|
ഇത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അവഗണിച്ച ബജറ്റ് : കെ എസ് യു |
|
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളേയും യുവാക്കളേയും തീര്‍ത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ എഎസ്‌എ ഫണ്ടിന്റെ രൂപത്തില്‍ നല്‍കുന്ന കോടികളുടെ മൂന്നിലൊന്നുപോലും
സംസ്ഥാന വിഹിതമായി ബജറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അപലനീയമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവെച്ച 100 കോടിയോളം രൂപയില്‍ മുക്കാല്‍ പങ്കും യുജിസി സ്കെയില്‍ നടപ്പിലാക്കാന്‍ വേണ്ടിവരും എന്നത് മറന്നുവെച്ച് വിദ്യാഭ്യാസ മേഖലയെ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി ബജറ്റില്‍ ശ്രമിച്ചിരിക്കുന്നത്. അരലക്ഷം കോടി രൂപ വിദ്യഭ്യാസ മേഖലയ്ക്കായി നീക്കിവച്ച് 6 മുതല്‍ 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായപ്പോള്‍ ഈ മേഖലയെ പാടേ അവഗണിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി. |