|
ഡോ. എം.എസ്. ജയപ്രകാശ് നമ്മുടെ ബുദ്ധിജീവികള്‍ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന ഒരു മേഖലയാണല്ലോ ജാതീയതയും വര്‍ഗ്ഗീയതയും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതുരണ്ടും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളുമാണ് മതേതരത്വ പ്രബോധനങ്ങളും ജാതീയതക്കെതിരായ വായ്ത്താരിയും തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങുന്നുമുണ്ട്.
തങ്ങള്‍ ജാതിമത ശക്തികള്‍ക്ക് അതീതരും എതിരുമാണെന്ന കാരണം പറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ ഈ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ സാമൂഹിക സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു. ജാതീയതയും വര്‍ഗ്ഗീയതയും സമഗ്രമായും നിന്ദ്യമായും ഉപയോഗിക്കുന്ന കേരളത്തിലെ ഏക 'മതേതരപ്പാര്‍ട്ടിയാണ്' സി.പി.എം. ഹിന്ദുത്വ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തിലുള്ള ഇടം അതിഗൂഢമായി സി.പി.എം ചൂഷണം ചെയ്യുന്നതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദുതരംഗം ശക്തിയാര്‍ജ്ജിക്കാതിരിക്കുന്നത്. ഇക്കാര്യം പിന്നാലെ വിശദീകരികാം. 'ഇന്നും സമൂഹത്തില്‍ ജാതീയതയുടെ അംശങ്ങള്‍ ബാക്കിനില്‍ക്കുന്നു. അതുകൂടി തുടച്ചു മാറ്റാനാവണം നമ്മുടെ ആത്മാര്‍ത്ഥ ശ്രമം' എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് എം. മുകുന്ദന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. പറശ്ശിനക്കടവില്‍ ഫെബ്രുവരി 12ന് നടന്ന സാഹിത്യശില്‍പ ശാലയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. (തേജസ് 13-2-2010) അദ്ദേഹം പറഞ്ഞത് വളരെ ശരിയായ കാര്യം തന്നെയാണ്. പട്ടികജാതിവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങായതുകൊണ്ടായിരിക്കാം മറ കൂടാതെ ഇദ്ദേഹം ജാതീയതയെപ്പറ്റി പറഞ്ഞത്. എന്നാല്‍ പതിവിന്‍പടി ഇടതുവഴിപാടു പ്രസംഗം നടത്താനും അദ്ദേഹം മറന്നില്ല. വഴിപാട് ശരിയായില്ലെങ്കില്‍ മാര്‍ക്സിസ്റ്റ് ദൈവങ്ങള്‍ മാത്രമല്ല 'ശാന്തിക്കാരും' കോപിക്കുമെന്ന് അദ്ദേഹത്തിനറിയാം. ആചാര്യ സ്ഥാനീയര്‍ക്കുള്ള വെടിവഴിപാട് ഒറിജനലായിരിക്കണമല്ലൊ. കോടതി പറയുന്നതുപോലെ ടേപ്പ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരല്ലൊ. അതുകൊണ്ട് മുകുന്ദന്‍ ഇങ്ങപങ്ക് വഹിച്ചിരുന്നെങ്കില്‍ അത് മാറ്റാനുള്ള ആഹ്വാനവുമായി മുകുന്ദന് ഇറങ്ങിത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി വിട്ട ശിവരാമനുള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിലെ ജാതിമേധാവിത്വത്തിനെതിരെ വിരല്‍ ചൂണ്ടിയത് സമൂഹം തിരിച്ചറിഞ്ഞെങ്കിലും മുകുന്ദന്‍ തിരിച്ചറിഞ്ഞില്ല. 'മുകുന്ദേട്ടാ പിണറായി വിളിക്കുന്നു' എന്ന അശരീരി സാഹിത്യ അ ക്കാദമിയില്‍ മുഴുങ്ങുന്നതുകൊണ്ട് ഇത്തരം തിരിച്ചറിവുകള്‍ക്ക് സ്ഥാനമില്ലാതാവുകയും ചെയ്യുന്നു.സി.പി.എമ്മില്‍ ചെന്നുപെട്ടു എന്ന തെറ്റുതിരുത്തി കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന എസ്. ശിവരാമന്‍ പറയുന്നത് സി.പി.എമ്മില്‍ ദളിതരും പാവപ്പെട്ടവരും വിധേയര്‍ മാത്രമാണെന്നാണ്. അദ്ദേഹം പറയുന്നതിങ്ങനെ: 'ഓരോ പ്രദേശത്തും നാട്ടു രാജാക്കന്മാരും അവരുടെ അനുചരരുമെന്ന മട്ടിലേയ്ക്ക് പാര്‍ട്ടി സംവിധാനം മാറി. പാവങ്ങളുടെ പാര്‍ട്ടിയെന്നത് പ്രചാരണത്തില്‍ മാത്രമായി. മാനുഷിക പരിഗണന വച്ചല്ല കാര്യങ്ങളെ വിശകലനം ചെയ്യുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂട് ഭയന്നാണ് പലരും നിശബ്ദത തുടരുന്നത്. പരാതി പറഞ്ഞിട്ടു കാര്യമില്ല. പരാതിയുടെയും എതിര്‍പ്പിന്റെയും സ്വരമുയര്‍ന്നാല്‍ കൂട്ടമായി ആക്രമിച്ച് അപവാദം പ്രചരിപ്പിച്ച് ഒതുക്കും. തിരുത്തല്‍ മുകള്‍ത്തട്ടില്‍ ഇനിയും നടപ്പായിട്ടില്ല.' (മാതൃഭൂമി റിപ്പോര്‍ട്ട് 4-02-2010 പുറം 13) സി.പി.എം നേതാക്കള്‍ നാട്ടുരാജാക്കന്മാരായി എന്നാണല്ലോ ശിവരാമന്‍ പറയുന്നത്.
പഴയ നാട്ടുരാജാക്കന്മാരുടെ വയലുകളെ നോക്കി 'നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നു പാടിയ സഖാക്കള്‍ മാര്‍ക്സിസ്റ്റ് നാട്ടുരാജാക്കന്മാരേയും രാജാവിന്റെ മക്കളേയും കണ്ട് ഞെട്ടുന്നു എന്നാണ് ശിവരാമന്‍ പറഞ്ഞിരിക്കുന്നത്. ആറ്റിങ്ങല്‍, കായംകുളം, കൊട്ടാരക്കര, അമ്പലപ്പുഴ എന്നിങ്ങനെയുള്ള നാട്ടുരാജാക്കന്മാരുടെയും അവരുടെ 'അടിയാളരുടെയും' കഥയാണ് സഖാവ് ശിവരാമന്‍ ഇപ്പോള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ കിട്ടാനുള്ളത് പുതിയൊരു ലോകം എന്നാണല്ലോ വിപ്ലവഗാനം. ശിവരാമന് കിട്ടിയതാകട്ടെ പഴയലോകവും പുതിയ വിലങ്ങുകളുമാണെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡോ. അംബേദ്കര്‍ അന്ന് ചാതുര്‍വര്‍ണ്യശക്തികളോട് പറഞ്ഞത് ഇന്ന് ശിവരാമന്‍ സ്വന്തം പാര്‍ട്ടിയിലെ തമ്പുരാക്കന്മാരോട് പറയുമ്പോള്‍ ഞെട്ടുന്നത് ചാതുര്‍വര്‍ണ്യ ശക്തികളല്ല, മാര്‍ക്സിസ്റ്റ് തമ്പുരാക്കന്മാരാണെന്നത് ചിന്തനീയം. അംബേദ്കര്‍ പറഞ്ഞത് ഇങ്ങനെ: 'എന്നും ഞങ്ങളുടെ യജമാനന്മാരായിരിക്കുക എന്നത് നിങ്ങളുടെ താല്‍പര്യമാകാം. എന്നാല്‍ എന്നും നിങ്ങളുടെ അടിമകളായിരിക്കുക എന്നത് ഞങ്ങളുടെ താല്‍പര്യമാകുന്നതെങ്ങിനെ.' ദളിതരില്‍ പത്തു ബി.എ ക്കാരെ കണ്ട് മരിക്കണമെന്നായിരുന്നു അയ്യന്‍കാളി ആഗ്രഹിച്ചിരുന്നത്. അദ്ദേഹം സ്വപ്നം കണ്ട ബി.എ ക്കാരില്‍ ഒരുവനാകാന്‍ ഇപ്പോള്‍ ശിവരാമന് കഴിഞ്ഞത് ചരിത്ര നിയോഗമായിരിക്കാം. 'മതേതരദലിത് അനുഭാവ പാര്‍ട്ടിയായതിനാലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ഇടം തേടുന്നത് എന്ന ശിവരാമന്റെ പ്രസ്താവനയും ആ 'ബി.എ ക്കാരില്‍' സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെയാണ് കാണിക്കുന്നത്. ചെങ്ങറയില്‍ ആദിവാസി ഭൂസമരത്തിനെതിരെ 'സ്വര്‍ഗ്ഗസമരം' നടത്തിയവര്‍ ഇപ്പോള്‍ ആദിവാസികളെ ആഫ്രിക്കന്‍ അടിമകളെ അമേരിക്കയില്‍ ഉപയോഗിച്ചതുപോലെ, ആരാന്റെ ഭൂമിയില്‍ കടന്ന് ഭൂസമര നാടകം നടത്താനായി ഉപയോഗിക്കുകയാണ്. ആദിവാസി ഊരുകളില്‍ നിന്ന് ഇവരെ മാടുകളെപോലെ കൊണ്ടുപോകുന്ന മാര്‍ക്സിസ്റ്റ് നാട്ടുരാജാക്കന്മാരുടെ ഘോഷയാത്രകളും പരിഹാസ്യമായി മാറിയിരിക്കുന്നു. സമരനായകനായ ളാഹ ഗോപാലനെതിരെ കേസെടുത്ത് വര്‍ഗ്ഗസമരത്തെ തളര്‍ത്തുന്ന 'വിപ്ലവബോധവും' നാം കാണുന്നു. ചെങ്ങറ സമരം ഒത്തുതീര്‍പ്പായപ്പോള്‍ ളാഹ ഗോപാലന്‍ വി.എസ്. ഉള്‍പ്പെടെയുള്ള സഖാക്കളോട് പറഞ്ഞത് ഇങ്ങനെ: 'പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ ഭൂമി കൊടുക്കാന്‍ സി.പി.എം സര്‍ക്കാരിന് കഴിയുന്നില്ല. ഗതികേടു കൊണ്ടാണ് ഈ എച്ചില്‍ തിന്നുന്നത്.' ഒത്തുതീര്‍പ്പിലൂടെ സര്‍ക്കാര്‍ നല്‍കിയത് എച്ചിലാണെന്ന് പറഞ്ഞ ളാഹയെ എച്ചില്‍ ഭക്ഷിക്കും മുമ്പുതന്നെ അറസ്റ്റ് ചെയ്ത് മെച്ചപ്പെട്ട ജയില്‍ ഭക്ഷണത്തിനുള്ള ഏര്‍പ്പാടുണ്ടാക്കിയതും സഖാക്കള്‍ തന്നെയാണല്ലോ. 'ടോട്ടല്‍ ഫോര്‍ യു' നാടകത്തില്‍ രാജാവിന്റെ മക്കള്‍ക്കുവേണ്ടി ഡോ. രമണിയ്ക്ക് ജയില്‍ഭക്ഷണം നല്‍കിയതും ഈ സഖാക്കള്‍ തന്നെയായിരുന്നു. 'പോള്‍വധം' തുള്ളര്‍ക്കഥയിലും ഈ മാര്‍ക്സിയന്‍ അപഹാസ്യകഥാകഥനംതന്നെയാണ് കണ്ടത്.
പയ്യന്നൂര്‍ക്കാരി ചിത്രലേഖ എന്ന ദളിത് സ്ത്രീ ചോദിക്കുന്നതും ശിവരാമന്റെ ചോദ്യം തന്നെയാണ്. അവിടെയും പ്രതിക്കൂട്ടില്‍ സി.പി.എം തന്നെ. ജന്മനാടായ കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിത വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ച ചിത്രലേഖയെ ജാതീയമായി വേട്ടയാടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മാര്‍ക്സിസ്റ്റ് വിപ്ലവകാരികള്‍ തന്നെ. കഴിഞ്ഞ ആറുവര്‍ഷമായി തൊഴില്‍ മുഖത്ത് തുടരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ തൊട്ടുകൂടായ്മയിലും അക്രമപരമ്പരകളിലും പെട്ട് ദുരിതമനുഭവിക്കുകയാണ് ചിത്രലേഖ എന്ന ദളിത് സ്ത്രീ. പുതിയ തൊഴിലെടുക്കാന്‍ ഓട്ടോറിക്ഷയുമായി ഓട്ടോസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ചിത്രലേഖയ്ക്ക് കിട്ടിയ സ്വീകരണമിങ്ങിനെയായിരുന്നു. 'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍.' ഇവിടെയും കിട്ടിയത് പുതിയ വിലങ്ങുകളും പഴയ ലോകവും തന്നെ. സി.ഐ.ടി.യുവില്‍ അംഗത്വം നല്‍കാന്‍ ഒരു മാസം വൈകിപ്പിക്കുന്നതു മുതല്‍ തുടങ്ങിയതാണ് ഈ 'ദുരവസ്ഥ'. ദേഹോപദ്രവം, വധഭീഷണി, കാലില്‍ ഓട്ടോറിക്ഷ കയറ്റി മുറിവേല്‍പിക്കല്‍, അസഭ്യപോസ്റ്റര്‍ പതിക്കല്‍, ഓട്ടോ കത്തിക്കല്‍ ഇതൊക്കെയാണ് ചിത്ര നേരിടുന്ന ദുരിതങ്ങള്‍.
കുടുംബശ്രീ ഓട്ടോയാണ് ഓടിക്കുന്നത്. എന്നാല്‍ ലേഖ കുടുംബസ്ത്രീയല്ലത്രെ! 'നെല്ലിന്‍ ചുവട്ടില്‍ മുളക്കും കാട്ടുപുല്ലല്ല സാധുപുലയന്‍' എന്നുപാടിയ കുമാരനാശാന്റെ 'ദുരവസ്ഥ' യാണിവിടെ, ഈ 2010-ല്‍ നാം കാണുന്നത്. കേരളത്തില്‍ ദാരിദ്ര്യം മാത്രമല്ല ജാതി വിവേചനവും ഇല്ല എന്ന് നാം വീമ്പിളക്കാറുണ്ടല്ലോ. ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ മാത്രമേ അതുണ്ടാകുന്നുള്ളൂ എന്നും നാം വിളിച്ചു പറയാറുണ്ട്. ഇപ്പോഴിതാ 'വിപ്ലവത്തിന്റെ ചോരച്ചാലുകള്‍' ഒഴുകി ചുവന്നുവെന്ന് പറയുന്ന കണ്ണൂരില്‍, അല്ല പയ്യന്നൂരില്‍, തന്നെ ഫ്യൂഡല്‍ ജാതിചിന്തയുടെ ഭീകര താണ്ഡവം നടക്കുന്നത് നാം കാണുന്നു. ചിത്രയെ ഓട്ടോ ഓടിക്കാന്‍ അനുവദിക്കാത്തവിധം കായികമായും മാനസികമായും അവരെ ആക്രമിച്ചുകൊണ്ടിരിക്കുന്നത് പ്രദേശിക സി.ഐ.ടി.യുവിലെ തൊഴിലാളികളും നേതാക്കളുമാണ്. സി.പി.എം നേതൃത്വം ഇതിന് മറുപടി പറയാതിരിക്കുന്നത് എന്തുകൊണ്ട്? ഇതിന്റെ ഉത്തരമാണ് മുമ്പ് സൂചിപ്പിച്ചതുപോലെ ശിവരാമന്‍ നല്‍കിയിരിക്കുന്നത്. സി.ഐ.ടി.യുവിന് ചിത്രലേഖ 'നോക്കുകൂലി' നല്‍കേണ്ടിവരുമോ എന്നും ശങ്കിക്കേണ്ടിയിരിക്കുന്നു. വിനിതാ കോട്ടായി എന്ന പിന്നാക്കസമുദായക്കാരിയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതും അവരുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്താന്‍ നിന്ദ്യവും ഹീനവുമായ പ്രവൃത്തികള്‍ ചെയ്തതും വിപ്ലവ നായകന്മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കോടതിവിധി തുണക്കെത്തിയ അവര്‍ മാര്‍ക്സിസ്റ്റ് കിരാത വാഴ്ചയില്‍ നിന്ന് രക്ഷപ്പെട്ട കഥയും നാം കണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ ഇന്നും തുടരുന്നു എന്നാണ് സമകാലിക സംഭവങ്ങളും തെളിയിക്കുന്നത്. കൊല്ലത്തെ കുണ്ടറയില്‍ ഡയിസി എന്ന വിധവയുടെ കുടുംബത്തിനുണ്ടായ അനുഭവം ഒരു ജനാധിപത്യസമൂഹവും പൊറുക്കുന്നതല്ല. സഖാക്കളും പോലീസും ചേര്‍ന്ന് അവരുടെ കുടുംബത്തെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാന്‍ നടത്തിയ ഹീനപ്രവൃത്തികള്‍ക്ക് കുണ്ടറ നായകന്മാര്‍ കണക്കു പറയേണ്ടി വരുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. (ഈ സംഭവത്തെപ്പറ്റിയുള്ള മാതൃഭൂമി റിപ്പോര്‍ട്ട് നോക്കുക 14-02-2010) അടുത്ത തെരഞ്ഞെടുപ്പില്‍ കുണ്ടറ നിവാസികള്‍ ബാലറ്റ് പെട്ടിയിലൂടെ നാട്ടുരാജാവിനെതിരെ നടത്തുന്ന 'കുണ്ടറവിളംബരം 2011' മറ്റൊരു ചരിത്രരേഖയായി മാറും.
ബേബിഫുഡും മുലയൂട്ടലും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഒരു പുറത്തില്‍ കവിയാത്ത ഉപന്യാസമെഴുതാന്‍ വരും നാളുകളിലെ ചോദ്യപേപ്പറില്‍ ചോദ്യമുണ്ടാകാം. എക്കാലവും ഹിന്ദുവികാരത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന തന്ത്രമാണ് സി.പി.എം അനുവര്‍ത്തിച്ചിരുന്നത്. ഇ.എം.എസ് തിരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ ശരിഅത്ത് വിവാദമുണ്ടാക്കിയിരുന്നത്. ഹിന്ദുമനസ്സുകളില്‍ മുസ്ലിം വിരുദ്ധ മനോഭാവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. ഇതുതന്നെ ക്രൈസ്തവരോടുള്ള സമീപനത്തിലും കാണാനാവും. പള്ളിയേയും പട്ടക്കാരേയും തള്ളിയിട്ടുവന്നാല്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന ആഹ്വാനത്തിന്റെ ലക്ഷ്യം ക്രൈസ്തവവിരോധം ഉണ്ടാക്കലാണ്. അതേസമയം ക്രൈസ്ത്വരിലെ ഒരു വിഭാഗത്തെ കൂടെനിറുത്തുന്ന തന്ത്രവും ഉണ്ടാവും. മതേതരത്വത്തിന്റെ പുകമറയിലാണ് ഈ വര്‍ഗ്ഗീയവാദം സി.പി.എം മുതലാക്കിയിരുന്നത്. കെ.എം. മാണി ബൂര്‍ഷ്വാ ആകുന്നതും ജോസഫ് വിപ്ലവകാരിയാകുന്നതും അതുകൊണ്ടാണ്. (തുടരും) (കടപ്പാട്: 'ഇന്ത്യന്‍ തൊഴിലാളി' മാസികയോട് |