ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഇന്ത്യയുടേത്‌: എ കെ ആന്റണി

Imageതിരുവനന്തപുരം: കഴിഞ്ഞ നൂറ്റാണ്ടുകള്‍ അമേരിക്കയുടേതും യൂറോപ്പിന്റേതുമായിരുന്നുവെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഇന്ത്യയുടേതും ചൈനയുടേതുമായിരിക്കുമെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. കോണ്‍ഗ്രസ്‌ നയിക്കുന്ന ഇന്ത്യയ്ക്ക്‌ ലോകത്തിന്റെ നായകസ്ഥാനത്ത്‌ എത്താന്‍

ഇനി അധികനാളുകള്‍ കാത്തിരിക്കേണ്ട. ലോക രാഷ്ട്രീയത്തിലും ഇന്ത്യക്ക്‌ പ്രധാനസ്ഥാനമാണുള്ളത്‌. മറ്റ്‌ രാജ്യങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ പോലും നിറവേറ്റുന്ന തരത്തില്‍ സാമ്പത്തികരംഗത്ത്‌ ലോകത്തെ പ്രധാനശക്തിയായി ഇന്ത്യവളരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ 125-ാ‍ം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിസന്ധികളെ അതിജീവിച്ച്‌ ഇന്ത്യ മുന്നോട്ട്‌' എന്ന സെമിനാറിന്റെ ഉദ്ഘാടനവും ഡിസിസി പുതുതായി നിര്‍മ്മിച്ച ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തിന്റെ നാമകരണവും നിര്‍വ്വഹിക്കുകയായിരുന്നു ആന്റണി.


1947- മുതല്‍ ഇന്ത്യ നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ ലോകത്തെ മുഴുവന്‍ ബാധിച്ച സാമ്പത്തികമാന്ദ്യത്തെയും ഒരുപരിധിവരെ ഇന്ത്യക്ക്‌ മറികടക്കാനായി. എങ്കിലും മുഴുവന്‍ പ്രതിസന്ധികളെയും മറികടന്നുവെന്ന്‌ പൂര്‍ണ്ണമായി പറയാന്‍ കഴിയില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ കൊടുംവരള്‍ച്ചയെ തുടര്‍ന്നുള്ള പ്രതിസന്ധി ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട്‌. വിലക്കയറ്റവും തൊഴില്‍മേഖലയിലെ പ്രശ്നങ്ങളും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ കഴിയില്ല. പക്ഷെ രാജ്യം ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കും. രാജ്യത്തെ സാമ്പത്തികവളര്‍ച്ച നേരിയ ഇടിവിന്‌ ശേഷം വീണ്ടും ഉയര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ഒമ്പത്‌ ശതമാനം സാമ്പത്തികവളര്‍ച്ച രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യാവിഭജനത്തിന്റെ ഭാഗമായി ഉണ്ടായ കൂട്ടക്കുരുതിയുടെയും രക്തച്ചൊരിച്ചിലിന്റെയും പ്രതിസന്ധിയുടെ പ്രത്യാഘാതമാണ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യ ആദ്യം നേരിട്ടത്‌. സമുദായവിദ്വേഷത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക്‌ കഴിയില്ലെന്നാണ്‌ ദോഷൈകദൃക്കുകള്‍ പ്രവചിച്ചത്‌.
പക്ഷെ സമുദായ വിദ്വേഷത്തിന്റെ അഗ്നി വെള്ളമൊഴിച്ച്‌ കെടുത്തി രാജ്യത്ത്‌ ശാശ്വതമായ മതേതരത്വം നിലനിര്‍ത്താന്‍ കഴിഞ്ഞു. അതിന്‌ നന്ദിപറയേണ്ടത്‌ മഹാത്മാഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടുമാണ്‌. പിന്നീട്‌ ദാരിദ്ര്യവും അനാചാരവും അന്ധവിശ്വാസങ്ങളും നടമാടിയ കാലത്ത്‌ രാജ്യം ഛിന്നഭിന്നമാകുമെന്ന പ്രതിസന്ധിയെ അതിജീവിച്ച്‌ ജനാധിപത്യത്തിന്‌ ശിലയിടാന്‍ ഇന്ത്യയ്ക്ക്‌ കഴിഞ്ഞു. ഇന്ന്‌ ഇന്ത്യയാണ്‌ ലോകത്തെ ഏറ്റവും വലിയ മാതൃകാ ജനാധിപത്യരാജ്യമെന്നത്‌ വിസ്മരിക്കാന്‍ കഴിയില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.


യുപിഎയുടെ നേതൃത്വത്തില്‍ ഭരണത്തില്‍ വന്ന രണ്ടുസര്‍ക്കാരുകളും നിരവധി പ്രതിസന്ധികളെയാണ്‌ അതിജീവിച്ചത്‌. ഒന്നാമത്തെ യുപിഎ സര്‍ക്കാര്‍ ഇന്ത്യാവിഭജനകാലത്ത്‌ പോലും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ്‌ നേരിടേണ്ടി വന്നത്‌. തൊട്ടുമുമ്പ്‌ ഭരിച്ച സര്‍ക്കാരിന്റെ കാലത്തുണ്ടായ കലാപങ്ങളുടെ ഫലമായി രാജ്യത്തുണ്ടായ സാമുദായികസ്പര്‍ധ, വര്‍ഗീയ വിദ്വേഷം, സമുദായ ചേരിതിരിവ്‌, വിഭാഗീയത, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു ആ ഭീഷണികള്‍. ഈ മുറിവുകള്‍ ഉണക്കി വീണ്ടും ഇന്ത്യയെ മതേതര രാജ്യമാക്കി നിലനിര്‍ത്താനും പിന്നീട്‌ വികസന രംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാക്കാനും കഴിഞ്ഞത്‌ യുപിഎ സര്‍ക്കാരിന്റെ നേട്ടമാണ്‌.
സാമ്പത്തികരംഗത്ത്‌ ഉണ്ടായ വളര്‍ച്ച എല്ലാവരുടെയും കൈകളിലെത്തിക്കാനായി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കി. തൊഴില്‍ ജനങ്ങളുടെ അവകാശമാക്കി മാറ്റി. തൊഴില്‍ നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന നിയമമുണ്ടാക്കി. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഈവര്‍ഷത്തെ ബജറ്റില്‍ 40000 കോടി രൂപയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌.

 

നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി വിവരാവകാശ നിയമം കൊണ്ടുവന്നു.
എകെ 47 തോക്കിനേക്കാള്‍ ജനങ്ങള്‍ക്ക്‌ കിട്ടിയ വലിയ ആയുധമാണ്‌ വിവരാവകാശ നിയമം. സര്‍ക്കാര്‍ ഫയലുകളില്‍ എന്തുനടക്കുന്നുവെന്ന്‌ ജനങ്ങള്‍ക്ക്‌ ഇനി എളുപ്പത്തില്‍ അറിയാന്‍ കഴിയും.
രാജ്യത്തിന്റെ മുക്കും മൂലയും വികസനത്തിന്റെ പാതയിലെത്തിക്കാന്‍ ഭാരത്‌ നിര്‍മ്മാണ്‌ പദ്ധതി നടപ്പാക്കി. ഇതെല്ലാം പ്രതിസന്ധികളെ അതിജീവിച്ചുണ്ടാക്കിയ നേട്ടങ്ങളാണ്‌. വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യസുരക്ഷാ പദ്ധതി എന്നിവയാണ്‌ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ്‌ വിഎസ്‌ ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍ നിര്‍വ്വഹിച്ചു. ഡോ. ബാബുപോള്‍, ഡോ. ബിഎ പ്രകാശ്‌, വക്കം പുരുഷോത്തമന്‍, ജി കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, എംഎം ഹസന്‍, തമ്പാനൂര്‍ രവി, കെ മോഹന്‍കുമാര്‍, കെ ശങ്കരനാരായണപിള്ള, എസ്‌ ഹരിഹരയ്യര്‍, വര്‍ക്കലകഹാര്‍ എംഎല്‍എ, എന്‍ ശക്തന്‍ എംഎല്‍എ, ജോര്‍ജ്‌ മേഴ്സിയര്‍ എംഎല്‍എ, സോളമന്‍ അലക്സ്‌, പട്ടം രാമചന്ദ്രന്‍ നായര്‍, വി മധുസൂദനന്‍ നായര്‍, കാട്ടൂര്‍ നാരായണപിള്ള, പ്രൊഫ. ഹാഷിം, ജോര്‍ജ്‌ ഓണക്കൂര്‍, ഡോ. എംആര്‍ തമ്പാന്‍, എംആര്‍ വിജയനാഥന്‍പിള്ള, ബി ഇന്ദിര, ഡോ. ശശിഭൂഷണ്‍, എ സുകുമാരന്‍ നായര്‍, ഇ വാസു, ജിഎന്‍ പണിക്കര്‍, വിളക്കുടി രാജേന്ദ്രന്‍, വട്ടപ്പാറ ചന്ദ്രന്‍, ഷാനവാസ്‌ ആനക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls