സഖാക്കളെ, മണലിലേക്ക്‌

Imageടതുസര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ്‌ ഇന്നലെ ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കോ ഭൗതിക പുരോഗതിക്കോ ഉതകുന്ന യാതൊരു നിര്‍ദ്ദേശവും ഈ ബജറ്റില്‍ ഇല്ലെന്ന്‌ പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ ഒരു പണ്ഡിതനായിട്ടാണ്‌ ധനമന്ത്രി ഐസക്ക്‌ ജനങ്ങളുടെ മുന്നില്‍ ഭാവിക്കുന്നത്‌. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ബജറ്റുകളും ഈ വര്‍ഷത്തെ ബജറ്റും പരിശോധിക്കുന്നവര്‍ക്ക്‌ ധനകാര്യ മാനേജ്മെന്റിന്റെ പ്രാഥമികപാഠം പോലും ലഭിക്കാത്ത ഒരു പാവം അധ്യാപകനെയാണ്‌ ഓര്‍മ്മവരുന്നത്‌. സംസ്ഥാനത്തിന്റെ വാര്‍ഷികവരവും കുറെ ചെലവിനങ്ങളും എഴുതി അവതരിപ്പിക്കുന്നതാവരുത്‌ യഥാര്‍ത്ഥ ബജറ്റ്‌. വിഭവങ്ങളെ നാടിന്റെ വളര്‍ച്ചയ്ക്കും ഭാവി പുരോഗതിക്കും ഭാവനാപൂര്‍വം വിനിയോഗിക്കുന്നതിനുള്ള സാമ്പത്തിക ആസൂത്രണമാണ്‌ വാര്‍ഷിക ബജറ്റില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. ധനശാസ്ത്രം പഠിച്ച ഒരാള്‍ അക്കാര്യം അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ മിഴിവും യാഥാര്‍ത്ഥ്യബോധവും നിഴലിക്കണം. ദൗര്‍ഭാഗ്യവശാല്‍ മന്ത്രി ഐസക്ക്‌ കേരളീയരെയാകെ നിരാശപ്പെടുത്തുകയാണ്‌ ഇതുവരെ ചെയ്തത്‌.


2010-11 സാമ്പത്തികവര്‍ഷം 31,180.82 കോടി രൂപ വരവും 34,810.37 കോടി രൂപ ചെലവും 3629.55 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ഒരു കണക്കുപുസ്തകം ഉണ്ടാക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ വളരെ പാടുപെട്ടിരിക്കുന്നു. പുതിയ നികുതി ഭാരമൊന്നുമില്ലാതെ ഇങ്ങനെയൊരു വാര്‍ഷിക ബജറ്റ്‌ കൊണ്ടുവന്നതില്‍ അഭിമാനിക്കുക മാത്രമല്ല ഇത്‌ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നുകൂടി മന്ത്രി അവകാശപ്പെടുകയുണ്ടായി. കേരളം നേരിടുന്ന അടിയന്തരപ്രശ്നങ്ങളൊന്നും അഭിസംബോധന ചെയ്യാതെ, അടുത്തു വരാന്‍ പോകുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ച്‌ ചില ക്ഷേമ സഹായങ്ങള്‍ പ്രഖ്യാപിക്കുകയും കേരളത്തിന്റെ ആത്മാവ്‌ കുളംതോണ്ടുന്ന ഭൂമാഫിയയെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിദഗ്ധമായി തിരുകിവയ്ക്കുകയുമാണ്‌ ധനമന്ത്രി ചെയ്തിരിക്കുന്നത്‌. പാവങ്ങളുടെ കണ്ണില്‍ മണ്ണിട്ട്‌ വോട്ടുനേടാമെന്ന്‌ മന്ത്രി ഐസക്ക്‌ വ്യാമോഹിക്കുന്നു. തെരഞ്ഞെടുപ്പിന്‌ ആവശ്യമുള്ള പാര്‍ട്ടി ഫണ്ട്‌ ഭൂ മാഫിയയില്‍ നിന്ന്‌ സമാഹരിക്കാമെന്ന്‌ കരുതുന്നു. അതിനപ്പുറം മന്ത്രിയുടെ ഈ 'പൂര്‍ണ' ബജറ്റില്‍ വൈലോപ്പിള്ളി കവിതയും ആവര്‍ത്തന വിരസമായ വാചകങ്ങളും ഉള്‍ക്കാഴ്ചയില്ലാത്ത നിരീക്ഷണങ്ങളും മാത്രമേയുള്ളൂ.


വിദ്യാഭ്യാസം, ഫിഷറീസ്‌, സ്ത്രീക്ഷേമം, കാര്‍ഷിക സഹായം തുടങ്ങിയ പദ്ധതികള്‍ക്കുള്ള വിഹിതങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേതാണെന്ന്‌ ജനങ്ങള്‍ക്കറിയാം. അവ ആവര്‍ത്തിച്ച്‌ കേന്ദ്രഫണ്ട്‌ നീക്കിവെക്കുന്ന ജോലിയാണ്‌ ധനമന്ത്രി ഏറ്റെടുത്തിരിക്കുന്നത്‌. മന്ത്രി ഐസക്കിന്റെ തന്നെ മുന്‍കാല ബജറ്റുകളിലെ നിര്‍ദ്ദേശങ്ങള്‍ പലതും ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. അവയെല്ലാം അപ്പടി ഇത്തവണയും തുടരുന്നു. 10,000 കോടി രൂപയുടെയെങ്കിലും പദ്ധതികള്‍ ഇത്തരത്തില്‍ ഇക്കൊല്ലത്തെ ബജറ്റില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. ഭൂമിയുടെ ക്രയവിക്രയത്തിനുള്ള സ്റ്റാമ്പ്‌ ഡ്യൂട്ടി സര്‍ചാര്‍ജ്‌ കുറവു ചെയ്തത്‌ വലിയൊരു വിപ്ലവമായി മന്ത്രി ഉയര്‍ത്തിക്കാട്ടുന്നു. അടുത്തമാസം ഒന്നാംതീയതി മുതല്‍ ഭൂമിയുടെ താരിഫ്‌ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുമെന്നിരിക്കെ ഈ സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവിന്റെ ഗുണം ഭൂമി വാങ്ങുന്നവര്‍ക്ക്‌ എങ്ങനെ ലഭിക്കും? പതിനൊന്ന്‌ ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെയാണ്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയായി നിശ്ചയിച്ചിട്ടുള്ളത്‌. രാജ്യത്തെ പതിനൊന്ന്‌ സംസ്ഥാനങ്ങളില്‍ നിലവില്‍ അഞ്ച്‌ ശതമാനം സ്റ്റാമ്പ്‌ ഡ്യൂട്ടിയേ ഉള്ളൂവെന്ന്‌ മന്ത്രിക്ക്‌ അറിയുമോ എന്തോ? ഭാഗ ഉടമ്പടിക്കും ധനനിശ്ചയ ആധാരത്തിനും സ്റ്റാമ്പ്‌ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിലൂടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ഭൂമി പങ്കുവെയ്ക്കല്‍ നടപടിയെ ഒരു കച്ചവടമാക്കി തരംതാഴ്ത്തുകയാണ്‌ ധനമന്ത്രി. മാനുഷിക ബന്ധങ്ങളുടെ വിലയിടിക്കുന്ന ഒരു നടപടിയായിപ്പോയി അത്‌.


കേരളത്തിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവശ്യസാധന വിലക്കയറ്റമാണ്‌. ഉപഭോക്തൃ സംസ്ഥാനമായ കേരളം രാജ്യത്തെ ഏറ്റവും വലിയ വിലവര്‍ധനവിന്റെ കെടുതിയിലാണ്‌. ബസ്‌ യാത്രാക്കൂലി ഉയര്‍ത്തിയതോടെ കുടുംബ ബജറ്റ്‌ വീണ്ടും താളം തെറ്റാന്‍ പോകുന്നു. ഈ പ്രശ്നത്തെ ദീര്‍ഘവീക്ഷണത്തോടെ നേരിടാന്‍ ധനമന്ത്രി യാതൊരു പോംവഴിയും നിര്‍ദ്ദേശിക്കുന്നില്ല. പൊതുകമ്പോളത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുള്ള സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‌ ബജറ്റില്‍ ഒരു നയാപൈസ പോലും നീക്കിവെച്ചിട്ടില്ല. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികളില്ല. പാവപ്പെട്ടവര്‍ക്ക്‌ റേഷന്‍ കടകള്‍ വഴി രണ്ടുരൂപ വിലയ്ക്ക്‌ അരി നല്‍കുമെന്ന്‌ മന്ത്രി പറയുന്നു. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരെ നിശ്ചയിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ കാണിച്ച വിവേചനം മൂലം യഥാര്‍ത്ഥ നിര്‍ധനര്‍ക്ക്‌ സൗജന്യനിരക്കിലുള്ള റേഷന്‍ ലഭിക്കാന്‍ പോകുന്നില്ല. ധനകാര്യ വിഭവ സമാഹരണത്തിന്‌ ധനമന്ത്രി കണ്ടെത്തിയ പല മാര്‍ഗങ്ങളും ജനങ്ങളെ ചിരിപ്പിക്കുന്നു. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ തടാകത്തില്‍ അടിഞ്ഞുകൂടിയ മണല്‍ വാരിവിറ്റ്‌ 600 കോടി രൂപ വരുന്നകൊല്ലം ഉണ്ടാക്കുമെന്ന്‌ മന്ത്രി അവകാശപ്പെടുന്നു.

 

കഴിഞ്ഞവര്‍ഷവും ഈ മണല്‍ സിദ്ധാന്തം മന്ത്രി ഐസക്ക്‌ ബജറ്റില്‍ ചേര്‍ത്തിരുന്നു. ജലസംഭരണികളില്‍ നിന്ന്‌ മണല്‍ വാരി സംസ്കരിച്ച്‌ എടുക്കുന്നതിന്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്‌ അറിവുള്ളവര്‍ പറയുന്നത്‌. അതുകൊണ്ടാണ്‌ കഴിഞ്ഞവര്‍ഷം അക്കാര്യം നടക്കാതെപോയത്‌. ഭൂമാഫിയയെയും നിര്‍മാണ മേഖലയെയും സഹായിക്കാന്‍ ഇപ്പോള്‍ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന മണലിന്റെ ലഭ്യതയെപ്പറ്റി ഉറപ്പുനല്‍കണം. അതിനാല്‍ അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍നിക്ഷേപം മന്ത്രിയെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ 'സഖാക്കളെ മുന്നോട്ട്‌' എന്നാണ്‌ മുമ്പൊക്കെ മുദ്രാവാക്യം വിളിച്ചിരുന്നത്‌. മന്ത്രി ഐസക്ക്‌ അതിന്‌ കാലത്തിനിണങ്ങിയ ഒരു പാഠഭേദം സൃഷ്ടിച്ചിരിക്കുന്നു; സഖാക്കളെ മണലിലേക്ക്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls