ഒരു റെഡ്‌ ആന്റ്‌ ഗ്രീന്‍ രുദ്രാക്ഷ മാഹാത്മ്യം...

Imageഅനീഷ്‌ അനിരുദ്ധന്‍

ബഷീറിന്റെ പാത്തുമ്മയുടെ ആട്‌, തകഴിയുടെ കയര്‍, അവസാനം വൈലേപ്പിള്ളിയുടെ കവിതാശകലത്തില്‍ എത്തി നില്‍ക്കുകയാണ്‌ ഐസക്ക്‌ സഖാവിന്റെ ബജറ്റ്‌.
എന്തൊക്കെ ആക്ഷേപങ്ങള്‍ അസൂയാലുക്കള്‍ പറഞ്ഞ്‌ പരത്തിയാലും നമ്മുടെ ധനമന്ത്രി ആളൊരു മാന്ത്രികന്‍ തന്നെ! വെറും മാന്ത്രികനല്ല.

സാമ്പത്തിക രംഗത്തെ മന്ത്രികന്‍ !. അതുകൊണ്ടാണല്ലോ മാന്ത്രിക വിദ്യയുടെ പ്രോത്സാഹനത്തിനായി മുതുകാട്‌ സഖാവിന്റെ മാജിക്ക്‌ അക്കാദമിയെന്ന സ്വകാര്യ സ്ഥാപനത്തിന്‌ 10 ലക്ഷം വെറുതെ നല്‍കിയത്‌. ആറ്റില്‍ കളഞ്ഞാലും അളന്ന്‌ തന്നെകളയണം. അതാണ്‌ ഐസക്ക്‌ സഖാവിന്റെ സാമ്പത്തിക ലൈന്‍. മുതുകാടിനെക്കാളും മികച്ച കൈയ്യടക്കത്തോടെയാണ്‌ ഐസക്ക്‌ സഖാവ്‌, ആരും ശ്രദ്ധിക്കാത്ത തരത്തില്‍ മാന്ത്രിക വിദ്യയ്ക്ക്‌ വേണ്ടി 10 ലക്ഷം നീക്കി വെച്ചിരിക്കുന്നത്‌. പച്ച ലീഗിന്റേതും ചുവപ്പ്‌ ഇടതിന്റേതുമാണെന്നാണ്‌ ചിലര്‍ കരുതിയിരുന്നത്‌. എന്നാല്‍ ഇത്‌ രണ്ടും തെറ്റാണെന്നാണ്‌ ഡോക്ടര്‍ ഐസക്കിന്റെ പക്ഷം. പച്ച പരിസ്ഥിതിയുടേയും ചുവപ്പ്‌ സാമൂഹിക നീതിയുടേതുമാണെന്നാണ്‌ മന്ത്രിയുടെ വിവക്ഷ. സാമ്പത്തിക വിദഗ്ദനല്ലേ പറയുന്നത്‌. ആര്‍ക്ക്‌ ഏതിരു പറയാന്‍ കഴിയും.


കൂടുബശ്രീയ്ക്ക്‌ ഇത്തവണ 50 കോടിയാണ്‌ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ തവണത്തേക്കാള്‍ 20 കോടി അധികം. എന്നാല്‍ കുടുംബശ്രീയ്ക്ക്‌ മുന്‍കാലങ്ങളില്‍ അനുവദിച്ച തുക ഇതുവരെ ചെവഴിച്ചിട്ടില്ലെന്ന വസ്തുത എങ്ങനെ പുറത്ത്‌ പറയും. കഴിഞ്ഞ നാല്‌ വര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്തതും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുമായ സ്മാര്‍ട്ട്‌ സിറ്റിയെക്കുറിച്ച്‌ ഈ ബജറ്റിലും പരാമര്‍ശമുണ്ട്‌. പക്ഷെ ഒരു വ്യത്യാസം മാത്രം; വിഴിഞ്ഞം പോലെ ഘട്ടം ഘട്ടമായി നടപ്പിലാക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളായി നടത്തിയ ഘട്ടം ഘട്ടം ഏര്‍പ്പാടാണോ സഖാവെയെന്ന്‌ മാത്രം ചേദിക്കരുത്‌.
കഴിഞ്ഞ ബജറ്റില്‍ ചൂണ്ടിക്കാട്ടിയ ഡാമിലെ മണല്‍ വാരല്‍, വയല്‍ നികത്തിയവരില്‍ നിന്നുള്ള ഫൈന്‍ എന്നിവയില്‍ തന്നെയാണ്‌ ഐസക്ക്‌ ഇപ്പോഴും കണ്ണു വച്ചിരിക്കുന്നത്‌. അരുവിപ്പുറത്ത്‌ നിന്നും വാരിയ ചെളിയില്‍ നിന്ന്‌ എത്ര കോടി കിട്ടിയെന്ന്‌ പറയുന്നില്ലെങ്കിലും മന്ത്രിയുടെ ശ്രദ്ധ ഇത്തവണ മലമ്പുഴ ഡാമിലാണ്‌. ഇവിടെ നിന്നും കോടികള്‍ വാരാമെന്നാണ്‌ ധനമന്ത്രി ഇപ്പോഴും മനപ്പായസമുണ്ണുന്നത്‌.


സ്വര്‍ണ്ണത്തിന്‌ വില കൂട്ടിയെങ്കിലെന്ത്‌ രുദ്രാക്ഷവും കൊന്തയും ആദായ നിരക്കില്‍ തന്നെ ഭക്തര്‍ക്ക്‌ വാങ്ങാവുന്നതാണ്‌. ഇതിനുള്ള വ്യവസ്ഥ പച്ചയും ചൊവപ്പും കലര്‍ന്ന ബജറ്റില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌.
എന്തൊക്കെയായാലും പാവങ്ങള്‍ക്കാണ്‌ മുന്‍ഗണന. അതുകഴിഞ്ഞേ മേറ്റ്ന്തിനും ധനമന്ത്രി മുന്‍ഗണന നല്‍കുകയുള്ളൂ. ഇതിന്‌ വേണ്ടി തൊഴിലുറപ്പ്‌ പദ്ധതിയില്‍ 50 ദിവസം പണിയെടുത്ത എല്ലാവര്‍ക്കും രണ്ട്‌ രൂപയ്ക്ക്‌ അരി നല്‍കും. പക്ഷെ ഇത്‌ പ്രായോഗികമല്ലെന്ന്‌ മാത്രം ആരും പറഞ്ഞേക്കരുത്‌. എങ്ങനെയൊക്കെ കൂട്ടിയും കുറച്ചും നോക്കിയാലും തൊഴിലുറപ്പ്‌ പദ്ധതിയില്‍ 30 ല്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയിട്ടില്ലെന്നതാണ്‌ വാസ്തവം. അപ്പോള്‍പ്പിന്നെ എങ്ങനെയാണ്‌ സഖാവെ അരി നല്‍കുന്നത്‌. ഇതൊക്കെ വെറും പ്രഖ്യാപനങ്ങളല്ലെ. അതും ഈ പാവം നാട്ടുകാരെ സുഖിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍. അങ്ങനെയെങ്കില്‍ കഥയില്‍ ചോദ്യമില്ലെന്നത്‌ പോലെ പ്രഖ്യാപനങ്ങളിലും ചോദ്യമില്ല.


തൊഴിലുപ്പ്‌ പദ്ധതിക്ക്‌ തുരങ്കം വച്ചെങ്കിലും, യുപിഎ അല്ല, ഇടത്‌ പാര്‍ട്ടികളാണ്‌ പദ്ധതിക്ക്‌ രൂപം നല്‍കിയതെന്നും ധനമന്ത്രി പ്രസംഗത്തില്‍ അടിവരയിട്ട്‌ സൂചിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ വൈലോപ്പിള്ളിയുടെ കവിതയ്ക്ക്‌ പുറമെ ബഷീറിന്റെ 'എട്ടുകാലി മമ്മൂഞ്ഞും' ഐസക്കിന്റെ ബജറ്റില്‍ ഇടം പിടിച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയ്യങ്കാളിയുടെ പേരില്‍ നഗര തൊഴിലുറപ്പ്‌ പദ്ധതി പ്രഖ്യാപിച്ച്‌ രാജ്യത്തിന്‌ മാതൃകയാകാനും മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്‌. ഇഎംഎസ്‌ ഭവന പദ്ധതിയില്‍ സഖാവ്‌ ഇഎംഎസിനുണ്ടായ അപമാനം ആയ്യന്‍കാളിക്കുണ്ടാകരുതെന്ന്‌ ആരെങ്കിലുമാശിച്ചില്‍ കുറ്റപ്പെടുത്താനാകില്ല.
വിലക്കയറ്റം കേന്ദ്രത്തിന്റ കുഴപ്പം തന്നെയാണ്‌. അതിനാല്‍ വിലക്കയറ്റം നേരിടാന്‍ ഒരു രൂപപോലും ധനമന്ത്രി മാറ്റി വെച്ചിട്ടുമില്ല. മന്ത്രിയോട്‌ എന്തും ചോദിക്കാം. പക്ഷെ കഴിഞ്ഞ വര്‍ഷം ഇതേ കാലയളില്‍ പ്രഖ്യാപിച്ച 'ഉത്തേജക ബജറ്റിലെ' പ്രഖ്യാപനങ്ങള്‍ എന്തായി സഖാവെ, എന്നു മാത്രം ചോദിച്ചേക്കരുത്‌. ചോദിച്ചു പോയാല്‍ മന്ത്രി ഉടനടി കെന്‍സ്‌ തിയറിയുമായിലേയ്ക്ക്‌ പരകായപ്രവേശം നടത്തിക്കളയും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls