|
ഇടതുമുന്നണി വിടുമെന്ന് ആര്‍.എസ്.പി ഭീഷണി
നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎമ്മും ആര്‍എസ്പിയും വിട്ടുവീഴ്ചയ്ക്കില്ല. ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടതുമുന്നണി യോഗത്തില്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാട് അറിയിച്ച ആര്‍എസ്പി
ഇന്നലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും ഇതേ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. അതേസമയം പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടുസീറ്റും പാര്‍ട്ടിക്ക് വേണമെന്ന് ശാഠ്യം പിടിച്ചു. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്ണപിള്ള അറിയിച്ചു. 11-ന് ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ആവര്‍ത്തിക്കും. എന്നാല്‍ അടുത്ത യോഗം ബഹിഷ്ക്കരിച്ച് അതൃപ്തി ഇടതുമുന്നണി നേതാക്കളെ അറിയിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിവിടുമെന്ന കാര്യം ശക്തമായി ഉന്നയിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ആര്‍എസ്പി നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം രാമകൃഷ്ണപിള്ളയുടെ 'ഉഴപ്പന്‍' നിലപാടിനെ ചിലര്‍ സംശയത്തോടെ വീക്ഷിക്കുന്നു. കഴിഞ്ഞദിവസം എകെജി സെന്ററില്‍ രാജ്യസഭാ സീറ്റിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ആര്‍എസ്പി നേതൃത്വത്തെ സിപിഎം നേതൃത്വം കണക്കിന് പരിഹസിക്കുകയും ചെയ്തിരുന്നു. പിന്നീട് രാമകൃഷ്ണപിള്ള സിപിഎമ്മിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ദേശീയ നേതൃത്വം ഇടപെടുമെന്ന് പറഞ്ഞ നേതാക്കള്‍ പക്ഷെ ഇപ്പോള്‍ പരുങ്ങലിലാണ്. കാരാട്ട് കൂടി പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗവും ആര്‍എസ്പിയെ ധിക്കരിച്ച സാഹചര്യത്തിലാണിത്. ആര്‍എസ്പിയെ അനുനയിപ്പിക്കാന്‍ അവരുമായുള്ള ചര്‍ച്ചയ്ക്ക് സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ട്. എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് രാജ്യസഭാ സീറ്റ് നല്‍കുന്നതെന്നും ആ തരത്തില്‍ നോക്കിയാല്‍ ആര്‍എസ്പിക്ക് രാജ്യസഭാ സീറ്റ് ആവശ്യപ്പെടാനുള്ള യാതൊരു അവസരവും നിലവിലില്ലെന്നുമായിരുന്നു ഇടതുയോഗത്തില്‍ പിണറായി വിജയന്‍ വാദിച്ചിരുന്നത്.
എംഎല്‍എമാരുടെ എണ്ണം നോക്കുന്നതാണ് മാനദണ്ഡമെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നിയമസഭാ സീറ്റ് നല്‍കാതിരുന്നതും സിപിഎം തന്നെയാണെന്നും വളരെ കുറഞ്ഞ സീറ്റ് മല്‍സരിക്കാന്‍ തന്ന ശേഷം എംഎല്‍എമാര്‍ കുറഞ്ഞുവെന്ന വാദത്തിന് യുക്തിയില്ലെന്നുമാണ് രാമകൃഷ്ണപിള്ള ചൂണ്ടിക്കാട്ടിയത്. അതേസമയം കഴിഞ്ഞതവണ ടിജെ ചന്ദ്രചൂഡന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ഇടതുമുന്നണി സന്നദ്ധമായ സാഹചര്യത്തില്‍ ആര്‍എസ്പിയിലെ പ്രശ്നങ്ങളാണ് അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെടുത്തിയതെന്ന വാദത്തില്‍ സിപിഎം ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന നേതൃയോഗത്തിലെ തീരുമാനപ്രകാരമാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിപിഎമ്മിന് കത്ത് നല്‍കിയിരുന്നത്. കത്തിന്റെ പകര്‍പ്പ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഘടകകക്ഷി നേതാക്കള്‍ക്കും നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കത്ത് ലഭിച്ചതോടെ ഘടകകക്ഷികളായ ജനതാദളിനെയും കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെയും രംഗത്തിറക്കി ആര്‍എസ്പിയെ കെണിയില്‍ ചാടിക്കാന്‍ സിപിഎം തന്നെ തന്ത്രമൊരുക്കി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ആര്‍എസ്പി നേതൃത്വത്തിന്റെ നിലപാട്. കൊല്ലം ലോക്സഭാ മണ്ഡലം സിപിഎമ്മിന് വിട്ടുകൊടുത്തതിന് പകരമായി രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആര്‍എസ്പിയ്ക്ക് ലഭിക്കുമായിരുന്നുവെങ്കിലും അത് സിപിഐയ്ക്ക് നല്‍കുകയായിരുന്നു. |