സ്കോളര്‍ഷിപ്പ്‌ തുക ബാങ്കിലിട്ട്‌ പലിശ വാങ്ങുന്ന സര്‍ക്കാര്‍

Imageഴകളുടെ വിമോചനം സി.പി.എം വാക്കുകളിലൊതുക്കിയിരിക്കുന്നു. അധരവിപ്ലവംകൊണ്ട്‌ പാവങ്ങളെ ആവേശംകൊള്ളിക്കുകയും കാര്യത്തോടടുക്കുമ്പോള്‍ നിശ്ശബ്ദമായി മൂരാച്ചികളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ്‌ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌.

അതുകൊണ്ട്‌ അടിസ്ഥാനവര്‍ഗം മാടമ്പി നേതാക്കളുടെ പാര്‍ട്ടിയായ സി.പി.എമ്മില്‍ നിന്ന്‌ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌. വര്‍ഗീയമായി അവരെ കൂട്ടിപ്പിടിച്ച്‌ കൂടെനിര്‍ത്താന്‍ ചില വിഫലശ്രമങ്ങളൊക്കെ നവകമ്യൂണിസ്റ്റുകള്‍ നടത്താതിരിക്കുന്നില്ല. നേതാക്കളുടെ ഉള്ളിലിരുപ്പ്‌ കൂടെനടന്ന്‌ മനസ്സിലാക്കിയവര്‍ കെണിയില്‍ വീഴുന്നില്ലെന്നുമാത്രം. പാവപ്പെട്ടവര്‍ വിദ്യാഭ്യാസം ചെയ്ത്‌ നന്നാവുന്നതാണ്‌ കുഴപ്പമെന്ന്‌ സി.പി.എം നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്‌. അനാവശ്യ സമരങ്ങളില്‍ സാധുക്കളായ വിദ്യാര്‍ത്ഥികളെ അകപ്പെടുത്തി അവരുടെ ഭാവി തകര്‍ത്തും നിരന്തര സമരങ്ങള്‍കൊണ്ട്‌ കലാലയങ്ങള്‍ അടപ്പിച്ചും വിദ്യാഭ്യാസരംഗത്ത്‌ സി.പി.എം സൃഷ്ടിച്ച അരാജകത്വം ആരും മറന്നിട്ടില്ല. തൊഴിലധിഷ്ഠിത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‌ പ്രസക്തി വര്‍ധിക്കുകയും ഉപരിപഠനത്തിന്‌ പ്രവേശനപരീക്ഷകള്‍ വ്യാപകമാവുകയും ചെയ്തതോടെ കുട്ടിക്കുരങ്ങന്‍മാരെപ്പോലെ ചുടുചോറുവാരാന്‍ ഇന്നത്തെ ബോധമുള്ള വിദ്യാര്‍ത്ഥികളെ സി.പി.എമ്മിന്‌ ലഭിക്കാതായി. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ അണിചേരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണെന്ന്‌ ഈയിടെ അവര്‍ സ്വയം വിലയിരുത്തിയിരുന്നു.

 

ആ സംഘടനയിലൂടെ പ്രവര്‍ത്തിച്ച്‌ നേതൃത്വത്തില്‍ വരികയും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്ത എം.എ. ബേബി പാവപ്പെട്ട വിദ്യാര്‍ത്ഥികളോട്‌ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹം ചെറുതൊന്നുമല്ല. ഏറ്റവുമൊടുവില്‍ പ്രീ-മെട്രിക്‌ സ്കോളര്‍ഷിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിതരണം ചെയ്യാന്‍ അനുവദിച്ച 466 ലക്ഷം രൂപ ഒരുകൊല്ലമായിട്ടും വിതരണം ചെയ്തിട്ടില്ല. തിരുവനന്തപുരത്തെ ജഗതി എസ്‌.ബി.ടി ശാഖയില്‍ ഈ തുക നിക്ഷേപിച്ച്‌ സര്‍ക്കാര്‍ പലിശവാങ്ങിക്കൊണ്ടിരിക്കുകയാണ്‌. 1000 രൂപാ ക്രമത്തില്‍ സംസ്ഥാനത്തെ 46,347 കുട്ടികള്‍ക്ക്‌ കഴിഞ്ഞകൊല്ലം ലഭിക്കേണ്ട സ്കോളര്‍ഷിപ്പ്‌ തുകയാണിത്‌. അര്‍ഹരായ കുട്ടികളെല്ലാം ഉയര്‍ന്ന ക്ലാസ്സിലേക്ക്‌ കയറ്റം കിട്ടി പഠന സാഹചര്യം തന്നെ മാറിക്കഴിഞ്ഞു. തുക വിതരണം ചെയ്യാത്തതിന്‌ നീതിയുക്തമായ യാതൊരു മറുപടിയും ഇതേക്കുറിച്ച്‌ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച കുട്ടി അഹമ്മദ്‌ കുട്ടിയോട്‌ വിദ്യാഭ്യാസമന്ത്രിക്ക്‌ പറയാനില്ലായിരുന്നു. സ്കോളര്‍ഷിപ്പ്‌ തുക വിതരണം ചെയ്യേണ്ട സമയം കഴിഞ്ഞതിനെതുടര്‍ന്ന്‌ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ ബാങ്കില്‍ നിക്ഷേപിച്ചതെന്ന്‌ വിദ്യാഭ്യാസമന്ത്രി പറയുന്നു. യഥാസമയം തുക വിതരണം ചെയ്യാതിരുന്നത്‌ എന്തുകൊണ്ടെന്ന്‌ മന്ത്രി വെളിപ്പെടുത്തിയില്ല.

 

കേന്ദ്ര സഹായങ്ങള്‍ പലതും മുറപ്രകാരം ഉപയോഗിക്കാത്തതുകൊണ്ട്‌ ലാപ്സായിപ്പോകുന്നതിന്റെ നീണ്ടപട്ടിക ഇടതുസര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. അതുപോലൊരു അലസതയുടെയും പിടിപ്പുകേടിന്റെയും മാത്രം അനുഭവമല്ല വിദ്യാഭ്യാസ സഹായം തടഞ്ഞുവെച്ചതിന്‌ പിന്നില്‍. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിച്ചങ്ങ്‌ മിടുക്കന്‍മാരായാല്‍ പാര്‍ട്ടിക്ക്‌ അന്ധരായ അനുയായികളെ ലഭിക്കാതെപോകും. അതിനാല്‍ ഇവനൊന്നും അങ്ങനെ നന്നാവേണ്ടെന്ന ദ്രോഹബുദ്ധിയാണ്‌ ഇതിനുപിന്നിലെന്ന്‌ വിദ്യാഭ്യാസ വികസന, പരിഷ്കരണ കാര്യങ്ങളില്‍ ഇടതുസര്‍ക്കാര്‍ പുലര്‍ത്തുന്ന പൊതുനയത്തില്‍ നിന്ന്‌ ഏത്‌ മുയല്‍ക്കുഞ്ഞിനും മനസ്സിലാവും.
പ്രീ-മെട്രിക്‌ സ്കോളര്‍ഷിപ്പിന്‌ കഴിഞ്ഞകൊല്ലം 46,347 കുട്ടികളാണ്‌ കേരളത്തില്‍ അര്‍ഹത നേടിയതെങ്കില്‍ ഈ വര്‍ഷം 1,61,590 കുട്ടികള്‍ക്ക്‌ ഇതേ സ്കോളര്‍ഷിപ്പ്‌ ലഭിക്കേണ്ടതാണ്‌. പോയവര്‍ഷത്തെ തുക യഥാസമയം വിതരണം ചെയ്ത്‌ കേന്ദ്രത്തെ ഫണ്ടിന്റെ വിനിയോഗം അറിയിക്കാത്തതിനാല്‍ നടപ്പുവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ ലഭിക്കുമോയെന്ന്‌ വ്യക്തമല്ല. എന്തെങ്കിലും കാരണത്താല്‍ അത്‌ കിട്ടാതാകുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെന്നാകും സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ്‌. പണം തന്നില്ലെങ്കില്‍ കേന്ദ്രത്തെ പഴിചാരി രാഷ്ട്രീയ മുതലെടുപ്പും നടത്താം.


വിദ്യാഭ്യാസരംഗത്ത്‌ ദേശീയതലത്തില്‍ വമ്പിച്ച പരിഷ്കരണങ്ങള്‍ നടന്നുവരികയാണ്‌. പ്രൈമറി തലം മുതല്‍ ഗവേഷണ പഠനരംഗം വരെ നീളുന്ന മാറ്റത്തിന്റെ പ്രയോജനം കേരളത്തിലെ പുതിയ തലമുറയ്ക്ക്‌ യഥാവിധി ലഭിക്കണമെങ്കില്‍ ഇവിടുത്തെ ഗവണ്‍മെന്റിന്‌ താല്‍പര്യമുണ്ടാകണം. പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തിന്‌ നിയതമായ ഒരു വ്യവസ്ഥയും മാനദണ്ഡവും ഉണ്ടാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ശ്രമിച്ചിട്ട്‌ നടക്കാത്ത സര്‍ക്കാരാണ്‌ ഇവിടെയുള്ളത്‌. ലോകത്തിന്റെ ഗതിക്കും കാലത്തിന്‌ ഇണങ്ങിയതും ഭാവി സമൂഹത്തിന്‌ ഉപകരിക്കുന്നതുമായ പഠനപദ്ധതി തയ്യാറാക്കുന്നതിനുപകരം കാലഹരണപ്പെട്ട കമ്യൂണിസ്റ്റ്‌ തത്വശാസ്ത്രം പല രൂപഭാവങ്ങളോടെ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റുന്നതിനുള്ള തിരക്കിലാണ്‌ സര്‍ക്കാര്‍. അതിനുവേണ്ടി രൂപംകൊടുത്ത വിദ്യാഭ്യാസ കമ്മിറ്റികളും പരിഷ്കാര നിര്‍ദ്ദേശങ്ങളും പാഠപുസ്തക സമിതികളും സര്‍വകലാശാലാ ഭരണനേതൃത്വവും അടങ്ങിയ ഒരു പ്രാകൃത രാഷ്ട്രീയ സംവിധാനം കേരളത്തില്‍ ഇപ്പോള്‍ തേര്‍വാഴ്ച നടത്തുകയാണ്‌. ചിന്തിക്കുകയും സമൂഹത്തെ സ്നേഹിക്കുകയും ചെയ്യുന്നവരെ നൊമ്പരപ്പെടുത്തുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഭീകരതാണ്ഡവം. കേരളീയ സമൂഹത്തിനെതിരായ ഈ ഗൂഢാലോചന ജനങ്ങള്‍തന്നെ വിചാരിച്ചാലേ തകര്‍ക്കാനും അവസാനിപ്പിക്കാനും ആവൂ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls