പരേതാത്മാക്കള്‍ ആവേശിച്ച ബജറ്റ്‌

Imageജെ അജിത്‌ കുമാര്‍
തിരുവനന്തപുരം:
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന 2006 മുതല്‍ ഇന്നലെ വരെ ഓരോ സാമ്പത്തിക വര്‍ഷത്തേക്കും അവതരിപ്പിക്കപ്പെട്ട ബജറ്റുകളെ പരേതാത്മക്കള്‍ ആവേശിച്ചതായി കാണാം. ബജറ്റിനെ പ്രേതം ബാധിച്ചു എന്നു പറയുന്നില്ല. അത്‌ മറ്റൊന്നും കൊണ്ടല്ല.

ധനകാര്യമന്ത്രി, ബജറ്റ്‌ അവതരണ വേളയില്‍ സഭാ തലത്തിലേക്ക്‌ ആവാഹനം ചെയ്ത്‌ സാന്നിദ്ധ്യപ്പെടുത്തുന്നത്‌ അല്ലറചില്ലറ പ്രേതങ്ങളെയൊന്നുമല്ല. മറിച്ച്‌, മലയാള സാഹിത്യ വിഹായസിലെ പ്രോജ്വല നക്ഷത്രങ്ങളെയാണ്‌. അവരൊക്കെ ഈ ഭൂമിയില്‍ രേഖപ്പെടുത്തി വെച്ചുപോയ വാക്കുകള്‍, വരികള്‍, വാചകങ്ങള്‍ ഇടയ്ക്കും തലയ്ക്കും എടുത്ത്‌ പ്രയോഗിച്ച്‌, സ്വയം നിര്‍വൃതി കൊണ്ട്‌, ഭരണപക്ഷത്തിന്റെ കൈയടിവാങ്ങി ഇന്നാട്ടിലെ ജനലക്ഷങ്ങളെ തന്റെ വാക്ചാതുരി കൊണ്ട്‌ കബളിപ്പിച്ച്‌ രക്ഷപെടുകയായിരുന്നു, ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളായി ധനമന്ത്രി ഡോ. ടി എം. തോമസ്‌ ഐസക്‌. ഇത്തവണയും സംഗതി വ്യത്യസ്തമല്ല. ഐസക്‌ തന്റെ ആദ്യ ബജറ്റ്‌
അവതരിപ്പിച്ചപ്പോള്‍ പരാമര്‍ശിച്ചിരുന്ന ഒരു പേരുണ്ട്‌. ഡോ. കെ. എന്‍. രാജിന്റേതാണത്‌. തന്റെ ഗുരുനാഥന്‍. അദ്ദേഹം ശിഷ്യനായ ധനമന്ത്രിയെ ഏറെ അഭിനന്ദിച്ചു എന്ന അവകാശവാദവുമായാണ്‌ തോമസ്‌ ഐസക്‌ തന്റെ ആദ്യ ബജറ്റുമായി സഭയിലെത്തിയത്‌. എതായാലും നാലു വര്‍ഷത്തിനിപ്പുറം ഇത്തവണത്തെ ബജറ്റ്‌ അവതരിപ്പിക്കുന്ന വേളയില്‍ ഡോ. രാജും നമ്മോടൊപ്പമില്ല.


പിന്നെ ധനമന്ത്രി കൂട്ടുപിടിച്ചത്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെയാണ്‌. അദ്ദേഹത്തിന്റെ 'പാത്തുമ്മയുടെ ആടി'നെ സഭയില്‍ കൊണ്ടുക്കെട്ടി. പാവം ആട്‌ ബജറ്റ്‌ പ്രസംഗം അച്ചടിച്ചുവന്ന കടലാസു മുഴുവന്‍ കടിച്ചു തിന്ന്‌ വൈലാലിലെ മാന്‍ഗോസ്റ്റീന്‍ മരത്തിനു ചുവട്ടില്‍ പോയിക്കിടന്നുറക്കമായി.
അടുത്തുതായി വന്നു പാവം തകഴിച്ചേട്ടന്‍. മാരാരിക്കുളത്തു നിന്നും ഏറെ ദൂരെയല്ലല്ലോ തകഴി; തകഴിയുടെ 'കയറി'ല്‍ പിടിച്ചു തൂങ്ങി കൈയും കണക്കും കാട്ടി ഏറെ അഭ്യാസ പ്രകടനം നടത്തി, ആ വര്‍ഷം ഐസക്‌ നിയമസഭയില്‍. പാവം ജനം ഒരു മുഴം കയര്‍ അന്വേഷിക്കേണ്ട ഗതികേടിലുമെത്തി.
ഇത്തവണ സഭയിലേക്ക്‌ ആവാഹിച്ചത്‌ വൈലോപ്പിള്ളി ശ്രീധരമേനോനെയാണ്‌. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ്‌ 2011. വൈലോപ്പിള്ളിയെ ഓര്‍ത്തത്‌ ഏതായാലും നന്നായി. "ചോരതുടിക്കും ചെറു കൈയുകളെ, പേറുക വന്നീ പന്തങ്ങള്‍" എന്ന വരി ഉദ്ധരിച്ചതും അതിലേറെ നന്നായി. ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ഈ ബജറ്റ്‌ പ്രസംഗവും അനുബന്ധ രേഖകളും, ആ പന്തങ്ങള്‍ പേറി വന്ന്‌ കത്തിച്ചു ചാമ്പലാക്കാമല്ലോ; ആര്‍ക്കെന്തു ചേതം ? നടക്കാന്‍ സാദ്ധ്യതയില്ലാത്തതും നടപ്പിലാകാത്തതെന്ന്‌ കഴിഞ്ഞ നാലു വര്‍ഷത്തെ അനുഭവം സാക്ഷ്യപ്പെടുത്തുന്നതുമായ ചില പ്രസ്താവനകളും ചപ്പടാച്ചി പ്രയോഗങ്ങളും അല്ലാതെ മേറ്റ്ന്തുണ്ട്‌ ഈ ബജറ്റില്‍ ?.


രണ്ടു രൂപക്ക്‌ അരി, ആ അരി വെച്ചുണ്ടാക്കുന്ന കഞ്ഞിയിലിടാന്‍ അണക്കെട്ടുകളില്‍ നിന്നുള്ള മണ്ണ്‌, കഞ്ഞിവെള്ളം ഏറെ കുടിക്കേണ്ടി വരുന്നതുമൂലമുള്ള മൂത്രശങ്ക അകറ്റാന്‍ ബസ്‌ സ്റ്റാന്റുകളിലും മാര്‍ക്കറ്റുകളിലും സ്ത്രീകള്‍ക്കായി പ്രത്യേക മൂത്രപ്പുര, ആശുപത്രികളില്‍ സ്ത്രീകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനുള്ള സൗകര്യങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ, ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ കീയറോഫില്‍ അയ്യങ്കാളിയുടെ പേരില്‍ ഒരു 20 കോടി, പിന്നെ പാലങ്ങള്‍ റോഡുകള്‍, തുറമുഖങ്ങള്‍, വിമാനമിറങ്ങാനുള്ള താവളം; ആകെമൊത്തം ഒരു പഞ്ചായത്തു മാത്രമായ ഈ കൊച്ചുകേരളം ഒരു പറുദീസയാക്കി മാറ്റും ധനമന്ത്രി. വിഴിഞ്ഞമുണ്ട്‌, വൈപ്പിനുണ്ട്്‌, അരനൂറ്റാണ്ട്‌ പഴക്കമുള്ള ചമ്രവട്ടം റെഗുലേറ്ററുമുണ്ട.്‌ പറഞ്ഞ്‌ പറഞ്ഞ്‌ പതംവന്ന അങ്ങനെയുള്ള കുറച്ചേറെ പദ്ധതികള്‍ ഇത്തവണയും ബജറ്റില്‍ അവതരിക്കുന്നുണ്ട്‌.


വൈനും ബിയറും മാത്രം താല്‍പര്യമുള്ളവര്‍ക്ക്‌ സന്തോഷിക്കം; മറ്റു മദ്യങ്ങള്‍ കഴിക്കുന്നവര്‍ കൂടുതല്‍ കാശുമുടക്കാന്‍ ഒരുങ്ങിക്കൊള്ളുക. അല്ലെങ്കില്‍ മദ്യപാനത്തോട്‌ സലാം പറഞ്ഞ്‌, രുദ്രാക്ഷമോ കൊന്തയോ ധരിച്ച്‌ അടുത്ത ബജറ്റിന്റെ സമയം വരെ മുങ്ങിക്കൊള്ളുക. മദ്യത്തിന്‌ 10 ശതമാനം വില കൂടും. രുദ്രാക്ഷമാല, ജപമാല, വിഭൂതി, കൊന്ത, കുര്‍ബാന വസ്ത്രങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്യും. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ബജറ്റ്‌ തന്നെയിത്‌. വിലക്കയറ്റം തടയാന്‍ എന്ത്‌ നിര്‍ദ്ദേശം ഉണ്ട്‌ ബജറ്റില്‍ ? എന്നും രാവിലെ കൃത്യമായി മില്‍മയുടെ പാല്‍ കിട്ടും എന്നുറപ്പാക്കാന്‍ എന്ത്‌ നടപടിയുണ്ട്‌ ധനമന്ത്രിയുടേതായി? ഒന്നുമില്ല. നമ്മള്‍ പാവം മലയാളികള്‍ വൈനും കഴിച്ച്‌, നാമം ജപിച്ച്‌, കാലം കഴിക്കാം. ഒരു സമാധാനമുണ്ട്‌; ഏറെനാള്‍ വേണ്ട- ഏറിവന്നാല്‍ ഒരു പതിനഞ്ച്‌ മാസം കൂടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls