തികഞ്ഞ അനീതിയാണ്‌ യാത്രാക്കൂലി വര്‍ധന

Imageസ്‌ യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചുകൊണ്ട്‌ ഗതാഗതമന്ത്രി ജോസ്‌ തെറ്റയില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഒരു യുക്തിയും നീതിബോധവും നിഴലിക്കാത്ത വര്‍ധനയാണ്‌ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌.

വര്‍ധിപ്പിച്ച നിരക്കുകള്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‌ മന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. ഈ അനീതിയോട്‌ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന്‌ പരിശോധിക്കുകയാകാം സര്‍ക്കാര്‍.
സംസ്ഥാനത്ത്‌ ബസ്‌ യാത്രാക്കൂലി കൂട്ടാന്‍ സര്‍ക്കാരിന്റെ കൈ തരിച്ചുതുടങ്ങിയിട്ട്‌ ആഴ്ചകള്‍ പലതുകഴിഞ്ഞു. സ്വകാര്യ ബസ്‌ ഉടമകളെ രണ്ടുമാസം മുമ്പ്‌ സമരരംഗത്ത്‌ ഇറക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ അവകാശത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെട്ടതുകൊണ്ട്‌ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതില്‍ നിന്ന്‌ സര്‍ക്കാരും ബസ്‌ ഉടമകളും തല്‍ക്കാലം പിന്‍വാങ്ങി. എന്നാല്‍ ബസ്‌ യാത്രാക്കൂലി വര്‍ധിപ്പിക്കേണ്ടിവരുമെന്ന്‌ ഗതാഗതമന്ത്രി തന്നെ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ബസ്‌ മുതലാളിമാരുടെ താല്‍പര്യത്തിനുവേണ്ടി ജനങ്ങളെ മറന്നും വാദിക്കുന്ന സര്‍ക്കാരിന്റെ സമീപനം സംശയാസ്പദമായിരുന്നു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ പഠനറിപ്പോര്‍ട്ട്‌ എന്ന നിലയില്‍ മുതലാളിമാരെ സഹായിക്കാന്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളെ ചാരിയാണ്‌ സര്‍ക്കാരും ബസ്‌ ഉടമകളും യാത്രക്കൂലി ഉയര്‍ത്താന്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്‌.

 

ജനവികാരം പ്രതിഫലിപ്പിച്ചുകൊണ്ട്‌ പൊതുമാധ്യമങ്ങള്‍ ഈ അനീതിയെ ചോദ്യം ചെയ്തതിനാലും കോടതിയുടെ ഉത്തരവ്‌ നിലനില്‍ക്കുന്നതിനാലും ബസ്‌ യാത്രാക്കൂലി കൂട്ടാന്‍ സര്‍ക്കാരിന്‌ ധൈര്യം വന്നില്ല. യാത്രാക്കൂലി ഉയര്‍ത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന്‌ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല നിലവിലുള്ള നിരക്ക്‌ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തോതിലുള്ളതാണ്‌. അതില്‍ വീണ്ടും വര്‍ധനവ്‌ അനുവദിക്കുന്നതിന്‌ മുമ്പ്‌ ഫെയര്‍ സ്റ്റേജ്‌ നിര്‍ണയത്തില്‍ നിലനില്‍ക്കുന്ന അപാകത പരിഹരിച്ച്‌ ജനങ്ങള്‍ ഇപ്പോള്‍ വഹിക്കുന്ന അമിതകൂലിഭാരം കുറയ്ക്കണമെന്നും ഇതേക്കുറിച്ച്‌ ശാസ്ത്രീയമായി പഠിച്ചവര്‍ ആവശ്യപ്പെട്ടു. ഇതൊക്കെക്കൊണ്ട്‌ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കേന്ദ്ര വാര്‍ഷിക ബജറ്റില്‍ ഇന്ധനത്തിന്റെ സര്‍ച്ചാര്‍ജ്‌ ഒരുരൂപ കൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും അന്നേദിവസം തന്നെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതോടെ കേരളത്തില്‍ ബസ്‌ യാത്രാക്കൂലി ഉയര്‍ത്താന്‍ വെമ്പിനിന്ന സര്‍ക്കാരിന്‌ സന്തോഷമായി. ഒരുദിവസം സര്‍ക്കാര്‍ ഒത്താശയോടെ മോട്ടോര്‍ വാഹന പണിമുടക്കും കടയടപ്പ്‌ ഹര്‍ത്താലും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചശേഷം പിറ്റേന്ന്‌ ഉയര്‍ന്ന യാത്രാക്കൂലി പ്രഖ്യാപിക്കുകയായിരുന്നു.

 

ഇതെല്ലാമൊരു ഒത്തുകളിയാണെന്ന കാര്യം സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാകും. ജനങ്ങള്‍ കഷ്ടപ്പെട്ടാലും മുതലാളിമാര്‍ നന്നാകട്ടെന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ ഇതില്‍ സങ്കോചമൊന്നും ഉണ്ടാകില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതുകൊണ്ടുമാത്രം ബസ്‌ യാത്രാക്കൂലി ഇത്രത്തോളം ഉയര്‍ത്തേണ്ട കാര്യമൊന്നുമില്ല. ദക്ഷിണേന്ത്യയിലെ വേറൊരു സംസ്ഥാനത്തും യാത്രാനിരക്ക്‌ ഉയര്‍ത്തിയിട്ടില്ല. കേരളത്തിലെ നിലവിലുള്ള നിരക്കിലും നേര്‍പകുതിയാണ്‌ തമിഴ്‌നാട്ടില്‍ ബസ്‌ യാത്രയ്ക്ക്‌ ജനങ്ങള്‍ നല്‍കേണ്ടിവരുന്നത്‌. അവിടെ മിനിമം നിരക്ക്‌ ഇപ്പോഴും രണ്ടുരൂപയാണ്‌. അതില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന്‌ അവിടുത്തെ മുഖ്യമന്ത്രി ഗതാഗതമന്ത്രിയോട്‌ ആവശ്യപ്പെട്ടുകഴിഞ്ഞു. ആന്ധ്രയിലും കര്‍ണാടകത്തിലും കേരളത്തിലെ നിരക്കിനേക്കാള്‍ ബസ്‌ യാത്രാക്കൂലി വളരെ കുറവാണ്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനമൂലം യാത്രാനിരക്ക്‌ പുതുക്കി നിശ്ചയിക്കണമെന്ന്‌ അവിടുത്തെ ബസ്‌ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തല്‍ക്കാലം വര്‍ധിപ്പിക്കില്ലെന്ന്‌ ആ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

 

നിലവില്‍ അമിതകൂലി വാങ്ങുന്ന കേരളത്തിലെ ബസ്‌ ഓപ്പറേറ്റര്‍മാര്‍ നേരത്തെതന്നെ സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ പേരില്‍ ഇപ്പോള്‍ ചാര്‍ജ്‌ വര്‍ധനവ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. മോങ്ങാനിരുന്ന സര്‍ക്കാരിന്റെ തലയില്‍ തേങ്ങ വീണെന്ന കാരണം മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. നേരത്തെതന്നെ ബസ്‌ യാത്രാനിരക്ക്‌ കൂട്ടാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക്‌ ഇന്ധനവിലവര്‍ധന ഒരു കാരണമായെന്നുമാത്രം. ജനങ്ങളോട്‌ തരിമ്പെങ്കിലും അനുകമ്പയുണ്ടായിരുന്നെങ്കില്‍ ഈ വര്‍ധനയില്‍നിന്ന്‌ സര്‍ക്കാരിന്‌ പിന്‍വാങ്ങാന്‍ കഴിയുമായിരുന്നു. യാത്രാക്കൂലി നിരക്ക്‌ അമിതമായി കൂട്ടിയിട്ടും സംസ്ഥാനത്തെ ബസ്‌ ഉടമകള്‍ തൃപ്തരല്ല. ഈ മാസം പതിനൊന്നാംതീയതി മുതല്‍ അവര്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങുമെന്ന്‌ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്‌. വര്‍ധിപ്പിച്ച നിരക്ക്‌ പോരെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യം പുതുക്കി നിശ്ചയിക്കണമെന്നും മറ്റുമാണ്‌ ബസ്‌ ഉടമകളുടെ ആവശ്യം. ജനങ്ങളുടെ ആവശ്യം വിസ്മരിച്ച സര്‍ക്കാര്‍ മുതലാളിമാരുടെ താല്‍പര്യം അനുഭാവത്തോടെ പരിഗണിച്ചേക്കാം.


പുതുക്കിയ യാത്രാക്കൂലി നിരക്ക്‌ എന്നുമുതല്‍ നിലവില്‍വരുമെന്ന്‌ പറഞ്ഞിട്ടില്ല. എന്ന്‌ ബാധകമായാലും ഫെയര്‍ സ്റ്റേജ്‌ നിര്‍ണയത്തിലെ പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ഹ്രസ്വ യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും നല്‍കേണ്ടിവരുന്ന നിരക്കിലെ അന്തരവും പൊരുത്തമില്ലായ്മയും നാട്ടില്‍ നിരന്തര സംഘര്‍ഷത്തിന്‌ ഇടയാക്കും. ബസ്‌ തൊഴിലാളികളും യാത്രക്കാരും തമ്മില്‍ ഏറ്റുമുട്ടാനും ഇടവരും. മുതലാളിമാരെ സഹായിക്കുന്നതിനിടയില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. പുതിയ നിരക്ക്‌ പ്രാബല്യത്തില്‍ വരുംമുമ്പ്‌ കുറഞ്ഞപക്ഷം ഇത്തരം അപാകതകള്‍ ദൂരീകരിക്കേണ്ടതാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls