ജര്‍മനിയെ വീഴ്ത്തി അര്‍ജന്റീന ഒരുങ്ങി

Imageസ്പെയിനും ഇംഗ്ലണ്ടിനും ഹോളണ്ടിനും വിജയം; ഇറ്റലിക്ക്‌ സമനില, ചെക്കിന്‌ തോല്‍വി

മ്യൂണിക്ക്‌: ഡീഗോ മറഡോണയുടെ തന്ത്രങ്ങള്‍ ഒടുവില്‍ ഫലിച്ചു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്‌ കഷ്ടി കടന്നു കൂടിയ അര്‍ജന്റീന പക്ഷെ സന്നാഹമല്‍സരത്തില്‍ കരുത്ത്‌ തെളിയിച്ചു.

 

മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‌ അര്‍ജന്റീന വീഴ്ത്തി. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ ഹിഗെയ്ന്റേതായിരുന്നു വിജയ ഗോള്‍. സ്പെയിന്‍, ഇംഗ്ലണ്ട്‌ എന്നീ ടീമുകളും സന്നാഹ മല്‍സരത്തില്‍ വിജയം കൊയ്തു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ പാരിസീല്‍ നടന്ന പോരാട്ടത്തില്‍ തിരിച്ചു കിട്ടാത്ത രണ്ടു ഗോളുകള്‍ക്ക്‌ ഫ്രാന്‍സിന്റെ കഥ കഴിച്ചു. ഒരു ഗോളിന്‌ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച ഇംഗ്ലണ്ട്‌ ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തിനെ 1-3 ന്‌ തുരത്തി. പീറ്റര്‍ ക്രൗച്ചിന്റെ പ്രകടനമാണ്‌ ഇംഗ്ലണ്ടിന്‌ വിജയം നല്‍കിയത്‌. മറ്റൊരു മല്‍സരത്തില്‍ ഹോളണ്ട്‌ 2-1 ന്‌ അമേരിക്കയെ തോല്‍പ്പിച്ചു. ഡച്ച്‌ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലായിരുന്നു പോരാട്ടം. ഉറുഗ്വേ 3-1 ന്‌ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ വിജയം നേടിയപ്പോള്‍ ലോകചാമ്പ്യന്‍മാരായ ഇറ്റലിയെ മൊണോക്കയില്‍ കാമറൂണ്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.


ഫ്രാന്‍സിനെതിര ആദ്യ പകുതിയില്‍ ഡേവിഡ്‌ വിയയും സെര്‍ജിയോ റാമോസും സ്പെയിന്‌ മുന്‍ തൂക്കം നല്‍കി. ആര്‍ത്തു വിളിക്കുന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം പകുതിയില്‍ ഫ്രാന്‍സ്‌ സമനിലയ്ക്കായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഫ്രഞ്ച്‌ കോച്ച്‌ റെയ്മണ്ട്‌ ഡോമെന്‍ഷിന്റെ മണ്ടന്‍ തീരുമാനങ്ങളും ടീമിനെ പരാജയത്തിലെത്തിക്കുന്നതില്‍ പ്രധാന ഘടകമായി. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പോലൊരു ടീമിനെ തോല്‍പ്പിച്ചത്‌ തങ്ങളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയെന്ന്‌ സ്പാനിഷ്‌ ക്യാപ്റ്റന്‍ ഐക്കര്‍ കാസിലാസ്‌ പറഞ്ഞു. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ ഏറെ വിറപ്പിച്ചു ശേഷമാണ്‌ ഈജിപ്ത്‌ കീഴടങ്ങിയത്‌. ആദ്യ പകുതിയില്‍ മുഹമ്മദ്‌ സിദാന്റെ ഗോളിലൂടെ അവര്‍ മുന്നിലെത്തുകയും ചെയ്തു. ഒടുവില്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളടിച്ച പീറ്റര്‍ ക്രൗച്ച്‌ മല്‍സരം ഇംഗ്ലണ്ടിന്‌ അനുകൂലമാക്കി. ഷോണ്‍ റൈറ്റ്‌ ഫിലിപ്പ്സിന്റെ പാസില്‍ നിന്നായിരുന്നു രണ്ടു ഗോളും.


ജര്‍മനിക്കെതിരെ പകരക്കാരാനായിട്ടായിരുന്നു ഹിഗ്വെയ്ന്റെ രംഗപ്രവേശം. 30 മീറ്റര്‍ അകലെ നിന്നും ഹിഗ്വെയ്ന്‍ കോരിയടിച്ച പന്ത്‌ ജര്‍മന്‍ ഗോളിയുടെ തലയ്ക്കു മുകളിലൂടെ പറന്ന്‌ വലയിലെത്തുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിലേറ്റ തോല്‍വി ജര്‍മനിക്ക്‌ കനത്ത ആഘാതമായി. എന്നാല്‍ അര്‍ജന്റീനയ്ക്കാകട്ടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയം കൂടിയായി. തട്ടിമുട്ടിയാണ്‌ ലോകകപ്പ്‌ ബെര്‍ത്ത്‌ അര്‍ജന്റീന ഉറപ്പിച്ചത്‌. അതേ സമയം ജര്‍മനിക്കെതിരായ വിജയം മറഡോണയുടെയും കുട്ടികളുടെയും കിരീട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്‌. അമേരിക്കയ്ക്കെതിരെ ഡിര്‍ക്ക്‌ ക്യൂട്ടും ക്ലാസ്‌ ജാന്‍ ഹട്ട്ലറും ഹോളണ്ടിനായി ഗോളുകളടിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്റെ ഇരട്ട ഗോളാണ്‌ ഉറുഗ്വേയ്ക്ക്‌ നിഷ്പ്രയാസ ജയം നല്‍കിയത്‌.


ലോകകപ്പിന്‌ അര്‍ഹത നേടിയ സ്ലൊവേനിയ 4-1 ന്‌ ഖത്തറിനെ തകര്‍ത്തപ്പോള്‍ പോര്‍ച്ചുഗല്‍ തിരിച്ചുകിട്ടാത്ത രണ്ടു ഗോളിന്‌ ചൈനയെ പരാജയപ്പെടുത്തി. ആഫ്രിക്കന്‍ വമ്പന്‍മാരായ ഈജിപ്ത്‌ 5-2ന്‌ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ കോംഗോയെ കീഴടക്കി. എന്നാല്‍ ലോകകപ്പിന്‌ ആതിഥേയരാകുന്ന ദക്ഷിണാഫ്രിക്ക ദുര്‍ബലരായ നമീബിയയോട്‌ 1-1 ന്റെ സമനില സമ്മതിച്ചു. കത്ലെഗോ എംഫെലയുടെ ഗോളാണ്‌ ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്‌.
മിഡ്ഫീല്‍ഡര്‍ സ്രാവ്ക്കോ കുസ്മനോവിച്ചിന്റെ തകര്‍പ്പന്‍ പ്രകടനമികവില്‍ സെര്‍ബിയ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്‌ അള്‍ജീരിയയെ തകര്‍ത്തു. ബോസ്നിയയെ 1-2 ന്‌ ഘാന തോല്‍പ്പിച്ചപ്പോള്‍ ഐവറികോസ്റ്റ്‌ 2-0 ത്തിന്‌ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.
മറ്റു മല്‍സരങ്ങളില്‍ ഗ്രീസ്‌ 2-0 ത്തിന്‌ സെനഗലിനെയും സ്ലോവാക്യ ഏകപക്ഷീയമായ ഒരു ഗോളിന്‌ നോര്‍വെയും ഓസ്ട്രിയ 2-1 ന്‌ ഡെന്‍മാര്‍ക്കിനെയും ഹോണ്ടുറാസ്‌ 2-0 ത്തിന്‌ തുര്‍ക്കിയേയും സ്കോട്ട്ലന്‍ഡ്‌ 1-0 ത്തിന്‌ ചെക്ക്‌ റിപ്പബ്ലിക്കിനെയും സ്വീഡന്‍ ഇതേ സ്കോറിന്‌ വെയ്‌ല്‌സിനെയും പരാജയപ്പെടുത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls