രവര്‍ത്തിക്കുന്നു ഇവിടെ. അതുകൊണ്ടുതീരുന്നില്ല സുഡാന്‍, കെനിയ എന്നിവിടങ്ങളിലും ഈ സംഘടനകള്‍ക്ക് വേരുകളുണ്ട്. ഒരുവശത്ത് ഇസ്ലാമിക നിയമങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ മറുവശത്ത് സൈന്യവും തീവ്രവാദഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇത്തരത്തില്‍ അരക്ഷിതാവസ്ഥയുടെ കാണാക്കാഴ്ച്ചകളാണ് സൊമാലിയ അടക്കമുള്ള രാജ്യങ്ങളിലേത്.
സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ് കോഡും മറ്റ് മത നിയമങ്ങളും മതനേതൃത്വം ഇവിടെ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഷബാബികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും ഗ്രാമങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത സംസം അബാദിയെ ഷബാബികള്‍ കൊലപ്പെടുത്തിയ കഥയും സരീദ പറഞ്ഞു. 2010 ന്റെ തുടക്കത്തില്‍ മാത്രം 63,000ത്തോളം ജനങ്ങളെ ഇവിടങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ദുരിതാശ്വാസ ഏജന്‍സിയുടെ കണക്ക്. വംശീയതയും ദാരിദ്ര്യവും നടമാടുന്ന ഇവിടെ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും ഏറി വരികയാണെന്ന് ഈ ഏജന്‍സിയുടെ വക്താവ് മെലീസ ഫ്ലെമിങ് ജെയിനെവയില്‍ പറഞ്ഞിട്ട് അധികനാളായില്ല. 1990കളുടെ തുടക്കത്തില്‍ അധികാരവടംവലിയും വംശീയപ്രശ്നങ്ങള്‍ ശക്തമായതോടെ ഇവിടത്തെ ജീവിതം ദുഷ്കരമായി. അഭയാര്‍ത്ഥിപ്രവാഹവും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവന്നു. വീട് നഷ്ടപ്പെട്ടവരുടെ കഥ ഇവിടെയൊരു പുതുമയേയല്ല. കാലങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരാണ് മിക്കവരും. ഭക്ഷണത്തിന്റെ ലഭ്യതയില്ലായ്മയും രോഗങ്ങളും ആചാരങ്ങളും ഈ മേഖലകളില്‍ സാമൂഹ്യാവസ്ഥ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. മാത്രമല്ല സുരക്ഷാ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ സന്നദ്ധ സംഘടനകള്‍ക്ക് സൊമാലിയന്‍ ഗ്രാമങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് പലപ്പോഴുമുള്ളത്.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയുധക്കടത്തും വ്യാപകമാണ്. 2009 ല്‍ മാത്രം ബോട്ടുകളും കപ്പലുകളും തട്ടിയെടുക്കാനുള്ള 211 ശ്രമങ്ങളാണ് നടന്നതെന്ന് രേഖകള്‍ പറയുന്നു. 2008ല്‍ ഇത് 111 ആണ്. ഇതില്‍ 45 ശ്രമങ്ങളില്‍ പൂര്‍ണ്ണമായും വിജയിച്ചത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ്. ഏതായാലും ഇതിനെയെല്ലാം ചെറുക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വം നല്‍കുന്ന യു. എന്‍. സഖ്യസേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ സൊമാലിയന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ഷബാബ് അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് പണവും ആയുധവും നല്‍കിയിരുന്നത് അമേരിക്കയാണെന്നും ആരോപണങ്ങളുണ്ട്. സൊമാലിയ ഇത്തരത്തില്‍ പ്രതിസന്ധിയില്‍ ആകാനുള്ള കാരണം എത്യോപ്യയാണെണ ആരോപണം നേരത്തെ തന്നെയുണ്ട്. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും ഗ്യാങ്ങ്‌വാറുകളുടെ വാഗ്ദത്ത ഭൂമിയാണിന്ന് ആഫ്രിക്കയിലെ ഗ്രാമങ്ങളും നഗരങ്ങളും. രോഗാതുരത, സാമ്പത്തിക അസ്ഥിരത, ദാരിദ്ര്യം ഒപ്പം വംശീയപ്രാദേശിക മത ഏറ്റുമുട്ടലുകള്‍ ഇവയെല്ലാം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ ആഫ്രിക്കയെ കറുത്ത ഭൂഖണ്ഡമായി തന്നെ നിലനിര്‍ത്തുകയാണ്. വജ്രങ്ങളും വൈരങ്ങളുമുള്ള നിരവധി ഖാനികളുള്ള ആഫ്രിക്കന്‍ ദേശങ്ങള്‍ അധിനിവേശത്തിന്റെ അടിയൊഴുക്കുകളുടെ പരോക്ഷ രാഷ്ട്രീയവും പേറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.കാലാകാലങ്ങളായുള്ള ശീതയുദ്ധത്തിനുള്ള കാരണങ്ങളില്‍ പ്രധാനം ആഫ്രിക്കന്‍ ജനതയുടെ പാദങ്ങള്‍ക്ക് താഴെയുള്ള ഈ അമൂല്യതകള്‍ തന്നെയാണെന്ന് ആഫ്രിക്കന്‍ വയലന്‍സിനെക്കുറിച്ച് പഠനം നടത്തിയ സാമുവേല്‍ കോബിയ പറയുന്നു. ആഫിക്കക്കാര്‍ അറിയാതെ പോകുന്ന, അവരുടെ കാലടികള്‍ തിരിച്ചറിയാത്ത ഖാനികളുടെ സ്രോതസ്സിനായി അധിനിവേശം നടത്തുന്നവരെ ഇപ്പോഴും ഈ ജനതയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമില്ല. അന്ധവിശ്വാസങ്ങളും വംശീയാക്രമണങ്ങളും നിറഞ്ഞുനില്‍ക്കുമ്പോള്‍, ശാരീരികമായും സാമ്പത്തികമായും എഴുന്നേറ്റുനില്‍ക്കാനാകാതെ ചെറുത്തുനില്‍പ്പ് സാധ്യമാകുന്നതെങ്ങനെ എന്നത് തന്നെയാണ് സത്യം. |