|
ഇലക്ഷന്‍ ലക്ഷ്യമിട്ട് ആനുകൂല്യ പ്രഖ്യാപനങ്ങള്‍
* അവശ്യസാധന, ഭക്ഷ്യധാന്യ ഉല്‍പാദനത്തിനും ലഭ്യതയ്ക്കും നിര്‍ദ്ദേശമില്ല * വിലക്കയറ്റം നിയന്ത്രിക്കാനും റേഷന്‍ വര്‍ധിപ്പിക്കാനും തുകയില്ല * കൂട്ട വിരമിക്കല്‍ ആനുകൂല്യത്തിനും ശമ്പള കമ്മീഷനും തുകയില്ല * അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല
* ഭൂമാഫിയയെ സഹായിക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് * അണക്കെട്ടുകളിലെ മണല്‍ വാരിവില്‍ക്കാമെന്ന് വീണ്ടും മന്ത്രി * ബിയറിനും വൈനിനും കൊന്തയ്ക്കും രുദ്രാക്ഷത്തിനും വിലകുറയും * തുടങ്ങാത്ത പദ്ധതികളുടെ ആവര്‍ത്തനവും കേന്ദ്രപദ്ധതികളുടെ മാറ്റൊലിയും
നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: കേരളത്തെ കടക്കെണിയിലാക്കുന്ന സംസ്ഥാന ബജറ്റ് ഇന്നലെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. മിച്ചബജറ്റ് അവതരിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്ന ധനമന്ത്രിക്ക് 3629.55 കോടി രൂപയുടെ റവന്യൂ കമ്മി ബജറ്റാണ് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ കഴിഞ്ഞത്. 31180.82 കോടി വരവും 34810.37 കോടി രൂപയുടെ ചെലവും കണക്കാക്കപ്പെടുന്നു. കമ്മിയും പൊതുകടവും വര്‍ധിച്ച സാഹചര്യത്തിലും അധികവിഭവ സമാഹരണത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള യാതൊരു നടപടികളും ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞില്ലെന്നതാണ് ഏറെ ദുഃഖകരം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ഇടപെടുന്നതിന് ഒരു നയാപൈസ പോലും നീക്കിവെച്ചിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കാനുള്ള 100 കോടിയുടെ കുടിശികയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതം പ്രയോജനപ്പെടുത്തി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം ശമ്പള വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ ഇതിനായി ഒരു രൂപപോലും ബജറ്റില്‍ നീക്കിവെച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സംസ്ഥാന ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസവും അനുവദിച്ചിട്ടില്ല. വിരമിക്കുന്ന 23000 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ തുകയെക്കുറിച്ച് ധനാഭ്യര്‍ത്ഥനയില്‍ പരാമര്‍ശമില്ല. അതേസമയം രുദ്രാക്ഷമാല, ജപമാല, വിഭൂതി, കുര്‍ബാന വസ്ത്രം എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയത് മതപ്രീണന നയം സ്വീകരിച്ച് ധനമന്ത്രി സഭയില്‍ പരിഹാസ്യനായി. ഈ പ്രഖ്യാപനത്തെ ഭരണപക്ഷത്തെ അംഗങ്ങള്‍ പോലും പരിഹാസച്ചിരിയോടെയാണ് വരവേറ്റത്.
ബിയറിനും വൈനിനും പത്ത് ശതമാനം നികുതി കുറച്ച ധനമന്ത്രി, ഇവയല്ലാത്ത മദ്യങ്ങളുടെ നികുതി പത്ത് ശതമാനം കൂട്ടി. ആഢംബര കാറുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ബജറ്റിലുണ്ട്. 500 സിസിയില്‍ മുകളിലുള്ള വാഹനങ്ങള്‍ക്കാണ് വില ഉയരുന്നത്. ഇത്തരം കാറുകള്‍ക്ക് നികുതി എട്ടുശതമാനമാക്കി. ബസുകള്‍ക്കും വില കൂടും. ഡയറക്ട് ടു ഹോം ടിവിക്ക് (ഡിടിഎച്ച്) ആഡംബര നികുതി ഏര്‍പ്പെടുത്തിയതോടെ അവയുടെ വിലയും ഉയരും. കൈകൊണ്ടുണ്ടാക്കുന്ന സോപ്പിന് നാലു ശതമാനമാണ് നികുതി വര്‍ധന. സ്വര്‍ണത്തിന് കോമ്പൗണ്ടിംഗ് നികുതി ഉയര്‍ത്തി. സ്റ്റാമ്പ് ഡ്യൂട്ടിയിലെ സര്‍ച്ചാര്‍ജ് ബജറ്റില്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ ഏഴു ശതമാനവും, മുനിസിപ്പാലിറ്റികളില്‍ എട്ടു ശതമാനവും കോര്‍പ്പറേഷനുകളില്‍ ഒമ്പത് ശതമാനവുമാണ് പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി. എന്നാല്‍ രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും ഉള്‍പ്പടെ പുതുക്കിയ വസ്തു രജിസ്ട്രേഷന്‍ നിരക്ക് ഇപ്രകാരമാണ്: കോര്‍പ്പറേഷന്‍ പരിധിയില്‍ 11 ശതമാനം. നേരത്തെ ഇത് 15.5 ആയിരുന്നു. മുന്‍സിപ്പാലിറ്റികളില്‍ ഇനി 10 ശതമാനമാണ് നിരക്ക്. നിലവില്‍ ഇത് 14.5 ശതമാനമായിരുന്നു. പഞ്ചായത്തുകളില്‍ 12 ശതമാനമായിരുന്ന നിരക്ക് ഒമ്പത് ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഭൂമിയുടെ പുതുക്കിയ ന്യായവില ഏപ്രില്‍ ഒന്നിന് നിലവില്‍വരും.
മൂന്നാര്‍ പട്ടണം ടാറ്റയില്‍നിന്ന് തിരിച്ചെടുക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. നവീന മൂന്നാര്‍ പദ്ധതിക്ക് 20 കോടി വകയിരുത്തി. 125 കോടി മുതല്‍ മുടക്കില്‍ എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങും. കൊച്ചി- പാലക്കാട്, കൊച്ചി- കോഴിക്കോട് വ്യവസായ ഇടനാഴിക്ക് തുടക്കം കുറിക്കും. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി ഇന്‍ഫോ പാര്‍ക്കില്‍ നടപ്പാക്കും. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി. ഇതിനായി 150 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. അതേസമയം ദേശീയ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ നഗരമേഖലയില്‍ പുതിയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. 1000 കോടി രൂപയുടെ ഹരിത ഫണ്ടാണ് ഐസക്കിന്റെ മറ്റൊരു പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഡാമുകളിലെ ചെളിയും മണലും നീക്കം ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ 25 ശതമാനം ഹരിത ഫണ്ടിനായി ഉപയോഗിക്കും.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന് പുതിയ കമ്പനി, ഇതില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരി എന്നിവയും ബജറ്റിലുണ്ട്. വ്യവസായ സംരക്ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയില്‍ മാനേജ്മെന്റ് സ്ഥാപിക്കും. ഇതിനായി ഒരു കോടി വകയിരുത്തി. കൊച്ചി മെട്രോയ്ക്ക് അഞ്ചു കോടിരൂപ വകയിരുത്തി. വൈറ്റില ബസ് ടെര്‍മിനലിന് അഞ്ച് കോടി വകയിരുത്തി. 50,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കായി പുതിയ കമ്പനി ഈവര്‍ഷം രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. |