ബസ്‌ ചാര്‍ജ്‌ വര്‍ധന: ഔദ്യോഗിക പ്രഖ്യാപനമായി

Image11 മുതല്‍ അനിശ്ചിതകാല സമരമെന്ന്‌ ബസ്‌ ഉടമകള്‍

തിരുവനന്തപുരം: ബസ്‌ യാത്രാനിരക്ക്‌ വര്‍ധന ഇന്നലെ ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക്‌ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവില്ല. അതേസമയം ഇന്ധനവില വര്‍ധനവിന്‌ ആനുപാതികമായല്ല ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാരോപിച്ച്‌ സ്വകാര്യ ബസുടമകള്‍ ഈ മാസം 11-മുതല്‍ അനിശ്ചിതകാല പണിമുടക്കിന്‌ ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ നിരക്ക്‌ വര്‍ദ്ധിപ്പിക്കുക, മിനിമം ചാര്‍ജ്‌ അഞ്ചുരൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ്ജ്‌ 60 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ്‌ ബസുടമകളുടെ പരാതി.
ഇന്നലെ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ നേരത്തേ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോവേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.
സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ 40 ശതമാനവും വിദ്യാര്‍ത്ഥികളാണെന്നും ഇവര്‍ക്ക്‌ നല്‍കിവരുന്ന കണ്‍സഷന്‍ കുറയ്ക്കണമെന്നും ബസുടമകള്‍ പറഞ്ഞു. ബസ്‌ ചാര്‍ജ്‌ കിലോമീറ്ററിന്‌ 52 പൈസയില്‍നിന്ന്‌ 55 പൈസയാക്കിയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌.


ഇത്‌ 60 പൈസയാക്കണം. സര്‍ക്കാരിന്‌ മുന്നില്‍വച്ച ആവശ്യങ്ങളില്‍ അനുകൂല നിലപാട്‌ ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെന്ന്‌ സംയൂക്ത സമിതി നേതാക്കള്‍ വ്യക്തമാക്കി. ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ച്‌ നിയമസഭയില്‍ മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്‌ പിന്നാലെയാണ്‌ ബസുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ഏഴു സംഘനടകള്‍ അടങ്ങിയ സംയുക്ത സമരസമിതി സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പുതുക്കിയ നിരക്ക്‌ അനുസരിച്ച്‌ ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ്‌ മൂന്നരയില്‍ നിന്ന്‌ നാലു രൂപയാകും. കിലോമീറ്ററിന്‌ 52 പൈസയായിരുന്നത്‌ 55 പൈസയാക്കി. ഫാസ്റ്റ്‌ പാസഞ്ചറിന്റെ മിനിമം നിരക്ക്‌ നാലര രൂപയില്‍ നിന്ന്‌ അഞ്ചു രൂപയാക്കി.
കിലോമീറ്ററിന്‌ 55 പൈസയില്‍ നിന്ന്‌ 57 പൈസയാക്കി. സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്ക്‌ ഇനി മുതല്‍ 10 രൂപയായിരിക്കും. ഇപ്പോള്‍ എട്ടു രൂപയാണ്‌. കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 60 ആക്കി. സൂപ്പര്‍ എക്സ്പ്രസിന്റെ മിനിമം നിരക്ക്‌ 10 രൂപയില്‍ നിന്നു 15 ആക്കാനാണു തീരുമാനം. കിലോമീറ്റര്‍ നിരക്ക്‌ 62 പൈസയില്‍ നിന്ന്‌ 65 ആകും. ഡീലക്സ്‌ ബസിന്റെ മിനിമം നിരക്ക്‌ 20 രൂപയായി തുടരും.


എന്നാല്‍ കിലോമീറ്റര്‍ നിരക്ക്‌ 72 പൈസയില്‍ നിന്ന്‌ 75 ആക്കി ഉയര്‍ത്തിയിട്ടുണ്ട്‌. വോള്‍വോ അല്ലാത്ത എസി ബസുകളുടെ മിനിമം നിരക്കിലും മാറ്റമില്ല. ഇപ്പോഴത്തെ 20 രൂപ തുടരും. എന്നാല്‍ കിലോമീറ്റര്‍ നിരക്ക്‌ 85 പൈസയില്‍ നിന്ന്‌ 90 പൈസയാകും. വോള്‍വോയുടെ മിനിമം നിരക്ക്‌ 30 രൂപയായി നിലനിര്‍ത്തി. എന്നാല്‍ കിലോമീറ്റര്‍ നിരക്ക്‌ 1.05 രൂപയില്‍ നിന്ന്‌ 1.10 ആകും.ഓട്ടോറിക്ഷ, ടാക്സി എന്നിവയുടെ മിനിമം നിരക്കില്‍ മാറ്റമില്ല. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക്‌ 10 രൂപയായി തുടരുമെങ്കിലും ഇത്രയും രൂപയ്ക്കു യാത്ര ചെയ്യാവുന്ന ദൂരപരിധി കുറച്ചിട്ടുണ്ട്‌. നിലവില്‍ 1.6 കിലോമീറ്റര്‍ വരെ മിനിമം നിരക്കില്‍ യാത്ര ചെയ്യാമായിരുന്നത്‌ 1.25 കിലോമീറ്ററായി കുറച്ചു. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ആറു രൂപ വീതം നല്‍കണം. ടാക്സിയുടെ മിനിമം നിരക്കായ 50 രൂപ തുടരും. മിനിമം നിരക്കിനു മൂന്നു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. എന്നാല്‍ തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഏഴര രൂപ വീതം നല്‍കണം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls