കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നിയമവും പരശുരാമന്റെ കോടാലിയും

Imageഡോ.എം.എസ്‌.ജയപ്രകാശ്‌

കമ്യൂണിസ്റ്റുകാരുടെ ഭൂപരിഷ്കരണ നിയമത്തെച്ചൊല്ലി അതിന്റെ 'രാജശില്‍പികള്‍' തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പുറത്തുവരുന്നത്‌ ഇ.എം.എസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഭൂപരിഷ്കരണം എന്ന വഞ്ചനയുടെ കഥയാണ്‌.

വി.ആര്‍. കൃഷ്ണയ്യരും കെ.ആര്‍.ഗൗരിയമ്മയും വിഴുപ്പലക്കുമ്പോള്‍ ഞെട്ടുന്നത്‌ പരശുരാമകേരളമാണെന്ന കാര്യം ചരിത്രകുതുകികള്‍ക്ക്‌ ഹരംപകരുന്ന കാര്യമാണ്‌. കുടികിടപ്പുകാര്‍ മാത്രമല്ല കൃഷ്ണയ്യരെ എട്ടുകാലി മമ്മൂഞ്ഞിനോട്‌ ഉപമിക്കുന്ന ഗൗരിയമ്മയും വഞ്ചിക്കപ്പെട്ടു എന്നുതന്നെ കരുതണം. "24 മണിക്കൂര്‍ കൊണ്ട്‌ ഞാന്‍ നിയമം എഴുതി തയ്യാറാക്കി. റവന്യൂ മന്ത്രി ആയതിനാല്‍ ഗൗരിയമ്മ അത്‌ നിയമസഭയില്‍ അവതരിപ്പിച്ച്‌ പ്രസംഗിച്ചുവെന്നേയുള്ളൂ" എന്നാണ്‌ കൃഷ്ണയ്യര്‍ പറഞ്ഞിരിക്കുന്നത്‌. ഭൂപരിഷ്കരണം പോലെ സങ്കീര്‍ണ്ണമായ ഒരു പ്രവ്യത്തിക്ക്‌ 24 മണിക്കൂര്‍ മതിയെന്ന്‌ പറയുന്നതിലെ യുക്തിരാഹിത്യം ചിന്തിക്കാവുന്നതേയുള്ളൂ.എന്നാല്‍ ഇത്‌ 'വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. ഭൂപരിഷ്കരണ നിയമത്തിന്‌ 24 മണിക്കൂര്‍ കൂടുതലാണെന്നു വേണം കരുതാന്‍! കാരണം കേരളം എന്ന ഭൂമി (ഭാര്‍ഗ്ഗവക്ഷേത്രം) സൃഷ്ടിക്കാന്‍ ഒരു സെക്കന്റു മാത്രമേ എടുത്തുള്ളൂ! പരശുരാമന്‌ മഴു എറിയാന്‍ എടുത്ത സമയം എത്രയെന്ന്‌ ഊഹിച്ചാല്‍ മതി. ഒരു സെക്കന്റില്‍ കടലില്‍ നിന്നുയര്‍ന്ന ഭൂമിയില്‍ പരിഷ്കരണത്തിന്‌ 24 മണിക്കൂര്‍ എടുത്തത്‌ ജാസ്തി സമയമെന്നു വേണം കരുതാന്‍. പില്‍ക്കാലത്ത്‌ ഭൂപരിഷ്ക്കരണം അനിവാര്യമാക്കിയത്‌ ഈ 'കേരളപ്പിറവി'യാണെന്ന കാര്യം ചരിത്രകുതുകികള്‍ക്ക്‌ കാണാതിരിക്കാന്‍ കഴിയില്ല.


പരശുരാമന്‌ മുമ്പുവന്ന അവതാരമാണല്ലൊ വാമനന്‍. വാമനന്‍ വരുമ്പോള്‍ ഈ നാടുണ്ടായിരുന്നല്ലൊ; മാവേലിനാട്‌. എല്ലാ പേര്‍ക്കും തുല്യാവകാശമുണ്ടായിരുന്ന സമത്വസുന്ദരമായ നാട്‌. ആ നാടിനെ പിന്നീട്‌ വന്ന പരശുരാമന്‍ സൃഷ്ടിക്കുന്നതെങ്ങിനെ? ഉണ്ടായിരുന്നതിനെ വീണ്ടും സൃഷ്ടിക്കാനാവില്ലല്ലൊ! പരിവര്‍ത്തനം ചെയ്യാനേ കഴിയൂ. പരശുരാമ കഥ പറയുന്നതും അതു തന്നെയാണ്‌. വാമനിര തുടങ്ങുന്ന വ്യവസ്ഥിതി മാറ്റം (ആര്യവല്‍ക്കരണം) പൂര്‍ത്തീകരിച്ചത്‌ പരശുരാമനായിരിക്കണം. വാമനന്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്‌ ചേരനാടാണ്‌, അതിനെ ചാതുര്‍വര്‍ണ്യകേരളമാക്കുകയാണ്‌ പരശുരാമന്‍ വഹിച്ച പങ്ക്‌. ഈ അര്‍ത്ഥത്തില്‍ ചേരത്തില്‍നിന്നും "കേരളം സൃഷ്ടിച്ചത്‌" പരശുരാമന്‍ തന്നെ; 'ചേര'ത്തിന്റെ സംസ്കൃത ഭാഷാന്തരമാണ്‌ 'കേരം'. തെങ്ങുമായി അതിനു ബന്ധമില്ല. ഒന്‍പതാം നൂറ്റാണ്ടിന്റെ ആര്യവല്‍ക്കരണത്തിന്റെ ഫലമായി സംസ്കൃതം വന്നശേഷമാണ്‌ ആ ഭാഷയില്‍ തെങ്ങിനെ കേരവൃക്ഷമാക്കുന്നത്‌. അതിനുമുമ്പും തെങ്ങുണ്ട്‌ ഈ നാടുമുണ്ട്‌, അത്‌ 'തെങ്ങളം' ആയതുമില്ല! "കേരളത്തെ" സൃഷ്ടിച്ചത്‌ പരശുരാമന്‍ തന്നെ; എന്നാല്‍ ഇത്‌ എല്ലാപേരുടെയും സ്വന്തമായ ചേരനാടായിരുന്നു.

 

ചേരനാട്ടില്‍ പുലയന്‍ പുലത്തിന്റെ (നിലത്തിന്റെ) ഉടമയായിരുന്നു, കേരളത്തില്‍ പുലത്തിന്റെ അടിമയായി. മാത്രമല്ല ഭൂമി ദേവസ്വവും ബ്രഹ്മസ്വവുമായി തീര്‍ന്നു. യഥാര്‍ത്ഥ ഭൂഉടമകള്‍ അവരുടെ ഭൂമിയില്‍ നിന്ന്‌ ആട്ടിപ്പായിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിന്റെ ചരിത്രം അന്വേഷിക്കേണ്ടത്‌ ഇവിടെയാണ്‌. അന്ന്‌ ദേവസ്വവും ബ്രഹ്മസ്വവും ആയെങ്കില്‍ ഇന്ന്‌ മൂന്നാറിലും മറ്റും ഭൂമി 'മാര്‍ക്സിസ്വവും' 'ലെനിനിസ്വ'വുമായിക്കൊണ്ടിരിക്കുന്നു. ആദിവാസികളും ദലിതരും ഭൂരഹിതരായി അലയുന്നു. ശവമടക്കുന്നത്‌ കുടിലുകളിലെ അടുക്കളയിലായിരിക്കുന്നു. 'പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്ക്‌ ആകാശമുണ്ട്‌, മനുഷ്യപുത്രന്‌ തലചായ്ക്കാന്‍ മണ്ണില്‍ ഇടമില്ല.' സി.പി.എമ്മിനാകട്ടെ 'പുതിയ ആകാശവും പുതിയ ഭൂമിയും' സ്വന്തം! ഒപ്പം തടയണകളും!!'ദേവസ്വം പിന്നീട്‌ ബ്രഹ്മസ്വമാകുകയും (ബ്രാഹ്മണര്‍ക്കുമാത്രം സ്വന്തമായത്‌) അത്‌ 'ജന്മം' അഥവാ ജന്മാവകാശമായി മാറുകയും ചെയ്തു. തുടര്‍ന്ന്‌ ഉപരിവര്‍ഗ്ഗത്തിന്റെ സ്വകാര്യ സ്വത്തായി ഭൂമി മാറി. മണ്ണിന്റെ മക്കള്‍ ഇവരുടെ ജംഗമവസ്തുക്കളും. ഭൂമിക്കൊപ്പം അവരെയും വാങ്ങാം, വില്‍ക്കാം. (പ്രൊഫ. ദത്തന്‍ നമ്പൂതിരിയുടെ ഖിലാഫത്ത്‌ സ്മരണകള്‍ എന്ന കൃതി നോക്കുക)
ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം
എന്ന തത്വം നടപ്പായി. ലോകം മുഴുവന്‍ ദൈവത്തിന്റെ അധീനതയിലാണ്‌, ആ ദൈവമോ, മന്ത്രത്തിന്റെ അധീനതയിലും, മന്ത്രമോ, ബ്രാഹ്മണരുടെ അധീനതയിലും. അതിനാല്‍ ബ്രാഹ്മണരാണ്‌ കാണപ്പെട്ട ദൈവം എന്നാണ്‌ ഈ തത്വത്തിന്റെ അര്‍ത്ഥം.

 

ഇ.എം.എസും കൃഷ്ണയ്യരും കമ്യൂണിസത്തിന്റെ മറവില്‍ ഈ പഴയ തത്വത്തെ മുറുകെ പിടിച്ചുതന്നെയാണ്‌ ഭൂപരിഷ്കരണ നിയമം ഉണ്ടാക്കിയത്‌. 1957 ല്‍ തുടങ്ങിയ നിയമനിര്‍മ്മാണം 1967 ല്‍ കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കാന്‍ ശ്രമിച്ചുവെന്നാണല്ലോ ഗൗരിയമ്മ പറയുന്നത്‌. കൃഷ്ണയ്യര്‍ തയ്യാറാക്കിയതായി പറയുന്ന നിയമത്തിലെ വകുപ്പുകള്‍ക്ക്‌ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ്‌ കൃഷ്ണയ്യരുടെ തന്നെ വാദഗതികള്‍ തെളിയിക്കുന്നത്‌. കുടികിടപ്പുകാര്‍ക്ക്‌ ഭൂമി കൊടുക്കാതിരിക്കാന്‍ ഉള്ള വകുപ്പുകളാണ്‌ അധികവും അതിലുണ്ടായിരുന്നത്‌. ശുദ്ധഗതിക്കാരിയായ ഗൗരിയമ്മയുണ്ടോ ഇ.എം.എസ്‌-കൃഷ്ണയ്യര്‍ തന്ത്രമറിയുന്നു. മിച്ചഭൂമി വിട്ടുകൊടുക്കാതെ തുളസിത്തറ ട്രസ്റ്റുണ്ടാക്കി കൃഷ്ണയ്യര്‍ ഭൂമി സ്വന്തമാക്കിയെന്നും ആ നാണക്കേടില്‍ നിന്നും കൃഷ്ണയ്യരെ 'പബ്ലിക്‌ ട്രസ്റ്റ്‌' എന്ന വാക്കിലൂടെ രക്ഷപ്പെടുത്തിയെന്നുമാണല്ലോ ഗൗരിയമ്മ തുറന്നടിച്ചിരിക്കുന്നത്‌. ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ ഇതിനുള്ള നന്ദിയൊന്നും കൃഷ്ണയ്യരോ ഇ.എം.എസ്സോ കാണിച്ചതുമില്ല. 'ബ്രാഹ്മണോ മമ ദൈവതം' എന്ന തത്വം അപ്പോഴേക്കും കാള്‍മാര്‍ക്സിനും യോജിക്കുന്നതായികാണും. മാര്‍ക്സിനും പൂണൂലണിയിക്കുകയാണ്‌ ഇ.എം.എസ്‌ ചെയ്തത്‌. 'പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ' വി.ടി.ഭട്ടതിരിപ്പാട്‌ പിന്‍തിരിപ്പനുമായി. മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേയ്ക്കുള്ള ദൂരവും അരികെയായി!

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls