വനിതാ സംവരണ ബില്‍ നാളെ പാര്‍ലമെന്റില്‍

Image* ലോക വനിതാദിനത്തില്‍ ബില്‍ അവതരിപ്പിക്കുന്നത്‌ എട്ടുമാസത്തെ തയ്യാറെടുപ്പിനുശേഷം
* സ്ത്രീ ശാക്തീകരണത്തിന്‌ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമെന്ന്‌ പ്രധാനമന്ത്രി
* മുലായത്തിന്റെയും ലാലുവിന്റെയും എതിര്‍പ്പ്‌ തുടരുന്നു

ബി.എസ്‌.ഷിജു
ന്യൂഡല്‍ഹി:
വനിതാ സംവരണ ബില്‍ യു.പി.എ സര്‍ക്കാര്‍ നാളെ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബില്‍ സര്‍ക്കാരിന്‌ പാസ്സാക്കാന്‍ കഴിയുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ബില്‍ പാസ്സാകുന്നതിനോട്‌ അടുക്കുകയാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വനിതകള്‍ക്ക്‌ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്‌ 14 വര്‍ഷം പിന്നിടുന്നു. 1996-ലാണ്‌ ഇതുസംബന്ധിച്ച ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്ന്‌ പാസ്സാക്കാന്‍ കഴിഞ്ഞില്ല. സംവരണത്തിനുള്ളില്‍ സംവരണം വേണമെന്നതാണ്‌ ബില്ലിനെ എതിര്‍ക്കുന്നവരുടെ പ്രധാന ആവശ്യം. ഇതിന്മേലുള്ള അഭിപ്രായഭിന്നതകളാണ്‌ തടസ്സമായി നിലകൊണ്ടത്‌.


അധികാരത്തില്‍ എത്തിയാല്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനവുമായാണ്‌ കോണ്‍ഗ്രസ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വീണ്ടും അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ സമവായം ഉണ്ടാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. നീണ്ട എട്ടുമാസത്തെ ശ്രമങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള ശ്രമമാണ്‌ നാളെ സര്‍ക്കാര്‍ നടത്തുന്നത്‌. ലോകവനിതാ ദിനത്തില്‍ തന്നെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയാണ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെയായിരുന്നു ഇത്‌. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനാകുമെന്നാണ്‌ പ്രധാനമന്ത്രി ഇന്നലെ പ്രത്യാശിച്ചത്‌. സ്ത്രീ ശാക്തീകരണത്തിന്‌ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നേരത്തേ ലാപ്സാകാതിരിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഇത്‌ നിയമവിദഗ്ദര്‍ അടങ്ങിയ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റിക്ക്‌ വിട്ടു. സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ശുപാര്‍ശ ചെയ്ത ചില ഭേദഗതികളോടെയാകും സര്‍ക്കാര്‍ തിങ്കളാഴ്ച വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കുക. രാജ്യസഭയില്‍ പാസ്സാക്കിയശേഷമാകും ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കുകയെന്ന്‌ കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബെന്‍സാല്‍ അറിയിച്ചു.
ലോക്സഭയില്‍ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണത്തേക്കാള്‍ അനുകൂലിക്കുന്നവരുടെ എണ്ണമാണ്‌ കൂടുതല്‍. ബി.ജെ.പി ഇതിനകം ബില്ലിന്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എമ്മും സി.പി.ഐയും എതിര്‍ക്കാന്‍ ഇടയില്ല. ഇതുവരെ വ്യക്തമായ നിലപാടു സ്വീകരിക്കാതിരുന്ന ചില പ്രതിപക്ഷ നിരയിലെ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌.


അതേസമയം ആദ്യം മുതല്‍ ബില്ലിനെ എതിര്‍ത്തുപോന്ന മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടി, ലാലു പ്രസാദ്‌ യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, ജെ.ഡി.യു എന്നിവര്‍ എതിര്‍പ്പ്‌ തുടരാനാണ്‌ സാധ്യത. ഇതിനിടെ, ബില്‍ പാസാക്കുന്നതിനെ ചൊല്ലി ജനതാദള്‍ യുണൈറ്റഡില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്‌. ബീഹാര്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ്‌ കുമാര്‍ ബില്ലിനെ അനുകൂലിക്കുമ്പോള്‍ ജെ.ഡി.യു പ്രസിഡന്റും എന്‍.ഡി.എ കണ്‍വീനറുമായ ശരദ്‌ യാദവ്‌ എതിര്‍പ്പ്‌ തുടരുകയാണ്‌. എന്തായാലും നാളത്തെ സര്‍ക്കാരിന്റെ നീക്കം ഒരു പാഴ്‌വേല ആകില്ലെന്നാണ്‌ കണക്കുകളും കണക്കുകൂട്ടലുകളും നല്‍കുന്ന സൂചന.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls