|
അടുത്ത ദശകത്തില്‍ ഭാരതം സമ്പൂര്‍ണ്ണ വികസിതമാകും: അബ്ദുള്‍ കലാം |
|
തിരുവനന്തപുരം: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഭാരതം സമ്പൂര്‍ണ വികസിതമായി ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തുമെന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു.
ഇനി വരുന്ന ദശകം ഇന്ത്യയുടേതാണ്, 2020 ആകുമ്പോഴേക്കും വികസിത രാജ്യങ്ങളുടെ ശ്രേണിയില്‍ നമ്മള്‍ ഉണ്ടാകും, അദ്ദേഹം പറഞ്ഞു. ഇവിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പെയിസ് സയന്‍സ് ആന്റ് ടെക്നോളജി സംഘടിപ്പിച്ച 'കോണ്‍ഷിയന്‍ഷ്യാ-2010' എന്ന ശാസ്ത്ര സാങ്കേതിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു, സ്ഥാപനത്തിന്റെ ചാന്‍സിലര്‍ കൂടിയായ മുന്‍ രാഷ്ട്രപതി. നഗരവും ഗ്രാമവും തമ്മിലും , ഉള്ളവനും ഇല്ലാത്തവനും തമ്മിലും, ഉള്ള അന്തരം നേര്‍ത്തു വരും. കൃഷിയും വ്യവസായവും പരസ്പര പൂരകങ്ങളാവും, എല്ലാവര്‍ക്കും ശുദ്ധജലവും വൈദ്യതിയും ലഭ്യമാകും. ആരോഗ്യമേഖല ഉന്നത നിലവാരം പ്രാപിക്കും, ഭയത്തിന്റേയും അക്രമത്തിന്റേയും അന്തരീക്ഷം അപ്രത്യക്ഷമാവും, ഭരണ സംവിധാനം സുതാര്യവും അഴിമതി രഹിതവും ഉത്തവാദിത്വമേറിയതുമായി മാറും; ഇവയൊന്നും അസാധ്യമല്ല. ഇനി വരുന്ന വര്‍ഷങ്ങളില്‍ ഇവയൊക്കെ സാധിതമാക്കാന്‍ കഴിയണം, കഴിയും. അങ്ങനെ ഇന്ത്യ പുരോഗതിയിലേക്ക് കുതിച്ച് അതിവേഗം അതിന്റെ ലക്ഷ്യത്തിലെത്തും, അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ അധിവസിക്കുന്നത് ആറു ലക്ഷം ഗ്രാമങ്ങളിലായാണ്. അവയുടെ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കുമായി അഞ്ചിന നിര്‍ദ്ദേശങ്ങളും കലാം മുന്നോട്ട് വച്ചു. 'പ്രൊവൈഡിംഗ് അര്‍ബന്‍ ആന്റ് റൂറല്‍ അമിനിറ്റീസ്' (പി.യു.ആര്‍.എ- പുര)എന്ന തന്റെ സ്വപ്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുന്നോട്ടു വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് വിജ്ഞാനത്തിന്റെ നൂറ്റാണ്ടാണ്. വിജ്ഞാനം, തേടാനും നേടാനും പങ്കുവക്കാനും ഉള്ളതാണ്. ഇന്നലത്തെ സാങ്കേതിക വിദ്യ ഇന്ന് ഫലപ്രദമാകണമെന്നില്ല; പുതിയവ നേടണം. അവ രാജ്യ നന്മയക്കായി പ്രയോഗിക്കണം. പുതിയ തലമുറക്ക് ഈ മേഖലയില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. സത്യസന്ധതയും ധൈര്യവും വിജ്ഞാനവും ചേര്‍ന്നാല്‍ ജീവിത വിജയം സുനിശ്ചിതമാകും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ബി.എന്‍ സുരേഷ്, വി.എസ്.എസ്.സി ഡയറക്ടര്‍ പി.എസ്. വീരരാഘവന്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ തുമ്പയില്‍ നടന്ന പരിപാടിയില്‍ സന്നിഹിതരായിരുന്നു.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നാലു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായുള്ള ശാസ്ത്ര പ്രദര്‍ശനവും മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. |