|
എം.എം ഹസ്സന്‍
അങ്ങിനെ നാലാം ബജറ്റ് പ്രഹസനവും നമ്മള്‍ക്ക് കാണായി. ഈ പ്രഹസനം തയാറാക്കാന്‍ കോവളത്ത് മാസങ്ങളോളം ഐസക് കാറ്റ് കൊണ്ടതിന്റെ ചെലവ് അന്വേഷിക്കേണ്ടതാണ്. പിഴയും പിഴപ്പലിശയും ചേര്‍ത്ത് അത് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഈടാക്കണം.
ഐസകിന് ഡോക്ടറേറ്റ് നല്‍കിയ സര്‍വകലാശാലയുടെ നാണം ഒന്ന് ഓര്‍ത്ത് നോക്കുക. അവിടെ നിന്ന് ഡോക്ടറേറ്റ് നേടിയ അനേകം മഹാന്മാര്‍ അത് തിരിച്ചു നല്‍കാന്‍ ആലോചിക്കുന്നുണ്ടാകും. ഇത്തരത്തില്‍ പരാജയപ്പെടാന്‍ ഐസകിന് മാത്രമേ സാധിക്കൂ. വെറും രാഷ്ട്രീയ പ്രസംഗം മാത്രമാണ് ഐസക് നടത്തിയത്. ഭരണകക്ഷി ബഞ്ചുകളില്‍ നിന്നുയര്‍ന്ന നനഞ്ഞ കയ്യടി തന്നെ അതിന് ഉദാഹരണം. രാഷ്ട്രീയ പ്രസംഗത്തില്‍ ചില കണക്കുകളും ഐസക് പറഞ്ഞു. അങ്ങിനെ അതൊരു ബജറ്റ് പ്രസംഗമായി. എത്രയോ ധനമന്ത്രിമാര്‍ ജനങ്ങളുടെ ആശയും പ്രതീക്ഷയും ഉള്‍ക്കൊണ്ട് ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള കേരള നിയമസഭയില്‍ ഇതുപോലൊരു ഗതികെട്ട ബജറ്റ് പ്രസംഗം ഉണ്ടായതില്‍ ഒരു മുന്‍ സാമാജികന്‍ എന്ന നിലയില്‍ ഞാനും ലജ്ജിക്കുന്നു. ബജറ്റ് എല്ലാവരുടേതുമാണ്. അതിനാല്‍ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ക്കപ്പുറം ഗൗരവത്തോടെ അതിനെ സമീപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു കോളജ് യൂണിയന്‍ ബജറ്റിന്റെ ഗൗരവം പോലും അര്‍ഹിക്കാത്ത തരത്തില്‍ സംസ്ഥാന ബജറ്റിനെ അധപതിപ്പിക്കുകയാണ് തോമസ് ഐസക് ചെയ്തിരിക്കുന്നത്. ഈ ലേഖനം തയാറാക്കാന്‍ ഒരുങ്ങുമ്പോള്‍ എന്ത് വിമര്‍ശനമാണ് ഉന്നയിക്കുക എന്നാണ് ആലോചിച്ചത്. വില കുറഞ്ഞ കുറേ പ്രഖ്യാപനങ്ങള്‍ മാത്രമടങ്ങിയ ബജറ്റില്‍ ഗൗരവം അര്‍ഹിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ല. ഐസക് നടത്തിയ ചില തട്ടിപ്പുകളല്ലാതെ. അതിന്റെ കാര്യങ്ങളിലേക്ക് മാത്രം കടക്കാനേ സാധിക്കുന്നുമുള്ളു. അരി വിതരണം: എ.പി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കൂലിവേലക്കാര്‍ക്കും 2 രൂപയ്ക്ക് അരിയെന്നാണ് തോമസ് ഐസകിന്റെ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ പദ്ധതിയാണിത്. ഈ പദ്ധതിയുടെ വിജയം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമം തന്നെ പാസാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അപ്പോഴാണ് കേന്ദ്രത്തിന്റെ പണം കൊണ്ട് ഇവിടെ തേങ്ങ വാങ്ങിയടിച്ച് ഐസക് കയ്യടി നേടാന്‍ ശ്രമിക്കുന്നത്. പാവങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 300 രൂപയാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. സര്‍ക്കാരിന് കാര്യമായ യാതൊരു ബാധ്യതയും വരുത്താത്ത ഇക്കാര്യത്തില്‍ വരുന്ന അല്‍പ ഭാരം പോലും അടുത്ത സര്‍ക്കാരാണ് വഹിക്കേണ്ടി വരിക എന്നതാണ് തമാശ. നഗരമേഖലയിലും തൊഴിലുറപ്പ് പദ്ധതി - രാജ്യമെങ്ങും വന്‍ വിജയമായി നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചുവട് പിടിച്ച് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അതനുസരിച്ചുള്ള പദ്ധതി തയാറായി വരികയാണ്. അതിന്റെ ഫണ്ടും കേന്ദ്രത്തില്‍ നിന്ന് തന്നെ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇത് പ്രഖ്യാപിച്ച് തട്ടിപ്പ് നടത്തുകയാണ് ഐസക് ചെയ്തിരിക്കുന്നത്.
പദ്ധതിക്കായി അയ്യങ്കാളിയെ പോലെ മഹാനായ വ്യക്തിയുടെ പേര് തന്നെ തെരഞ്ഞെടുത്തത് സ്വാഗതാര്‍ഹമാണ്. അതൊഴിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാവുന്നതായി യാതൊന്നും തന്നെയില്ല. കേരളത്തിലെ നഗരങ്ങളിലെല്ലാം പദ്ധതി നടപ്പാക്കാനായി ഐസക് മാറ്റി വച്ചിരിക്കുന്നത് വെറും 20 കോടി രൂപയാണ്. അതു തന്നെ പ്രഖ്യാപനത്തെ വെറും പ്രഹസനമാക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നല്‍കിയ നൂറു കണക്കിന് കോടി രൂപ പാഴാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം ഈ പ്രഖ്യാപനത്തെ കാണാന്‍. പാവപ്പെട്ടവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി - ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രഖ്യാപിക്കുകയും നടപ്പാക്കാന്‍ വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്ത പദ്ധതിയാണിത്. ഇതാണ് നാലു വര്‍ഷം വൈകിച്ച ശേഷം ഇപ്പോള്‍ ഐസക് വീണ്ടും പ്രഖ്യാപിക്കുന്നത്. 5 വര്‍ഷം കൊണ്ട് 1000 കോടിയുടെ ഹരിത ഫണ്ട് - പേരിന് വേണ്ടി മാത്രമുള്ള പ്രഖ്യാപനമാണിത്. പദ്ധതി ഉണ്ടാക്കിയാല്‍ തന്നെ അത് നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാരാണ്. അതിന് തോമസ് ഐസകോ അദ്ദേഹത്തിന്റെ മുന്നണിയോ അധികാരത്തില്‍ ഉണ്ടാകില്ലെന്ന് ഏറ്റവും ഉറപ്പുള്ള ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ പ്രഖ്യാപനത്തെ തള്ളിക്കളയും. കെ.എസ്.ടി.പിക്ക് 1600 കോടി - കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ കെ.എസ്.ടി.പി. പദ്ധതി പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് തോമസ് ഐസക് പദ്ധതി മുടക്കി. അതിനു ശേഷം വീണ്ടും ചര്‍ച്ച നടത്തി ഭീമമായ തുക അധികമായി നല്‍കിയാണ് പദ്ധതി പുനരാരംഭിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 1600 കോടി തന്നെ വിദേശ സഹായമായി കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നല്‍കുന്നതാണ്. ഇക്കാര്യത്തിലൊക്കെ വിചാരണ നേരിടേണ്ട കുറ്റമാണ് തോമസ് ഐസക് കാട്ടിയിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിക്ക് 125 കോടി - കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിടാന്‍ തയാറായ പദ്ധതിയാണ് വിഴിഞ്ഞം. ഇപ്പോള്‍ നാലു വര്‍ഷത്തിന് ശേഷം ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ പോലും ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വെറുതെ പ്രഖ്യാപനത്തിന് വേണ്ടിയൊരു പ്രഖ്യാപനം മാത്രമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുന്‍പ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് ഏറ്റവും ബോധ്യമുള്ളത് തോമസ് ഐസകിന് തന്നെയാണ്. വാര്‍ഷിക പദ്ധതിയില്‍ 12% വര്‍ദ്ധന - എന്താണ് വര്‍ധന ഐസക് 12 ശതമാനത്തില്‍ ഒതുക്കിയതെന്നാണ് മനസിലാകാത്തത്. പദ്ധതി നടത്തിപ്പില്‍ 40 ശതമാനം പോലും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്ന് പറഞ്ഞ മന്ത്രിയുടേതാണ് ഈ വര്‍ധന പ്രഖ്യാപനം. നടപ്പാക്കാനല്ലെങ്കില്‍ പിന്നെ വര്‍ധന 12 ശതമാനത്തില്‍ ഒതുക്കാതെ 120 ആക്കാമായിരുന്നു.
റവന്യൂ കമ്മി ഇല്ലാതാക്കില്ല - കേന്ദ്ര സര്‍ക്കാരിന് നേരെയുള്ള യുദ്ധ പ്രഖ്യാപനമാണ് തോമസ് ഐസക് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്. അതി വേഗം കുതിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അച്ചടക്കം കൊണ്ടു വരുന്നതിനാല്‍ ധന മാനേജ്മെന്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ധനകാര്യ മാനേജ്മെന്റില്‍ തികഞ്ഞ പരാജയമായ കേരള സര്‍ക്കാര്‍ പഴി കേന്ദ്ര സര്‍ക്കാരിന്റെ പുറത്ത് ചാരി രക്ഷപെടാനാണ് ശ്രമിക്കുന്നത്. ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതാണ് തോമസ് ഐസകിന്റെ ഇക്കാര്യത്തിലെ പ്രഖ്യാപനം. അടുത്ത വര്‍ഷത്തെ റവന്യൂ കമ്മി 3929.55 കോടിയാണെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചതും ശ്രദ്ധിക്കണം. ഒരു തരത്തിലും കേന്ദ്ര നിര്‍ദേശം നടപ്പാക്കാന്‍ പറ്റാത്ത തരത്തില്‍ കുത്തഴിഞ്ഞ നിലയിലാണ് ധനകാര്യ സ്ഥിതിയെന്നാണ് ഇത് ബോധ്യമാക്കുന്നത്. കവിത പാടിയാല്‍ ഈ പരാജയം മറയില്ല.
നാലുവരിപ്പാതകള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ നടപടി ഈ വര്‍ഷം ആരംഭിക്കും - കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിന് അനുവദിച്ച 1500 കോടി രൂപ പാഴാകാന്‍ പോവുകയാണ്. ഭൂമി ഏറ്റെടുത്ത് നല്‍കാത്തതാണ് പ്രശ്നം. ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടതിന്റെ സമയ പരിധി കഴിഞ്ഞ ശേഷം നടത്തുന്ന ബജറ്റ് പ്രഖ്യാപനത്തിലും മന്ത്രി പറയുന്നത് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് മാത്രമാണ്. ഇത്ര നിരുത്തരവാദപരമായി പെരുമാറാന്‍ ഇടതു സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഐ.ടി മേഖലക്ക് 412 കോടി - ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയും ഐസക് കൂട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐസക് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ മുഖ്യമന്ത്രി സഭയിലിരുന്ന് ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു. കരാര്‍ ഒപ്പിട്ട സ്മാര്‍ട് സിറ്റി പദ്ധതി പെരുവഴിയിലാക്കിയ സര്‍ക്കാരാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്മാര്‍ട് സിറ്റി പദ്ധതി പോയാല്‍ കേരളത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് ഐ.ടി. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഐസക് എന്ത് പ്രഖ്യാപനം നടത്തിയാലും സംസ്ഥാനത്ത് ഒരു ചുക്കും ഇടതുഭരണത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്ന് വി.എസിനും ജനങ്ങള്‍ക്കും ഞങ്ങള്‍ക്കും നന്നായി അറിയാം. രുദ്രാക്ഷം, ജപമാല, വിഭൂതി എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കി - പാപ പരിഹാരമായി വേണമെങ്കില്‍ ഇതിനെ കാണാം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായി അകന്ന വിശ്വാസികളായ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവ്. ഇതിലൊക്കെ ആരെങ്കിലും വീഴുമോ? വിശ്വാസികളുടെ കണ്ണ് തുറപ്പിക്കാന്‍ ദൈവമുണ്ടെന്നുള്ള കാര്യമെങ്കിലും ഐസക് മനസിലാക്കിയിരിക്കുന്നത് നല്ലത്. ഇത്തരത്തിലെ ഒട്ടേറെ തട്ടിപ്പ് പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഐസക് നടത്തിയിരിക്കുന്നത്. പ്രഖ്യാപനം ഓരോന്നായി എടുത്താലും ഒന്നിലും പുതുമയോ ആത്മാര്‍ഥതയോ കണിക പോലും നമ്മള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല. മെനക്കേട് ഒഴിവാക്കിയ മട്ടിലായിരുന്നു ഐസക് പ്രസംഗം നടത്തിയതെന്നതും ശ്രദ്ധിക്കണം. നാലു വര്‍ഷം കൊണ്ട് തനിക്ക് പറ്റിയതല്ല ഈ പണിയെന്ന് ഐസകിന് ബോധ്യമായെന്ന് ചുരുക്കം. ഇനിയും ഈ വിദഗ്ദ്ധന്റെ സേവനം എന്തായാലും കേരളത്തിന് ആവശ്യമായി വരില്ല. എന്തൊക്കെയായിരുന്നു ആദ്യ വര്‍ഷങ്ങളിലെ ഐസകിന്റെ ഭാവം. കേരളത്തെ എടുത്ത് തലകീഴായി വയ്ക്കുമെന്ന് തോന്നി അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍. പൂച്ച് പുറത്തായ വേളയില്‍ പരാജയത്തിന്റെ കണക്ക് അവതരിപ്പിക്കുക മാത്രമാണ് ഐസക് ചെയ്തിരിക്കുന്നത്. പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചതും സ്വപ്നം പങ്കു വച്ചു കൊണ്ടാണ്. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ നാലു വര്‍ഷം നഷ്ടപ്പെടുത്തിയ ശേഷം വീണ്ടും സ്വപ്നം പങ്കു വയ്ക്കുന്ന ധനമന്ത്രിയെ ഡോക്ടറെ കാണിക്കുക തന്നെയാണ് വേണ്ടത്. അതിന് മുന്‍കൈ എടുക്കാന്‍ എ.കെ.ജി. സെന്ററില്‍ ആരുമില്ലെങ്കില്‍ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ്. അല്ലെങ്കില്‍ കാലമാകുന്ന ആംബുലന്‍സില്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ജഡമായി യാത്ര ചെയ്യുന്നത് നമ്മള്‍ക്ക് കാണേണ്ടി വരും. ഇനിയും ഇത്തരത്തിലൊരു ബജറ്റ് പ്രസംഗം കേള്‍ക്കാന്‍ ഇടവരരുതേ എന്ന് ദൈവത്തോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. |