|
ഇടത് കപ്പല്‍ മുങ്ങുന്നു; സഹയാത്രികര്‍ തടിതപ്പുന്നു |
|
പി മുഹമ്മദലി ഇടതുമുന്നണിയില്‍ നിന്നും ആത്മരക്ഷാര്‍ത്ഥം ചാടിപ്പുറത്ത് വരുന്ന വ്യക്തികളുടെയും പാര്‍ട്ടികളുടേയും എണ്ണം പെരുകുമെന്ന ആശങ്ക സി പി എമ്മിനെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരു വര്‍ഷവും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകള്‍ക്ക് ആറുമാസവും മാത്രം ബാക്കിയിരിക്കെ എല്‍ ഡി എഫില്‍ ഉടലെടുത്ത അവിശ്വാസ്യത ജനകീയപിന്തുണയുടെ എല്ലാ വേരുകളും അറുത്ത്നീക്കുന്ന തരത്തിലാണ്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ നടപ്പ് രീതിയനുസരിച്ച് അടുത്ത ഭരണം യു ഡി എഫിനാണെന്ന പൊതുവിശ്വാസത്തേക്കാള്‍; മുന്നണിക്കകത്തെയും സിപിഎമ്മിലെയും ചോര്‍ച്ചയാണ് ഭരണമുന്നണിയുടെ അടിത്തറ തകര്‍ന്നുവെന്ന് വിളംബരം ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയായിരുന്നു ഇടത് തകര്‍ച്ച തിരനോട്ടം നടത്തിയത്. തുടര്‍ന്നുനടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും വരാനിരിക്കുന്ന വലിയ പരാജയത്തിന്റെ ആമുഖമെഴുതുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടക്കിടെ നടന്നുകൊണ്ടിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിനേല്‍ക്കുന്ന തിരിച്ചടികള്‍ അവര്‍ അഭിമുഖീകരിക്കുന്ന വന്‍ പരാജയത്തിന്റെ പരിഛേദങ്ങളാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ശക്തമായ ഭരണവിരുദ്ധ വികാരങ്ങളെ മറികടന്നു വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന വിശ്വാസം ഇടത് മുന്നണി നേതാക്കള്‍ക്ക് പോലുമില്ല. ഒന്നോ രണ്ടോ നിസ്സാര കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള നീരസമല്ല ഇടത്മുന്നണിക്കെതിരെ തിരിച്ചടിയായി രൂപം കൊണ്ടിരിക്കുന്നത്. ഒട്ടനവധി കാര്യങ്ങളില്‍ ജനങ്ങളെ ദ്രോഹിച്ച ഭരണ കൂടത്തിനെതിരെയുള്ള രോഷവും അമര്‍ഷവുമാണ് സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളായി തിളച്ചു മറിയുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണിക്കനുകൂലമായി നിലപാടെടുത്ത സമൂഹത്തിലെ വിവിധ മതപ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും അവരുടെ അടുപ്പമവസാനിപ്പിച്ചു ശത്രുത പ്രഖ്യാപിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇടത് മുന്നണിയുടെ സജീവ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ജനതാദള്‍ മുന്നണി വിട്ടത് വലിയ രാഷ്ട്രീയാഘാതമായിരുന്നു. പിരിഞ്ഞു പോക്കിന്റെ കൊടി പിടിച്ചു പുറത്ത് വന്ന മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടിയുടെ പിന്നാലെ കെ എസ് മനോജും എസ് ശിവരാമനും പടിയിറങ്ങിയതും സി പി എമ്മിന്റെ സംഘടനാ ശേഷിയെ ഉലച്ചുകൊണ്ടായിരുന്നു. ഒഞ്ചിയം മോഡല്‍ വിമത കൂട്ടായ്മകള്‍ സംസ്ഥാനത്തെങ്ങും വേര് പടര്‍ത്തിയത് സി പി എമ്മിന്റെ വോട്ട് ബാങ്കില്‍ കാര്യമായ വിള്ളല്‍ സൃഷ്ടിച്ചുകൊണ്ടാണ്. ഇടത് മുന്നണിയിലെ മൂന്ന് എം എല്‍ എമാര്‍ക്കൂടി മുന്നണി വിടാന്‍ മാറാപ്പൊരുക്കിക്കൊണ്ടിരിക്കുന്നത് തകര്‍ച്ചയുടെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു. അച്ചടക്ക നടപടികളുടെ ചാട്ടകാട്ടി പേടിപ്പിച്ചു നിര്‍ത്തിയ പാര്‍ട്ടിക്കകത്തെ വിഭാഗീയത ഇന്നും ഉണങ്ങാത്ത വ്രണമായി ചലമൊലിപ്പിച്ചുകൊണ്ടിരിക്കയാണ്. ഐക്യത്തിന്റെ ചരട് പൊട്ടിയ രീതിയില്‍ വിവിധ ഘടകകക്ഷികളുടെ കലഹകൂടാരമാണിപ്പോള്‍ ഇടത് മുന്നണി.
ഭരണ പരാജയമാണ് ഇടത് മുന്നണിയെ ചതച്ചരച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതികൂല ഘടകം. നാല് വര്‍ഷം ഒരേയൊരു നേട്ടമായി ഉയര്‍ത്തികാട്ടിയ സ്മാര്‍ട്ട് സിറ്റിയും ആസന്ന മരണത്തിലേക്ക് ആന്നയിക്കപ്പെട്ടപ്പോള്‍ ഭരണപരാജയം സമ്പൂര്‍ണ്ണമായി. വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും ദുരിതങ്ങളും ദുരന്തങ്ങളും നിറഞ്ഞ ഇത്പോലൊരു കാലഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. ഒക്ടോബറിന് മുമ്പേ നടക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മടിയന്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷാപ്പേടി പോലെ സി പി എമ്മിനെ അലട്ടുകയാണ്. തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ഭയം ഇരട്ടിക്കും. വി എസ് അച്യുതാനന്ദനെ ഒരു വര്‍ഷത്തിനുള്ളില്‍ യാത്രയയപ്പ് നല്‍കി പിരിച്ചയക്കുന്നതോടെ സി പി എമ്മിലെ ജനകീയ പിന്തുണയുടെ കുലമൊടുങ്ങും. അഴിമതിയുടെ വിഷം തീണ്ടിയ പിണറായി വിജയന്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിഷമിറക്കി തിരിച്ചു വന്നില്ലെങ്കില്‍ സി പി എമ്മിന് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയുണ്ടാകില്ല. ഈ ശൂന്യതയില്‍ വല വീശി കാത്തിരിക്കുന്ന ഒന്നിലേറെ മുഖ്യമന്ത്രി കുപ്പായക്കാര്‍ മറനീക്കി രംഗത്തുവരും. ഇപ്പോഴുള്ളത് ദ്വന്ദയുദ്ധമാണെങ്കില്‍ വരാനിരിക്കുന്നത് കൂട്ടയടിയായിരിക്കും. |