| യുവ കോണ്‍ഗ്രസുകാര്‍ രാജ്യത്തോട് ചെയ്യേണ്ടത് |
|
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും അസ്തമയത്തോടടുക്കുകയാണ്. സംഭവിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വപ്നത്തിന്റെ മരണമാണ്. രണ്ട് പ്രസ്ഥാനങ്ങളെയും എതിരാളികള്‍ തകര്‍ത്തതല്ല; സ്വയം തകര്‍ത്തതാണ്. സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനുവേണ്ടിയുള്ള വലിയൊരു പ്രതീക്ഷ തന്നെയായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് നെഹ്‌റുവിരുദ്ധ മനോഭാവം പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു. പോകപ്പോകെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഇന്ത്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം നെഹ്‌റുവിരുദ്ധ രാഷ്ട്രീയമായിത്തീര്‍ന്നു. ആ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇന്നത്തെ ഉത്തരേന്ത്യയിലെ ജാതിപ്പാര്‍ട്ടികളായി പരിണമിച്ചത്. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരെ ചതിച്ചുപിടിച്ചടക്കി അവരെ ജോസഫ് സ്റ്റാലിന്റെ ചക്കിലിട്ടാട്ടി രൂപപ്പെടുത്തിയതാണല്ലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി.
ഈ രാഷ്ട്രീയം സ്വപ്നം കാണുന്ന ഒരു നേതാവാണ് രാഹുല്‍ഗാന്ധി. ഈ സ്വപ്നങ്ങളുടെ രാഷ്ട്രീയം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇതാണ് രാഹുലിന്റെ ഇന്ത്യന്‍ ദൗത്യം.ഇന്ത്യയിലെ ഏറ്റവും ഹീനനായ രാഷ്ട്രീയക്കാരന്‍ ബാല്‍ താക്കറെയെ ഈയിടെ രാഹുല്‍ഗാന്ധി നേരിട്ടത് ഇന്ത്യന്‍ യുവത്വത്തിന്റെ ഒരു വിജയം തന്നെയാണ്. ഇങ്ങനെ യൂത്ത് കോണ്‍ഗ്രസ് നേരിടേണ്ട കുറേ പ്രാദേശികപ്പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളുണ്ട് ഇന്ത്യയില്‍. മായാവതി, മുലായം സിംഗ്, ലാലു പ്രസാദ് യാദവ്, റാം വിലാസ് പാസ്വാന്‍, ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഒറീസ്സയിലെയും ജാതി നേതാക്കളായ സോഷ്യലിസ്റ്റ് ദളപതികള്‍, എന്തിന് കരുണാനിധിപോലും ഇക്കൂട്ടത്തില്‍ പെടുന്നു. പ്രാദേശികപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പഴയ നാട്ടുരാജാക്കന്മാരെപ്പോലെയാണിപ്പോള്‍ പെരുമാറുന്നത്. ഇവരുടെ സങ്കല്‍പത്തിലെ നാട്ടുരാജ്യങ്ങളാണ് പുതിയ സംസ്ഥാനവാദങ്ങള്‍. ബാല്‍ താക്കറെയെ നോക്കൂ. അദ്ദേഹത്തിന് മഹാരാഷ്ട്ര അദ്ദേഹം ഭരിക്കുന്ന ഒരു രാജ്യമായി മാറണം. മുംബൈ അതിന്റെ തലസ്ഥാനമായിരിക്കണം.
തന്റെ രാജ്യമായ മറാത്ത എന്റെ കാലശേഷം മകനും അനന്തരവനും ഭാഗിച്ചുകൊടുക്കണം. മകനും അനന്തരവനും മറാത്തയിലെ രണ്ടു സേനകളുടെ നായകന്മാരാണിപ്പോള്‍. ശിവാജി എന്ന ചരിത്രനായകനുചുറ്റും കെട്ടിപ്പടുത്ത പ്രാകൃതമായ വിശ്വാസങ്ങളുടെ കുതിരപ്പുറത്ത് മറാത്ത വാദത്തിന്റെ ഭ്രാന്തുപിടിച്ചോടുകയാണ് താക്കറെയുടെ മകനും അനന്തരവനും. കരുണാനിധിയുടെ കാര്യമോ? മുഖ്യമന്ത്രിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ ആണ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍. ഇതിന്റെ അര്‍ത്ഥം കരുണാനിധിയ്ക്കുശേഷം സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എന്നാണ്. കരുണാനിധിയുടെ മകളും മൂത്തമകനും ബന്ധുക്കളും പാര്‍ലമെന്റില്‍. മായാവതി ഉത്തര്‍പ്രദേശിലെ രാജ്ഞി. ജീവിച്ചിരിക്കുന്ന കാലത്തുതന്നെ നാടുനീളെ പ്രതിമയുണ്ടാക്കിവച്ചവരാണ് മായാവതിയും താക്കറെയും കരുണാനിധിയും.
ഇന്ത്യയിലെ പ്രാദേശികവാദങ്ങളോടും മാതൃഭാഷാഭിമാനത്തോടും മതങ്ങളോടും ഹിന്ദുമതത്തിലെ ജാതികളോടുമൊക്കെ യുദ്ധം പ്രഖ്യാപിക്കാന്‍ സമയമായി. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിന് തയ്യാറാവുകയില്ല. ജാതികളും മതങ്ങളും അവരുടെ വോട്ടു ബാങ്കുകളാണ്. പ്രാദേശികപ്പാര്‍ട്ടികള്‍ മുഴുക്കെയും ഹിന്ദുമതത്തിലെ ജാതികളുടെ ബലത്തിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ഒരു പരിധിയോളം മതേതര ജനാധിപത്യ ദേശീയപ്പാര്‍ട്ടികളെയും ഹിന്ദുമതത്തിലെ ജാതികള്‍ സ്വാധീനിക്കുന്നുണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയത്തെയും ജാതി രാഷ്ട്രീയത്തെയും നശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയ്ക്കുവേണ്ടി ഏറ്റെടുക്കേണ്ടത്. തല്‍ക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനെ ഏല്‍പിക്കുകയാണ് വേണ്ടത്. യുവത്വത്തിന്റെ സാഹസികതകൊണ്ടും കുമിഞ്ഞുയരുന്ന നന്മയുടെ സ്വപ്നങ്ങള്‍കൊണ്ടും മാത്രമേ ഇതിനെ നേരിടാനാവുകയുള്ളൂ. സമൂലമായ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് യൂത്ത് കോണ്‍ഗ്രസിനെ അഴിച്ചുവിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാവണം. അല്ലെങ്കില്‍ ഇന്ത്യയിലെ മതങ്ങളുടെയും ഹിന്ദുമതത്തിലെ ജാതികളുടെയും പ്രാകൃത ചിന്തയ്ക്ക് എഴുതിച്ചേര്‍ത്ത അടിക്കുറിപ്പുകളാവും ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലൂടെയും അധികാര രാഷ്ട്രീയം കൈയാളാന്‍ ഓടിക്കൂടിയ നേതാക്കന്മാര്‍ക്ക് ജനാധിപത്യഭരണസമ്പ്രദായം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ജനാധിപത്യം ഇന്ത്യയിലുണ്ടായതല്ല എന്നും അതൊരു ഇറക്കുമതിച്ചരക്കാണെന്നുമൊക്കെ ഈ നേതാക്കന്മാര്‍ക്ക് തോന്നുന്നുണ്ടാവണം. ഈ ഇറക്കുമതിച്ചരക്ക് എങ്ങോട്ടേക്കെങ്കിലും എന്നെന്നേക്കുമായി കയറ്റി അയക്കാനും ഇവര്‍ കൊതിക്കുന്നുണ്ടാവണം. ഇന്ത്യന്‍ ഭരണഘടനയും ആ ഭരണഘടനയുടെ സത്തയായ മതേതരത്വവും ഫെഡറലിസവും ജനാധിപത്യസങ്കല്‍പങ്ങളും അംഗീകരിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ഭരണം കയ്യാളാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള നമ്മുടെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഇപ്പോഴത്തെയും ലക്ഷ്യ പ്രഖ്യാപനം സോഷ്യലിസമാണ്. സോഷ്യലിസത്തിന്റെ ബ്രാന്റുകള്‍ മാറുന്നുവെന്നേയുള്ളൂ. ഈ ബ്രാന്റുകള്‍ പ്രയോഗിക്കുന്ന ചതി ജനങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കുന്നുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇ.വി ശ്രീധരന്‍ 
-°C 