|
'ഭൂമികയ്യേറ്റങ്ങള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍പ്പെടുത്തണം' |
|
കല്‍പ്പറ്റ: ഭൂമി കയ്യേറ്റങ്ങള്‍ ക്രിമിനല്‍കേസിന്റെ പരിധിയില്‍പ്പെടുത്തണമെന്ന് ഏകതാ പരിഷത്ത് ദേശീയ അധ്യക്ഷനും ഭൂപരിഷ്ക്കരണ കൗണ്‍സില്‍ അംഗവുമായി പി വി രാജഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റവന്യുകേസില്‍ ഉള്‍പ്പെടുത്തുന്നത് മാറ്റിയാല്‍ മാത്രമെ അനധികൃതമായ കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളു.ഇന്ത്യയിലെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ദേശീയ ഭൂപരിഷ്ക്കരണ കൗണ്‍സില്‍ 360 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ദ്രുതഗതിയില്‍ പരിഹാരം കാണാന്‍ ഏകജാലകസംവിധാനം നടപ്പിലാക്കുക, ഭൂമി നഷ്ടപ്പെട്ടവരുടെയും ഇല്ലാത്തവരുടെയും പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അതിവേഗ കോടതി രൂപീകരിക്കുക, ഭൂമിയുടെ സമാവകാശം സ്ത്രീകള്‍ക്കും നല്‍കുക, ഭൂമിയുടെ രേഖകള്‍ ലഭ്യമാകുന്ന രീതി പരിഷ്ക്കരിക്കുക, ചെറിയ കൃഷിക്കാരെ സംരക്ഷിക്കുന്നതിനും മറ്റുമായി ലാന്റ് അക്വിസിഷന്‍ ആക്ട് പുനപരിശോധിക്കുക തുടങ്ങിയവയായിരുന്നു പ്രധാനനിര്‍ദേശങ്ങള്‍. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ഭൂരഹിതരായ ആദിവാസി ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമി ഉറപ്പുവരുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ ഏക്താ പരിഷത്ത് ചെറുത്തുനില്‍പ്പ് സമരങ്ങള്‍ നടത്തിവരികയാണ്. 2007ല്‍ ഗ്വാളിയോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് 25000 ഭൂരഹിതരുടെ ജനദേശ് പദയാത്ര നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ചെയര്‍മാനായി രൂപം കൊണ്ട ദേശീയ ഭൂപരിഷ്ക്കരണ കൗണ്‍സില്‍ നിലവില്‍ വന്നിരുന്നു. 2012ലെ സത്യാഗ്രഹസമരത്തിന് മുന്നോടിയായി പിന്നോക്ക മേഖലകളിലെയും വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോഴുള്ള പ്രശ്നങ്ങളും നേരില്‍ക്കണ്ടു പഠിക്കുന്നതിനുമായി പദയാത്രാ സത്യാഗ്രഹം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഭൂമി പ്രശ്നം രൂക്ഷമായ വയനാട് ജില്ലയില്‍ നാളെ മുതല്‍ പദയാത്ര ആരംഭിക്കുകയാണ്.മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിക്കുന്ന പദയാത്ര 11ന് മുത്തങ്ങയില്‍ സമാപിക്കും. 12ന് കല്‍പ്പറ്റയില്‍ അദാലത്ത് നടക്കും. ഇന്ത്യയിലെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചെടുക്കുക, ട്രസ്റ്റുകളുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത്.
1956, 1975, 1986 എന്നീ വര്‍ഷങ്ങളില്‍ വിവിധ നിയമത്തിന്റെ കീഴില്‍ ഭൂമി നല്‍കാമായിരുന്നുവെങ്കിലും അതൊന്നും പൂര്‍ണമായി നടപ്പിലായില്ല. എന്നാല്‍ 2006ല്‍ കൊണ്ടുവന്ന വനാവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കേണ്ടത്. ഇന്ത്യയിലെ എട്ടു ശതമാനം ആദിവാസികള്‍ക്കും 12 ശതമാനം ഗോത്രവര്‍ഗത്തില്‍പ്പെടുന്ന നാടോടികള്‍ക്കുമാണ് അടിയന്തരമായി ഭൂമി ലഭ്യമാക്കേണ്ടത്. കേരളത്തില്‍ മൂന്നരലക്ഷം ആദിവാസികള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് ഭൂമി നല്‍കാന്‍ ഇവിടെ തന്നെ സാധ്യതകളുണ്ട്. അത് നടപ്പിലാക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ അനീഷ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു. |