വെടക്കാക്കി തനിക്കാക്കി; രണ്ടു രാജ്യസഭാ സീറ്റും സിപിഎം എടുക്കും

Imageസിന്ധു, ബ്രിട്ടാസ്‌, സതീദേവി, പിന്നെ മറ്റൊരു വനിതയും

ജെ അജിത്കുമാര്‍
തിരുവനന്തപുരം:
രാജ്യസഭയിലേക്ക്‌ ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍, ഭരണമുന്നണിക്ക്‌ ജയിക്കാവുന്ന രണ്ടു സീറ്റുകളും സിപിഐഎം സ്വന്തമാക്കും.

ഒരു സീറ്റ്‌ ചോദിച്ച്‌ ഘടക കക്ഷികളില്‍ ഭൂരിപക്ഷവും രംഗത്ത്‌ ഉണ്ടെങ്കിലും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടില്ല. അവരെ തമ്മിലടിപ്പിച്ച്‌, രണ്ടു സീറ്റും സ്വന്തമാക്കുക എന്ന തന്ത്രമാണ്‌ 'വല്യേട്ടന്‍' പ്രയോഗിക്കുന്നത്‌. ഘടകകക്ഷിയായ ആര്‍എസ്പി അവരുടെ അഖിലേന്ത്യ സെക്രട്ടറിയായ പ്രൊഫ. റ്റി ജെ ചന്ദ്രചൂഡനു വേണ്ടി ആവശ്യപ്പെട്ട ഒരു സീറ്റ്‌ നല്‍കാതിരിക്കാന്‍ വേണ്ടി ആവശ്യപ്പെട്ട ഒരു സീറ്റ്‌ നല്‍കാതിരിക്കുന്നതിനായി, കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌) ഗ്രൂപ്പിനേയും, ജനതാദളിനെയും വരെ രംഗത്തിറക്കി, സിപിഎം കളിക്കുന്ന കളി ഫലം കണ്ടുവരുന്നു. ഘടകകക്ഷികളുടെ ആവശ്യം എന്തായിരുന്നാലും അത്‌ അംഗീകരിക്കേണ്ടതില്ല എന്ന നിലപാട്‌ സ്വീകരിച്ച്‌, സിപിഎം അവരുടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനത്തിലേക്കെത്തുകയാണ്‌.


മുന്‍കാല എസ്‌ എഫ്‌ ഐ നേതാവും, ഡിവൈഎഫ്‌ഐ ഭാരവാഹിയുമായ സിന്ധുജോയിക്കു വേണ്ടി കനത്ത സമ്മര്‍ദ്ദം തന്നെയാണ്‌ ഒരു വിഭാഗം നേതാക്കന്മാര്‍ ചെലുത്തിയത്‌. പാര്‍ട്ടി യുവജന സംഘടനയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായ പി. ശ്രീരാമകൃഷ്ണനെപ്പോലും ഒഴിവാക്കിയാണ്‌ സിന്ധു സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ കടന്നു കൂടിയത്‌. അവസാനംവരെ അവര്‍ പരിഗണനയിലുണ്ടാകും. മറ്റൊരു സ്ഥാനാര്‍ത്ഥി വീണ്ടും മാധ്യമ രംഗത്തു നിന്നാണ്‌. 'കൈരളി' ചാനലിന്റെ മാനേജിംഗ്‌ ഡയറക്ടറായ ജോണ്‍ ബ്രിട്ടാസ്‌ ആണ്‌ രാജ്യസഭയിലേക്ക്‌ സിപിഎം ഗൗരവമായി പരിഗണിക്കുന്ന ഒരാള്‍. ബ്രിട്ടാസിനു വേണ്ടി ഡല്‍ഹി കേന്ദ്രീകരിച്ച്‌ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ചരടുവലികളാണ്‌ നടന്നത്‌. ഡല്‍ഹി ഓപ്പറേഷന്‌ ചുക്കാന്‍ പിടിച്ചത്‌ ഒരു വിദേശ മലയാളി ബിസിനസ്‌ പ്രമുഖനാണെന്നും സൂചനയുണ്ട്‌. വിവാദ നായകനുമാണദ്ദേഹം. ഒരു പ്രത്യേക പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഈ വ്യക്തിയോടുള്ള തന്റെ വെറുപ്പ്‌ പ്രകടിപ്പിക്കുക വഴി അദ്ദേഹം ഏറെക്കാലം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയുണ്ടായി. ഈ എന്‍ആര്‍ഐ ബിസിനസ്സുകാരന്റെ കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങുകയാണ്‌ സിപിഎം സംസ്ഥാന നേതൃത്വം. ഇവിടെ നഷ്ടം സംഭവിച്ചത്‌ 'കൈരളി' ചാനലിന്റെ തന്നെ ന്യൂസ്‌ ഡയറക്ടറും കവിയുമായ പ്രഭാവര്‍മ്മയ്ക്കാണ്‌. അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ്‌ എന്ന മോഹത്തിന്റെ 'അര്‍ക്കന്‍' 'പൂര്‍ണിമ' യിലെത്തുന്നില്ല, തല്‍ക്കാലം.


വടകര ലോക്സഭാ മണ്ഡലത്തില്‍ ജയിക്കുകയും, ഏറ്റവുമൊടുവില്‍ പരാജയപ്പെടുകയും ചെയ്ത പി. സതീദേവിയും പരിഗണന പട്ടികയിലുണ്ട്‌. പക്ഷേ അവരുടെയും സാദ്ധ്യത തീരെ പരുങ്ങലിലാണ്‌. ആരെയൊക്കെയോ ബോധിപ്പിക്കാനും പരിഗണിച്ചു എന്ന്‌ വരുത്തി തീര്‍ക്കാനും അവരുടെ പേരും എഴുതി ചേര്‍ത്തു, അത്ര തന്നെ. ഇനി ഈ പറഞ്ഞ പേരുകാരെ കൂടാതെ പാര്‍ട്ടിയിലെ മറ്റൊരു പ്രബല വനിതാ നേതാവും സിപിഎമ്മിന്റെ അന്തിമ പരിഗണനയില്‍ ഉണ്ട്‌. പാര്‍ട്ടി രണ്ടു സീറ്റും എടുക്കുന്നു. ജോണ്‍ ബ്രിട്ടാസിനും അവസാനം സൂചിപ്പിച്ച ഈ വനിതാ നേതാവിനുമായി നല്‍കുന്നു. രാജ്യസഭയില്‍ ഇപ്പോള്‍ തന്റെ രണ്ടാമത്തെ ടേം അവസാനിപ്പിക്കുന്ന എ വിജയരാഘവന്‍ ഔട്ട്‌; ആര്‍എസ്പി അഖിലേന്ത്യാ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ അതിനും മുന്‍പേ തന്നെ ഔട്ട്‌.
ആര്‍എസ്പിയുടെ ആവശ്യം അംഗീകരിക്കുന്നതല്ല എന്ന്‌ അതിന്റെ നേതാക്കന്‍മാരോട്‌ നേരിട്ട്‌ തന്നെ അറിയിച്ച സിപിഎം നേതൃത്വം, പക്ഷേ ഒരു കുസൃതി കൂടി ഒപ്പിച്ചു- ഇന്നോ നാളെയോ ഇടതു മുന്നണി വിടാന്‍ വെമ്പി നില്‍ക്കുന്ന ജോസഫ്‌ ഗ്രൂപ്പ്‌ കേരള കോണ്‍ഗ്രസ്‌, ഒരു പാര്‍ട്ടി പിളര്‍ന്ന്‌ അര പാര്‍ട്ടിപോലും അല്ലാതെ വല്ലാതങ്ങ്‌ ചുരുങ്ങിയ ജനതാദള്‍; അവരെക്കൊണ്ടും ചോദിപ്പിച്ചു, ഒരു രാജ്യസഭ സീറ്റ്‌. അതിപ്പോള്‍ അവര്‍ക്കുമില്ല, ഇവര്‍ക്കുമില്ല, മറ്റവര്‍ക്കുമില്ല. രണ്ടു സീറ്റും ഞങ്ങള്‍ അങ്ങ്‌ എടുക്കുന്നു; ആരുണ്ടിവിടെ ചോദിക്കാന്‍ ?


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls