|
വിന്‍ഡീസിനെ സിംബാബ്‌വെ അട്ടിമറിച്ചു |
|
ഗയാന: അവസാന പന്തു വിധി നിര്‍ണയിച്ച മല്‍സരത്തില്‍ വിന്‍ഡീസിനെതിരെ സിംബാബ്‌വെയ്ക്ക് രണ്ടു റണ്‍സ് ജയം. സിംബാബ്‌വെ നല്‍കിയ 255 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന വിന്‍ഡീസിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ 15 റണ്‍സ് വിന്‍ഡീസിന് വേണമായിരുന്നു. ആദ്യ പന്ത് സിക്സും രണ്ടാമത്തേത് ഫോറും പായിച്ച നികിത മില്ലര്‍ വിന്‍ഡീസിന് വിജയം നല്‍കുമെന്ന് തോന്നി. അടുത്ത പന്ത് മില്ലര്‍ സിംഗിളെടുത്തു. പക്ഷെ തൊട്ടടുത്ത രണ്ടു പന്തുകളില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി പേസര്‍ ഷിന്‍ഗിരായി മസകാഡ്സ സിംബാബ്‌വെയെ മല്‍സരത്തില്‍ തിരിച്ചെത്തിച്ചു. അവസാന പന്തില്‍ നാലു റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് പക്ഷെ ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മിഡ്‌വിക്കറ്റിലൂടെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള കെമര്‍ റോഷിന്റെ ശ്രമം പക്ഷെ ഒരു റണ്ണില്‍ തീര്‍ന്നു. വിന്‍ഡീസില്‍ സിംബാബ്‌വെ നേടുന്ന ആദ്യ ഏകദിന ജയമാണിത്. പരിചയസമ്പന്നരായ ക്രിസ് ഗെയിലും ശിവ്നാരായന്‍ ചന്ദര്‍പോളും ടീമിലുണ്ടായിട്ടും സിംബാബ്‌വെയോട് തോറ്റത് വിന്‍ഡീസിന് ആഘാതമായി. ഓപ്പണിങ് വിക്കറ്റില്‍ അരങ്ങേറ്റക്കാരന്‍ അഡ്രിയാന്‍ ബാരത്തുമായി ചേര്‍ന്ന് 99 റണ്‍സ് ഗെയില്‍ കൂട്ടിച്ചേര്‍ത്തു. 66 പന്തില്‍ നിന്ന് 57 റണ്‍സ് ഗെയില്‍ നേടിയപ്പോള്‍ 96 പന്തുകള്‍ നേരിട്ട ബാരെത്ത് 50 റണ്‍സുമായാണ് മടങ്ങിയത്. |